---
title: "യൂനിവേഴ്സിറ്റി റീജിയണല്‍ സെന്റര്‍ ഭൂമി രേഖകള്‍ കൈമാറല്‍ നാളെ "
english_title: "Transfer of land documents to University Regional Center tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/98096/transfer-of-land-documents-to-university-regional-center-tomorrow"
published_at: "2023-02-19T09:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f1a6fd1910b_OBIT_CARD_JPG.JPG"
keywords: []
---

# യൂനിവേഴ്സിറ്റി റീജിയണല്‍ സെന്റര്‍ ഭൂമി രേഖകള്‍ കൈമാറല്‍ നാളെ 

> **Lead Summary:** **പേരാമ്പ്ര**: നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ ആരംഭിക്കുന്ന യൂനിവേഴ്സിറ്റി ഓഫ് കാലിക്കറ്റിന്റെ റീജിയണല്‍ സെന്റര്‍ സ്ഥാപിക്കുന്നതിനായുള്ള ഭൂമിയുടെ രേഖകള്‍ ഫെബ്രുവരി 20ന് വൈകീട്ട് 3 മണിക്ക് കൈമാറുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര**: നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ ആരംഭിക്കുന്ന യൂനിവേഴ്സിറ്റി ഓഫ് കാലിക്കറ്റിന്റെ റീജിയണല്‍ സെന്റര്‍ സ്ഥാപിക്കുന്നതിനായുള്ള ഭൂമിയുടെ രേഖകള്‍ ഫെബ്രുവരി 20ന് വൈകീട്ട് 3 മണിക്ക് കൈമാറുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: ആര്‍. ബിന്ദു കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ: എം.കെ. ജയരാജിന് ആണ് കൈമാറുക. ടി.പി. രാമകൃഷ്ണന്റെ അദ്ധ്യക്ഷത വഹിക്കും. എം.പി. കെ. മുരളീധരന്‍ മുഖ്യ അതിഥിയായിരിക്കും.

യൂനിവേഴ്സിറ്റി ഓഫ് കാലിക്കറ്റിന്റെ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഓരോ അക്കാദമിക് റീജിയണല്‍ സെന്ററുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നു.

ഇതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ നൊച്ചാട് ഗ്രാമപഞ്ചായത്ത് അക്കാദമിക്ക് റീജിയണല്‍ സെന്റര്‍ തുടങ്ങാനാവശ്യമായ അഞ്ച് ഏക്കര്‍ ഭൂമി പഞ്ചായത്ത് പരിധിയില്‍ ലഭ്യമാക്കാമെന്ന് യൂണിവേഴ്സിറ്റിയെ അറിയിക്കുകയും, ഇതിനായി ഒരു ട്രസ്റ്റ് രൂപീകരിച്ച് വിഭവസമാഹരണം ആരംഭിക്കുകയും ചെയ്തിരുന്നു.

പേരാമ്പ്രയിലെ എം.എല്‍.എ.യും അന്നത്തെ തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രിയുമായിരുന്ന ടി.പി. രാമകൃഷ്ണന്‍ സര്‍വ്വാത്മനാ ഈ ഉദ്യമത്തോടൊപ്പം നില്‍ക്കുകയുണ്ടായി.

കോവിഡ് മഹാമാരി ചില തടസ്സങ്ങള്‍ ഉണ്ടാക്കിയെങ്കിലും ഭൂമിക്കാവശ്യമായ 1.5 കോടിയോളം രൂപ സമാഹരിക്കുകയും 2022 ല്‍ റീജിയണല്‍ സെന്റര്‍ സ്ഥാപിക്കുന്നതിനായി കോഴിക്കോട് കുറ്റ്യാടി സംസ്ഥാന പാതയില്‍ ചാലിക്കരയില്‍ ഭൂമി വാങ്ങിക്കുകയും ചെയ്തിട്ടുണ്ട്.

2021 മാര്‍ച്ച് 15ന് 35 വിദ്യാര്‍ത്ഥികളുമായി ആദ്യബാച്ച് MSW Programme ആരംഭിക്കുകയും ചെയ്തു. ഇന്ന് രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ Directorate of Self-Financing Courses നു കീഴില്‍ MSW, BSW, M.Sc. Computer Science, B.Sc. IT, BCA പ്രോഗ്രാമുകളിലായി 165 വിദ്യാര്‍ത്ഥികള്‍ ഈ സ്ഥാപനത്തില്‍ പഠനം നടത്തിവരുന്നു.

ക്ലാസ് റൂമുകളിലെ ഉന്നത നിലവാരമുള്ള ഫര്‍ണിച്ചറുകളും രണ്ട് വര്‍ഷം കൊണ്ട് തന്നെ 2000 ല്‍ അധികം പുസ്തകങ്ങള്‍ അടങ്ങിയ ലൈബ്രറി സൗകര്യവും ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്ന വാടകക്കെട്ടിടത്തിലുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/98096/transfer-of-land-documents-to-university-regional-center-tomorrow)