---
title: "ഹരിത വിദ്യാലയം റിയാലിറ്റി ഷോ; നൊച്ചാട് സ്‌കൂള്‍ ഫൈനല്‍ റൗണ്ടില്‍ "
english_title: "Harita Vidyalayam reality show; Nochad School in the final round"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/98685/harita-vidyalayam-reality-show-nochad-school-in-the-final-round"
published_at: "2023-02-21T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f4e7e6eb500_OBIT_CARD_JPG.JPG"
keywords: []
---

# ഹരിത വിദ്യാലയം റിയാലിറ്റി ഷോ; നൊച്ചാട് സ്‌കൂള്‍ ഫൈനല്‍ റൗണ്ടില്‍ 

> **Lead Summary:** **പേരാമ്പ്ര: **സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ മികവുകള്‍ പങ്കു വെക്കുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ ഫൈനല്‍ റൗണ്ടിലേക്ക് നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ തെരഞ്ഞെടുക്കപ്പെട്ടു.

## Article Content

**പേരാമ്പ്ര: **സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ മികവുകള്‍ പങ്കു വെക്കുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ ഫൈനല്‍ റൗണ്ടിലേക്ക് നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ തെരഞ്ഞെടുക്കപ്പെട്ടു.

കൈറ്റ്, സിഡിറ്റ് എന്നിവയുടെ സഹകരണത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പാണ് റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നത്. മികച്ച പാഠ്യ- പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങള്‍, കോവിഡ് കാലത്ത് നടത്തിയ ജി സ്വീറ്റ് പഠന മാതൃക, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ചെങ്ങോട് മല സംരക്ഷണ പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം, വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുന്ന ടാലന്റ് ലാബ്, ജൂനിയര്‍ സിവില്‍ സര്‍വ്വീസ് അക്കാദമി, സാമൂഹ്യ പ്രതിബദ്ധത തെളിയിച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ഐ.ടി. സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള പഠനം, വിദ്യാര്‍ത്ഥികളുടെ സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യമാക്കി നടപ്പിലാക്കിയ ചങ്ക് പദ്ധതി, കായിക ക്ഷമത ഉറപ്പു വരുത്തുന്ന പുലര്‍കാലം പദ്ധതി, കോഹ ഡിജിറ്റല്‍ ലൈബ്രറി, സ്‌കൂളിന് ലഭിച്ച നിരവധി അംഗീകാരങ്ങള്‍ തുടങ്ങിയവ പരിഗണിച്ചാണ് സ്‌കൂളിനെ ഫൈനല്‍ റൗണ്ടിലേക്ക് തെരഞ്ഞെടുത്തത്.

തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വെച്ച് നടന്ന ഫ്‌ലോര്‍ ഷൂട്ടിലുടെയും വിവിധ ഘട്ടങ്ങളിലായ് സ്‌കൂള്‍ നേരിട്ട് സന്ദര്‍ശിച്ചുമാണ് ജൂറി അംഗങ്ങള്‍ സ്‌കൂളിന്റെ മികവുകള്‍ വിധി നിര്‍ണ്ണയം നടത്തിയത്.

കോഴിക്കോട് ജില്ലയില്‍ നിന്ന് നൊച്ചാട് സ്‌കൂള്‍ മാത്രമാണ് ഫൈനല്‍ റൗണ്ടിലെത്തിയത്. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഈ വര്‍ഷം നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിരുന്നു.

അഖില കേരള വായനമത്സരത്തില്‍ എട്ടാം തരം വിദ്യാര്‍ത്ഥി നീത സിതാര സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടി. സ്‌കൂള്‍ കലോത്സവത്തില്‍ സബ് ജില്ലാ ചാമ്പ്യന്‍ പട്ടവും വിവിധ ക്വിസ് മത്സരങ്ങളില്‍ സമ്മാനങ്ങളും കരസ്ഥമാക്കി.

സ്‌കൂള്‍ വിക്കി പുരസ്‌കാരം, ലിറ്റില്‍ കൈറ്റ്‌സ് പുരസ്‌കാരം, മികച്ച പരിസ്ഥിതി ക്ലബ്ബിനുള്ള പുരസ്‌കാരം, വിവിധ പത്രങ്ങള്‍ നടത്തിയ മത്സരങ്ങളില്‍ ജില്ലാതല പുരസ്‌കാരം തുടങ്ങിയവ സ്‌കൂളിന് ലഭിച്ചിട്ടുണ്ട്.

സ്‌കൂളിലെ അദ്ധ്യാപകനായ നസീര്‍ നൊച്ചാടിന് ഗുരു ശ്രേഷ്ഠ അവാര്‍ഡ്, നാഷന്‍ ബില്‍ഡര്‍ അവാര്‍ഡ്, ജെ. മുഹമദ് റാഫി സ്മാരക അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/98685/harita-vidyalayam-reality-show-nochad-school-in-the-final-round)