ബാബരി മസ്ജിദ് മതേതര ഹൃദയങ്ങളിലെ നെരിപ്പോട്

By | Thursday December 6th, 2018

SHARE NEWS

ടി.വി.മുരളി

ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ഇന്ത്യന്‍ മതേതരത്വത്തിന്റെ മിനാരങ്ങള്‍ ആണ് ഉടയ്ക്കപ്പെട്ടത്. രാജ്യം ഇന്ന് വിലനല്‍കുന്ന, ചരിത്രം കറുപ്പിനാല്‍ രേഖപ്പെടുത്തിയ സംഭവം. ദേശിയബോധവും, മതേതരത്വവും സിരകളില്‍ ഒഴുകിയ സ്വാതന്ത്ര്യ സമര പരമ്പരകള്‍ ഓരോ ഭാരതിയനേയും ദേശാഭിമാനികള്‍ ആക്കി മാറ്റി. മതമോ ജാതിയോ ചിന്തയോ അല്ല നാടിന്റെ മോചനം മാത്രമായിരുന്നു ലക്ഷ്യം. പക്ഷെ, മഹാത്മജിയുടെ ജീവത്യാഗം പിന്നീട് ഇന്ത്യക്കു കാണേണ്ടി വന്നു. അന്ന് നാം ലോകത്തിനു മുന്നില്‍ തല താഴ്ത്തി. ഭരണകൂടത്തിലേക്കു എത്താനുള്ള എളുപ്പ വഴി മതവും ജാതിയുമാക്കി മാറ്റപ്പെട്ടു.

1992 ഡിസമ്പര്‍ 6 നു മുന്‍പും പിമ്പും എന്ന രീതിയില്‍ ചരിത്രത്തില്‍ അധ്യായങ്ങള്‍ എഴുതപ്പെട്ടിരിക്കുന്നു. വിഭാഗിയതയും, വിഘടിപ്പിക്കുന്നചിന്തകളും അനുഭവങ്ങളും വേവലാതിപ്പെടുത്തുന്നു. ബഹുസ്വരതയുടെ നാട്ടില്‍ പലപ്പോഴും, ലോക സമസ്ത സുഖിനോ ഭവന്തു: പാടിയ മണ്ണില്‍, മാ നിഷാദ; പഠിപ്പിച്ച മണ്ണില്‍, ഇന്ന് വെളിച്ചത്തിന് ശക്തി കുറയുന്നു ഇരുള്‍ പരക്കുന്നു. മനസ്സുകള്‍ക്ക് അതിര് വരമ്പു ഇടേണ്ടതു മതങ്ങള്‍ അല്ല. ഓരോ വിശ്വാസിക്കുമുള്ള അചാരങ്ങള്‍ മറ്റുള്ളവരെ മുറിപ്പെടുത്തുവനല്ല. ഇന്ത്യ ഇന്നും മഹത്തായ മതേതര രാജ്യമാണ് അങ്ങിനെ തുടരുന്ന ഒരു പരമ്പരയാണ്, അതിനുള്ള അവസരമാണ് ദേശസ്‌നേഹികള്‍ ആഗ്രഹിക്കുന്നത്.

1526 – 29 ല്‍ മുഗള്‍ രാജാവ് ബാബറിനാല്‍ നിര്‍മ്മിക്കപ്പെട്ട ബാബരി മസ്ജിദ്. ഒരു പക്ഷെ ഇന്ത്യന്‍ രാഷ്ട്രീയ മണ്ഡലത്തെ ഇത്ര അധികം കാലം വിവാദ സ്ഥാനത്ത് നിര്‍ത്തിയ ചരിത്ര നിര്‍മ്മിതി വേറെ ഇല്ല. തകര്‍ക്കപ്പെട്ട ശേഷവും ഇന്നും നിയതമായ ഒരു തീരുമാനത്തില്‍ എത്തുവാന്‍ നീതിപീഠം പോലും തയ്യാറാവാതെ അതിനെ വിവാദ വിഷയമായി തന്നെ നിലനിര്‍ത്തുന്നു. ഒരു ഭാഗത്ത് രാമക്ഷേത്രതിന്റെ നിര്‍മ്മാണത്തിനായുള്ള വന്‍ മുന്നൊരുക്കങ്ങള്‍, മറു ഭാഗത്ത് നിയമത്തെ നീതിയെ മാത്രം കാത്തിരിക്കുന്ന ജനസാമാന്യവും. മതേതരത്വം പുലരാന്‍ വേണ്ടി ആഗ്രഹിക്കുന്ന ഇന്ത്യന്‍ ജനതയ്ക്ക് മുന്നില്‍ ഇന്നും ഒരു നെരിപ്പോടായി പുകയുന്നു.

