പേരാമ്പ്ര : കൂട്ടുകാര്‍ക്കെല്ലാം സൈക്കിളുണ്ട്, അഞ്ചാം ക്ലാസുകാരിയായ ആയിഷ സജക്ക് മാത്രം സൈക്കിളില്ല. നിര്‍ധനകുടുംബത്തില്‍പെട്ട ആയിഷ സജ തന്റെ സങ്കടങ്ങള്‍ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് എഴുതി.

മുഖ്യമന്ത്രിയുടെ ഓഫീസ് ഈ കുഞ്ഞു പരാതി ഗൗരവപൂര്‍വ്വം എടുത്തു നടപടിയും സ്വീകരിച്ചു. ആയിഷക്ക് സൈക്കിള്‍ ലഭിച്ചു. ചക്കിട്ടപ്പാറയിലെ കുഞ്ഞിപ്പറമ്പില്‍ നാസറിന്റെയും സൗദയുടെയും മൂന്ന് പെണ്മക്കളില് ഇളയവളായ ആയിഷ സജക്കാണ് മുഖ്യമന്ത്രിയുടെ കാരുണ്യ സ്പര്‍ശം ലഭിച്ചത്.
ചക്കിട്ടപ്പാറ സെന്റ് ആന്റണീസ് യുപി സ്ക്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആയിഷ സജയുടെ കൂട്ടുകര്‍ക്കും ക്ലാസിലെ ഭൂരിഭാഗം കുട്ടികള്‍ക്കും സ്വന്തമായി സൈക്കിളുണ്ട്.
സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുടുംബത്തിലെ അംഗമായ ആയിഷ തന്റെ ആഗ്രഹങ്ങള്‍ ഉള്ളിലൊതുക്കി കഴിയുന്നതിനിടയിലാണ് ഗ്രാമപഞ്ചായത്ത് പുറത്തിറക്കിയ എന്റെ ഗ്രാമം എന്ന വികസന രേഖ കൈയ്യില്‍ കിട്ടുന്നത്.
അതില്‍ പട്ടിക ജാതി വിഭാഗത്തിലെ കുട്ടികള്‍ക്ക് ഗ്രാമപഞ്ചായത്ത് സൈക്കിള്‍ നല്‍കുന്നതിന്റെ വാര്‍ത്തയും പടവും കാണാനിടയായി. പേജുകള്‍ മറിക്കുന്നതിനിടയില്‍ മുഖ്യമന്ത്രിയുടെ ഫോട്ടോയും കണ്ടു, അപ്പോള്‍ തോന്നിയ ആശയമാണ് മുഖ്യമന്ത്രിക്ക് കത്തയക്കുക എന്നതെന്ന് ആയിഷ പറഞ്ഞു.

ഒക്ടോബര്‍ മാസത്തിലാണ് കത്തയച്ചത് തുടര്‍ന്ന് കോഴിക്കോട് ജില്ല പഞ്ചായത്തിലെ രണ്ട് ജീവനക്കാര്‍ ആയിഷയുടെ വീട്ടിലെത്തി കാര്യങ്ങള്‍ അന്വേഷിച്ച് തിരിച്ച് പോയി. മുഖ്യ മന്ത്രിയുടെ ഓഫീസ് സാമൂഹ്യ നീതി വകുപ്പിന് നല്കിയ നിര്‍ദേശത്തെ തുടര്‍ന്ന് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പേരാമ്പ്രയിലെ സ്വര്‍ണ്ണവ്യാപാര സ്ഥാപനത്തിന്റെ സഹകരണത്തോടെ സൈക്കിള്‍ ലഭ്യമാക്കുകയായിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ പ്രസിഡന്റ് എന്‍.പി. ബാബു സൈക്കിള്‍ കൈമാറി. ഫൈന്‍ ഗോള്‍ഡ് ഷോറൂം മാനേജര്‍ ഇ.ടി. സുനില്‍ കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി്കെ. പാത്തുമ്മ, ശശികുമാര്‍ പേരാമ്പ്ര, പി.ടി. അഷറഫ്, എം. കുഞ്ഞമ്മദ്, റഷീദ് മുതുകാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
സന്തോഷമായെന്നും മുഖ്യമന്ത്രിയോട് ഒരുപാട് നന്ദിയുണ്ടെന്നും ആയിഷ പറഞ്ഞു. ഓണ്‍ലൈന്‍ പഠനത്തിന് സ്വന്തമായി മൊബൈല്‍ ഫോണില്ലാത്തതിന്റെ വിഷമത്തിലുമാണ് ഈ മിടുക്കി.
News from our Regional Network
RELATED NEWS
