ചെറുവണ്ണൂർ: ചെറുവണ്ണൂർ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി പി. മുംതാസ്. വനിതലീഗ് പഞ്ചായത്ത് സെക്രട്ടറിയായ മുംതാസ് കക്കറമുക്ക് സ്വദേശിനിയാണ്.
കഴിഞ്ഞ 10 വർഷത്തിലധികമായി പൊതുപ്രവർത്തന രംഗത്തുള്ള മുംതാസ് ലഹരി നിർമ്മാർജ്ജന സമിതി പേരാമ്പ്ര മണ്ഡലം വനിത വിംങ്ങ് പ്രസിഡന്റ് കൂടിയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 11 വോട്ടിന് കൈവിട്ടു പോയ വാർഡ് പിടിച്ചെടുക്കുന്നതിലൂടെ നറുക്കെടുപ്പിലൂടെ ലഭിച്ച പഞ്ചായത്ത് ഭരണം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് യുഡിഎഫ് 35കാരിയായ മുംതാസിനെ രംഗത്തിറക്കിയിരിക്കുന്നത്.
പ്രവാസിയായ കോരച്ചാലിൽ മുഹമ്മദിന്റെ ഭാര്യയും വിദ്യാർത്ഥികളായ മൂന്ന് മക്കളുടെ മാതാവുമാണ്. കക്കറ മുക്കിൽ നടന്ന യുഡിഎഫ് കൺവെൻഷനിൽ പാണക്കാട് റഷീദലി ശിഹാബ് തങ്ങളാണ് മുംതാസിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.കൺവെൻഷൻ ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.
ഇരു മുന്നണികൾക്കും നിർണ്ണായകമാകുന്ന വാർഡ് ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 28നാണ്. മാർച്ച് ഒന്നിന് വോട്ടെണും.
ചെറുവണ്ണൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഐ യിലെ ഇ.ടി. രാധ അസുഖ ബാധിതയായി മരണപ്പെട്ടതിനെ തുടർന്നാണ് 15-ാം വാർഡായ കക്കറമുക്കിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത് .
Cheruvannur Panchayat by-election; UDF candidate P. Mumtaz