---
title: "വിവേക സമ്പുഷ്ടവും വിവേചനരഹിതവുമായ ജനാധിപത്യ പാഠങ്ങള്‍ പുതുതലമുറ ഉള്‍ക്കൊള്ളണം -പാറക്കല്‍ അബ്ദുള്ള"
english_title: "The new generation should learn democratic lessons rich in wisdom and non-discrimination - Parakkal Abdullah perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/95552/the-new-generation-should-learn-democratic-lessons-rich-in-wisdom-and-non-discrimination-parakkal-abdullah-perambra"
published_at: "2023-02-08T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e344a38c4b4_1a11.jpg"
keywords: []
---

# വിവേക സമ്പുഷ്ടവും വിവേചനരഹിതവുമായ ജനാധിപത്യ പാഠങ്ങള്‍ പുതുതലമുറ ഉള്‍ക്കൊള്ളണം -പാറക്കല്‍ അബ്ദുള്ള

> **Lead Summary:** ** പാലേരി : **കുറ്റ്യാടി ഐഡിയല്‍ കോളേജ് ഓഫ് ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സിലെ 2022 23 വര്‍ഷത്തേക്കുള്ള കോളേജ് യൂണിയന്‍ ഭാരവാഹികള്‍ക്ക് സത്യപ്രതിജ്ഞ ചെയ്തു.

## Article Content

** പാലേരി : **കുറ്റ്യാടി ഐഡിയല്‍ കോളേജ് ഓഫ് ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സിലെ 2022 23 വര്‍ഷത്തേക്കുള്ള കോളേജ് യൂണിയന്‍ ഭാരവാഹികള്‍ക്ക് സത്യപ്രതിജ്ഞ ചെയ്തു.

സത്യപ്രതിജ്ഞാ ചടങ്ങ് കുറ്റ്യാടി നിയോജക മണ്ഡലം മുന്‍ എംഎല്‍എ പാറക്കല്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. വിവേകത്തിലധിഷ്ഠിതവും, ഭയരഹിതവും, വിവേചനമില്ലാത്തതുമായ ജനാധിപത്യ പാഠങ്ങള്‍ പുതുതലമുറ ഉള്‍ക്കൊള്ളാന്‍ തയ്യാറാകണമെന്ന് മുന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു.

ലോക ജനാധിപത്യ ചരിത്രത്തിലെ സമുന്നതരായ ഭരണാധികാരികളുടെ ഭരണ മാതൃകകള്‍ പിന്‍പറ്റിയാവണം സംഘടനകളും, പ്രസ്ഥാനങ്ങളും, സ്ഥാപനങ്ങളും മുന്നോട്ടു പോകേണ്ടതെന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ മുന്നോട്ടു വരുമ്പോള്‍ മാത്രമേ സാമൂഹ്യ നേതൃത്വത്തിന്റെ കടമ പൂര്‍ത്തിയാവുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യൂണിയന്‍ ചെയര്‍മാന്‍ എ.പി. മിര്‍സാബ് അധ്യക്ഷത വഹിച്ചു. കുറ്റ്യാടി ഐഡിയല്‍ കോളേജ് ഓഫ് ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സിലെ പ്രിന്‍സിപ്പള്‍ ഡോ: പി.എം. ജവഹര്‍ലാല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

കോളേജ് മാനേജിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എസ് അബ്ദുള്‍ കബീര്‍ ആമുഖഭാഷണവും, പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തക റിസ്വാന ഷെറിന്‍ മുഖ്യപ്രഭാഷണവും നടത്തി. ബി കോം രണ്ടാം വര്‍ഷ വിദ്യാര്‍ഥി മുനീഫ് വരച്ച പാറക്കല്‍ അബ്ദുള്ളയുടെ ഛായാ ചിത്രം പ്രിന്‍സിപ്പള്‍ മുന്‍ എംഎല്‍എക്ക് കൈമാറി.

കോളേജ് വൈസ് പ്രിന്‍സിപ്പള്‍ കെ. നസീം, മാനേജിങ്ങ് കമ്മിറ്റി സെക്രട്ടറി ടി.എം. മൊയ്തു, സ്റ്റാഫ് സെക്രട്ടറി കെ.പി. അരുണ്‍, സീനിയര്‍ അധ്യാപകന്‍ ഒ.പി. അനന്തന്‍, യൂണിയന്‍ ഉപദേശകരായ എന്‍.എം. ഫാത്തിമ, ആരിഫ് വലകെട്ട്, ദില്‍ഷാദ് പേരാമ്പ്ര, യൂണിയന്‍ വൈസ് ചെയര്‍മാന്‍ ഹനീന റഹ് മാന്‍ എന്നിവര്‍ സംസാരിച്ചു.

ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ എന്നിവര്‍ക്കു പുറമേ ജനറല്‍ സെക്രട്ടറി അബ്ദുള്‍ മുസാബിര്‍, ജോയിന്റ് സെക്രട്ടറി നസ്വീഹ, യുയുസി മുഹമ്മദ് റസല്‍, മാഗസിന്‍ എഡിറ്റര്‍ നജ ഫാത്തിമ , ഫൈന്‍ ആര്‍ട്‌സ് ക്ലബ് സെക്രട്ടറി പി. ഫായിസ്, ജനറല്‍ ക്യാപ്റ്റന്‍ കെ. മുഹദ് എന്നിവര്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.

കോഴിക്കോട് ജില്ലാ വോളി ബോള്‍ സീനിയര്‍ ടീമിന്റെ പരിശീലകനായി നിയമിച്ച ഐഡിയല്‍ കോളേജിലെ കായികാധ്യാപകന്‍ ടി.പി അന്‍സാര്‍, ജില്ലാ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട താരങ്ങള്‍ മുഹമ്മദ് സവാഫ്, പി.എന്‍. അംഷീര്‍ എന്നിവരെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു.

ഫൈന്‍ ആര്‍ട്ട്‌സ് ക്ലബ്ബിന്റെ ആഘോഷ പ്രവര്‍ത്തനങ്ങള്‍ പ്രശസ്ത സംഗീതജ്ഞന്‍ ബാദുഷ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് എസ്.വി. സല്‍മാന്‍, ബി.എം. ബാദുഷ എന്നിവര്‍ നയിച്ച സംഗീത സന്ധ്യയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/95552/the-new-generation-should-learn-democratic-lessons-rich-in-wisdom-and-non-discrimination-parakkal-abdullah-perambra)