---
title: "പശുക്കളിലെ ചര്‍മ്മ മുഴ: രോഗവും പ്രതിരോധവും "
english_title: "Cutaneous tumor in cattle: disease and prevention"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/92023/cutaneous-tumor-in-cattle-disease-and-prevention"
published_at: "2023-01-23T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ceafa73fb4d_OBIT_CARD_JPG.JPG"
keywords: []
---

# പശുക്കളിലെ ചര്‍മ്മ മുഴ: രോഗവും പ്രതിരോധവും 

> **Lead Summary:** ** പേരാമ്പ്ര: **ജില്ലയിലെ ക്ഷീര കര്‍ഷകരെ ആശങ്കയിലാക്കിയിരിക്കുകയാണ് പശുക്കളെ ബാധിക്കുന്ന സാംക്രമിക രോഗമായ ലംപി സ്‌കിന്‍ ഡിസീസ് അല്ലെങ്കില്‍ ചര്‍മ്മ മുഴ.

## Article Content

** പേരാമ്പ്ര: **ജില്ലയിലെ ക്ഷീര കര്‍ഷകരെ ആശങ്കയിലാക്കിയിരിക്കുകയാണ് പശുക്കളെ ബാധിക്കുന്ന സാംക്രമിക രോഗമായ ലംപി സ്‌കിന്‍ ഡിസീസ് അല്ലെങ്കില്‍ ചര്‍മ്മ മുഴ.

അതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെയും വാക്‌സിനേഷനിലൂടെയും രോഗം വ്യാപിക്കുന്നത് തടയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് ജില്ലാ മൃഗ സംരക്ഷണ വകുപ്പ് കര്‍ഷകര്‍ക്ക് നല്‍കുന്ന നിര്‍ദേശം.

3 മുതല്‍ 5 സെന്റിമീറ്റര്‍ വ്യത്യാസത്തില്‍ ചെറിയ തടിപ്പാണ് ആദ്യ ലക്ഷണമായി പശുക്കളില്‍ കണ്ടുവരുന്നത്. കാലക്രമേണ ഇത് വലിയ മുഴയായും പിന്നീട് വ്രണമായും മാറാറുണ്ട്. പനി, തീറ്റ എടുക്കാനുള്ള വിമുഖത എന്നിവയും ഉണ്ടായേക്കാം.

പാലുല്‍പാദനം 30% വരെ കുറയാനും സാധ്യതയുണ്ട്. പോക്‌സ് ഇനത്തില്‍പ്പെടുന്ന വൈറസാണ് രോഗകാരി. കൊതുക്, ഈച്ച, ഉണ്ണി തുടങ്ങിയ ജീവികളിലൂടെയാണ് വൈറസ് പശുക്കളിലെത്തുക. ഇവയുടെ സാന്നിധ്യം ഒഴിവാക്കുകയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്.

പെട്ടെന്ന് പകരുന്ന വൈറല്‍ അസുഖമായതിനാല്‍ രോഗം ബാധിച്ച പശുക്കളെ പെട്ടെന്ന് തന്നെ മാറ്റിനിര്‍ത്തി മറ്റ് ഉരുക്കളെ പരിചരിക്കണം. മുഴ വ്രണമായാല്‍ ബാക്ടീരിയബാധ ഒഴിവാക്കാനായി കരുതല്‍ വേണം.

ആവശ്യമെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആന്റിബയോട്ടിക് നല്‍കാം. മുറിവുകളില്‍ പുഴുക്കള്‍ വരാതിരിക്കാന്‍ കരുതലും ശ്രദ്ധയും ആവശ്യമാണ്. ദിവസവും തൊഴുത്തും പരിസരവും അണുനാശിനികള്‍ ഉപയോഗിച്ച് വൃത്തിയാക്കണം.

രോഗബാധയുള്ള സ്ഥലങ്ങളില്‍ ഉരുക്കളുടെ വില്പന, സഞ്ചാരം, കാലിക്കടത്ത്, കന്നുകാലി പ്രദര്‍ശനം എന്നിവ നിയന്ത്രിക്കണം. ചര്‍മ്മപുഴ രോഗത്തിനെതിരായി പ്രതിരോധ വാക്‌സിന്‍ നല്‍കുക.

നാലു മാസത്തിനു മുകളില്‍ പ്രായമുള്ള, മുന്‍പ് രോഗം വന്നതും പ്രതിരോധ മരുന്നുകള്‍ സ്വീകരിച്ചതുമായ ഉരുക്കളൊഴികെ എല്ലാത്തിനും പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/92023/cutaneous-tumor-in-cattle-disease-and-prevention)