പേരാമ്പ്ര: പേരാമ്പ്ര ചെമ്പ്ര റോഡില്‍ ചെമ്പ്ര പാലത്തിനോട് ചേര്‍ന്നു റോഡില്‍ വലിയ കുഴി രൂപപ്പെട്ടത് പൊതുമരാമത്ത് അധികൃതര്‍ സന്ദര്‍ശിച്ചു.
അസി. എഞ്ചിനിയര്‍ (പാലങ്ങള്‍) കെ. റീജ, അസി. എഞ്ചിനിയര്‍ (റോഡ്) ഇ.എ. യൂസഫ്, ഓവര്‍സിയര്‍ ടി. ബീന എന്നിവരുടെ നേതൃത്വത്തിലാണ് പാലത്തില്‍ വിള്ളലുണ്ടായ ഭാഗം സന്ദര്‍ശിച്ചത്.
പാലത്തിന് കേടുപാടില്ലെന്നും പാലത്തിന് പുറത്ത് റോഡിനടിയിലെ മണ്ണിലാണ് ഗര്‍ത്തം രൂപപ്പെട്ടതെന്നും ഉടന്‍ അറ്റക്കുറ്റപണി നടത്തുമെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചു.
പാലത്തിനടിയില്‍ വന്യജീവികളായ മുള്ളന്‍പന്നി, ഉടുമ്പ് തുടങ്ങിയവ കുഴിച്ചതിനാലാണ് പാലത്തോട് ചേര്‍ന്ന അപ്രോച്ച് റോഡില്‍ കുഴി രൂപപ്പെട്ടതെന്ന് കരുതുന്നു.
ഇന്നലെ വൈകീട്ട് ആറോടെയാണു ടാര്‍ ഭാഗം അടര്‍ന്നു റോഡില്‍ വലിയ കുഴി രൂപം കൊണ്ടത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ നാട്ടുകാരും പൊലീസുമെത്തി അപകട ഭീഷണി ഉയര്‍ത്തിയ ഈ ഭാഗത്ത് ഗതാഗതം നിയന്ത്രിച്ചു.
രണ്ട് മീറ്ററോളം ആഴമുള്ള കുഴിയാണ് ഇവിടെ രൂപപ്പെട്ടത്. ഡെപ്യൂട്ടി തഹസില്‍ദാര്‍ രാത്രിതന്നെ സ്ഥലത്തെത്തി. മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നിറച്ച് കുഴി തല്ക്കാലം അടച്ചു.
പാലത്തോട് ചേര്‍ന്ന ഭാഗത്ത് റോഡ് താഴ്ന്ന് തുടങ്ങിയിട്ട് കാലങ്ങളായെന്നും എന്നാല്‍ കുഴിരൂപപ്പെട്ടത് അടുത്ത ദിവസമാണെന്നും ഇന്നലെ വൈകീട്ടോടെ കുഴി വലുതാവുകയായിരുന്നെന്നും സമീപവാസിയും മുന്‍ഗ്രാമപഞ്ചായത്ത് അംഗവുമായ ജോര്‍ജ്ജ് മുക്കള്ളില്‍ പറഞ്ഞു.
വന്യജീവീകള് പാലത്തിനുള്ളില്‍ താമസമാക്കിയതാണ് മണ്ണ് ഇല്ലാതായി പോവന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
News from our Regional Network
RELATED NEWS
