---
title: "കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവം മാര്‍ച്ച് 31 ന് "
english_title: "Kaliyatta Mahotsavam at Kollam Pisharikav Temple on 31st March"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/98824/kaliyatta-mahotsavam-at-kollam-pisharikav-temple-on-31st-march"
published_at: "2023-02-22T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f5cf67d758e_1_pishari.jpg"
keywords: []
---

# കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവം മാര്‍ച്ച് 31 ന് 

> **Lead Summary:** **കൊയിലാണ്ടി: **മലബാറിലെ ഏറ്റവും കുടുതല്‍ ജനങ്ങള്‍ പങ്കെടുക്കുന്ന ക്ഷേത്രോത്സവമായ പിഷാരികാവിലെ കാളിയാട്ട മഹോത്സവം മാര്‍ച്ച് 31 ന് നടത്തും.

## Article Content

**കൊയിലാണ്ടി: **മലബാറിലെ ഏറ്റവും കുടുതല്‍ ജനങ്ങള്‍ പങ്കെടുക്കുന്ന ക്ഷേത്രോത്സവമായ പിഷാരികാവിലെ കാളിയാട്ട മഹോത്സവം മാര്‍ച്ച് 31 ന് നടത്തും.

മാര്‍ച്ച് 24 ന് ഉത്സവം കൊടിയേറും. മാര്‍ച്ച് 29 ന് ചെറിയ വിളക്കും 30 ന് വലിയ വിളക്കും നടക്കുന്നതാണ്. ഷാരടി കുടുംബാംഗമായ ബാലകൃഷ്ണ പിഷാരടിയാണ് കാളിയാട്ടത്തിന്റെ തിയ്യതി അറിയിച്ചത്.

പിഷാരികാവിലെ വര്‍ഷാന്ത ഉത്സവമാണ് കാളിയാട്ട മഹോത്സവം എന്ന പേരില്‍ അറിയപ്പെടുന്നത്. ഉത്സവം മീന മാസത്തില്‍ തന്നെ നടത്തണമെന്നല്ലാതെ നിശ്ചിത ദിവസം തന്നെ നിശ്ചിത നാളില്‍ നടത്തണമെന്ന് നിര്‍ബന്ധമില്ല. അത് ഓരോ കൊല്ലവും നിശ്ചയിക്കുകയാണ് പതിവ്.

ചൊവ്വാഴ്ച്ച കാളിയാട്ടം കുറിക്കല്‍ ചടങ്ങ് നടന്നു. പ്രഭാത പൂജയ്ക്ക് ശേഷം ഒമ്പതു മണിയോടെ പൊറ്റമ്മല്‍ നമ്പീശനായ പൊറ്റമ്മല്‍ ഉണ്ണിക്കൃഷ്ണന്‍ നമ്പീശന്റെ കാര്‍മ്മികത്വത്തിലാണ് കളിയാട്ടം കുറിച്ചത്.

ക്ഷേത്ര സ്ഥാപകരായ കാരണവന്മാരുടെ തറയില്‍ വെച്ച് ഊരാളന്മാരുടെ സാന്നിദ്ധ്യത്തില്‍ പ്രശ്‌നം വെച്ചാണ് കാളിയാട്ടത്തിന്റെ തിയ്യതി കുറിച്ചത്.

ചടങ്ങില്‍ പൊറ്റമ്മല്‍ ഉണ്ണിക്കൃഷ്ണന്‍ നമ്പീശന്‍, ശശി കുമാരന്‍ നമ്പീശന്‍, ചെയര്‍മാന്‍ കൊട്ടിലകത്ത് ബാലന്‍ നായര്‍, കീഴയില്‍ ബാലന്‍ നായര്‍, എക്‌സിക്യൂട്ടിവ് ഓഫീസര്‍ എ. ജഗദീഷ് പ്രസാദ്, പാരമ്പര്യ ട്രസ്റ്റിമാരായ എളയടത്ത് വേണുഗോപാല്‍, മുണ്ടക്കല്‍ ഉണ്ണികൃഷ്ണന്‍ നായര്‍, പുനത്തില്‍ നാരായണന്‍ കുട്ടി നായര്‍, ഈച്ചരാട്ടില്‍ അപ്പുക്കുട്ടി നായര്‍ എന്നിവര്‍ പങ്കെടുത്തു.

കളിയാട്ടം കുറിക്കല്‍ ചടങ്ങ് നടത്തുന്നത് കുംഭ മാസത്തിലും കാളിയാട്ടം മീന മാസത്തിലായിരിക്കും നടത്തുക. ചേമഞ്ചേരിയിലുളള പൊറ്റമ്മല് കുടുംബത്തിലെ കാരണവരായ നമ്പീശനാണ് കാളിയാട്ടം കുറിക്കല്‍ ചടങ്ങ് നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/98824/kaliyatta-mahotsavam-at-kollam-pisharikav-temple-on-31st-march)