കോഴിക്കോട്: സ്മിതയുടെ വര ആകാശം തൊടും, മേഘങ്ങളോട് കഥ പറയും. എയർ ഇന്ത്യയുടെ വിമാനം തലയ്ക്ക് മുകളിലൂടെ പറക്കുമ്പോൾ കോഴിക്കോട്ടെ കാവിൽ എന്ന ചെറു ഗ്രാമത്തിലെ നിവാസികൾക്ക് അഭിമാനിക്കാം.
കൊച്ചി മുസിരിസ് ബിനാലെയുടെ പെരുമായുമായി പറക്കുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ ബോയിങ് 737 - 800 വിമാനത്തിന്റെ വാലറ്റത്ത് നല്കിയിരിക്കുന്നത് സ്മിതയുടെ ചിത്രങ്ങളാണ്.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ഇന്ത്യ എഞ്ചിനീയറിങ് സർവീസസ് ലിമിറ്റഡിന്റെ ഹാങ്കറിൽ നടന്ന ചടങ്ങിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് ചിത്രം അനാച്ഛാദനം ചെയ്തത്.
കോഴിക്കോട് നടുവണ്ണൂരിനടുത്തെ കാവിൽ ഗ്രാമത്തിലാണ് ജി.എസ്. സ്മിതയുടെ ജനനം. ചെറിയ കുട്ടിയായിരുയിക്കുമ്പോഴേ സ്മിതയിൽ വരയോടുള്ള താൽപര്യമുണ്ടായിരുന്നു. കലാകാരനായ അച്ഛൻ ഗോപാലൻ സ്മിതയുടെ ചിത്രരചനയോടുള്ള അഭിനിവേശത്തെ സ്വാധീനിച്ചിരുന്നു.
സ്വയം ആർജ്ജിച്ചെടുത്ത കഴിവുകളാണ് സ്മിതയിലെ കലാകാരിയെ മുന്നോട്ട് നയിക്കുന്നത്. പാതി വഴിയിൽ നിർത്തിയ ചിത്ര രചനയുമായി ബന്ധപ്പെട്ട ഡിപ്ലോമ കോഴ്സ് ചെയ്തുവെന്നതൊഴികെ സാങ്കേതികമായി ചിത്രരചന പഠിക്കാതെയാണ് സ്മിത വിസ്മയിപ്പിക്കുന്ന ചിത്രങ്ങൾക്ക് ജന്മം നല്കുന്നത്.
മനസിൽ സാങ്കല്പികമായി തീർത്ത പ്രദേശം, നമുക്ക് ചുറ്റും കാണുന്ന ചെറു ജീവകൾ, ഓന്തുകൾ അവയിലൂടെ പറയുന്ന ചെറിയ-വലിയ കാര്യങ്ങൾ. ഭൂമിയും, പ്രകൃതിയും സമൂഹവും ഉൾപ്പെടെ നമുക്ക് ചുറ്റും കാണുന്ന പലതിനോടും സംവദിക്കുന്ന ജീവനുള്ള ചിത്രങ്ങളാണ് സ്മിതയുടേത്.
പതിനഞ്ച് വർഷമായി ചിത്ര രചനയെ പ്രൊഫഷനായ് സമീപിക്കുന്ന ചിത്രകാരി അക്രലിക്കിലൂടെയും, ഓയിൽ പെയ്ന്റിലൂടെയുമാണ് തന്റെ ആശയങ്ങളെ പ്രതിഫലിപ്പിക്കുന്നത്.
എറണാകുളത്തും കോഴിക്കോടും ചിത്ര പ്രദർശങ്ങൾ നടത്തിയ സ്മിത ഡെൽഹി,ബോംബേ, അസർബൈജാൻ തുടങ്ങിയവിടങ്ങളിൽ ചിത്ര രചന ക്യാമ്പുകളിലും പങ്കെടുത്തിട്ടുണ്ട്. 2016 ൽ കേരള ലളിതകലാ അക്കാദമിയുടെ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
Lines that touch the sky; Boeing 737-800 of Air India Express proudly flying with Smita-Kochi Musiris Biennale