---
title: "റോഡ് നവീകരണ പ്രവര്‍ത്തിനടക്കുന്ന പന്തിരിക്കരയില്‍ അപകടം പതിവാകുന്നു "
english_title: "Accidents are common in Panthirikara where the road renovation work is going on"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/98641/accidents-are-common-in-panthirikara-where-the-road-renovation-work-is-going-on"
published_at: "2023-02-21T18:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f4c0be53c34_1_road.jpg"
keywords: []
---

# റോഡ് നവീകരണ പ്രവര്‍ത്തിനടക്കുന്ന പന്തിരിക്കരയില്‍ അപകടം പതിവാകുന്നു 

> **Lead Summary:** **പന്തിരിക്കര : **റോഡ് നവീകരണ പ്രവര്‍ത്തിനടക്കുന്ന കടിയങ്ങാട് പൂഴിത്തോട് റോഡില്‍ പന്തിരിക്കരയില്‍ അപകടം പതിവാകുന്നു.

## Article Content

**പന്തിരിക്കര : **റോഡ് നവീകരണ പ്രവര്‍ത്തിനടക്കുന്ന കടിയങ്ങാട് പൂഴിത്തോട് റോഡില്‍ പന്തിരിക്കരയില്‍ അപകടം പതിവാകുന്നു.

റോഡ് പലയിടത്തും കുഴിച്ച നിലയിലുള്ളതാണ് അപകട കാരണം. റോഡില്‍ മെറ്റല്‍ ചിതറി കിടക്കുന്നത് ചെറുവാഹന യാത്രക്കാരെ അപകടത്തില്‍ പെടുത്തുന്നു.

പന്തിരിക്കര ചവറം മൂഴി റോഡ് ജംഗ്ഷനിലാണ് അപകടം പതിവായിരിക്കുന്നത്. ഇവിടെ പ്രധാന റോഡിലുള്ള ഗര്‍ത്തത്തില്‍ ഇറങ്ങുന്ന ഇരുചക്ര വാഹനങ്ങളാണ് അപകടത്തില്‍ പെടുന്നത്.

 സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ നിത്യേനയെന്നോണം ഇവിടെ അപകടത്തില്‍ പെടുന്നുണ്ട്. പിഞ്ചുകുഞ്ഞുങ്ങളെയും കൊണ്ട് പോലും ഇവിടെ ഇരുചക്ര വാഹനങ്ങള്‍ മറിഞ്ഞ് വീണിട്ടുണ്ട്. ഭാഗ്യം കൊണ്ട് മാത്രമാണ് പലരും ഗുരുതര പരുക്കുകളേല്‍ക്കാതെ രക്ഷപ്പെടുന്നത്.

റോഡ് ആരംഭിക്കുന്ന കടിയങ്ങാട് സംസ്ഥാന പാതയില്‍ നിന്നും പൂഴിത്തോട് റോഡിലേക്ക് പ്രവേശിക്കുന്ന കലിങ്കിന്റെ പണി നടന്ന ഭാഗത്ത് ഇതുപോലെ റോഡില്‍ മെറ്റല്‍ നിരന്ന് കിടക്കുന്നത് അപകടത്തിന് കാരണമാവുന്നുണ്ട്.

ഇവിടെ റോഡ് നവീകരണ പ്രവര്‍ത്തി ഇഴഞ്ഞുനീങ്ങുകയാണ്. റോഡ് നവീകരണ പ്രവര്‍ത്തി ആരംഭിച്ചതോടെ നിലവിലെ റോഡ് കുണ്ടും കുഴിയുമായി ഗതാഗത യോഗ്യമല്ലാതായിരിക്കയാണ്.

റോഡ് നവീകരണ പ്രവര്‍ത്തി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ഇത്തരം അപകടങ്ങള്‍ വിളിച്ചു വരുത്തുന്ന കുഴികള്‍ നികത്തി റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെയും വാഹന ഉടമകളുടെയും ആവശ്യം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/98641/accidents-are-common-in-panthirikara-where-the-road-renovation-work-is-going-on)