ശ്രീരാമന്‍ പുരാണ ഹൈന്ദവ അവതാര പുരുഷന്‍. ആയോദ്ധ്യയില്‍ ത്രേദായുഗത്തില്‍ ജനിച്ച പ്രജാതാല്പരനായി ഭരിച്ച ഭരണാധികാരി. ദശരഥരാജവിന്റെ പുത്രന്‍. സീതയും ശ്രീരാമനും അത്രയും രൂഢമൂലമായ ഒരു ആത്മബന്ധം ഉള്ള സങ്കല്പങ്ങള്‍ തന്നെ. അതിനാല്‍ ആവാം രാമജന്മ ഭൂമിയില്‍ നിര്‍മ്മിക്കപ്പെട്ട ഒരു മസ്ജിദ് വിവാദത്തിലേക്ക് കാലാന്തരത്തില്‍ എത്തപെട്ടത്. ബ്രിട്ടീഷ് കാലത്ത് 1885 കളില്‍ തന്നെ കോടതിയില്‍ ഹൈന്ദവ സംഘടനകളുടെ പരാതിയില്‍ നടന്ന വാദങ്ങളും തുടര്‍ന്ന് അവരുടെ നിലപാട് തള്ളിയതും നിയമ രംഗത്തെ കേസിന്റെ ഒരു തുടക്കമായിരുന്നുവെന്നത് ചരിത്രം.

തുടര്‍ന്നു സ്വതന്ത്രനാന്തരം 1949ല്‍ ഫൈസലാബാദ് കോടതി മജിസ്‌ട്രേട്ടിന്റെ നടപടിയുടെ കൂടി ഭാഗമായി വിഗ്രഹ ആരാധനയ്ക്കായി തുറന്നു കൊടുക്കാന്‍ വേണ്ടി അവസരം നല്‍കിയത് മറ്റൊരു വഴിതിരിവ്. ഒരു പക്ഷെ അന്ന് തുടങ്ങിയ ഇന്ത്യന്‍ ജനമനസുകളിലെ മുറിപാടുകള്‍ക്ക് അകലം വര്‍ധിപ്പിക്കുക മാത്രമേ പില്‍ കാല സംഭവങ്ങള്‍ എല്ലാം ഇടവരുത്തിയിട്ടുള്ളൂ എന്നത് യാഥാര്‍ഥ്യം. പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവും കേന്ദ്ര സര്‍ക്കാരും വിഗ്രഹാരാധനക്ക് എതിരായിരുന്നു. അദ്ദേഹം അതില്‍ ശക്തമായ നിലപാട് എടുത്തിരുന്നതും ചരിത്രം.

പിന്നീടുണ്ടായ രാഷ്ട്രീയ അടവുകളും സംഘപരിവാര്‍ അജണ്ടകളും 1992 ഡിസംമ്പര്‍ 6ന് ഇന്ത്യന്‍ മതേതരത്വത്തിനു പ്രഹരം നല്‍കി കൊണ്ടു ബാബറി മസ്ജിദിന്റെ മിനാരങ്ങള്‍ തകര്‍ക്കപ്പെട്ടു, തച്ചുടച്ചു. ലോകത്തിനു മുന്നില്‍ ഇന്ത്യന്‍ മതേതരത്വത്തിന്റെ മഹത്വത്തിന് തല താഴ്‌ത്തേണ്ടി വന്ന നിമിഷങ്ങള്‍. സരയുവിലെ കാറ്റിനു പോലും നൊമ്പരമായി ആ ദിനം. സുപ്രീം കോടതിയില്‍ അന്നത്തെ ഉത്തര്‍ പ്രദേശ് സര്‍ക്കാരും മുഖ്യമന്ത്രി കല്യാണ്‍ സിംഗും നേരിട്ടും നല്‍കിയ സത്യവാങ് മൂലത്തിന്റെ നഗ്‌നമായ ലംഘനം കൂടി ആയിരുന്നു നടപടി. അതുകൊണ്ട് തന്നെ നമ്മുടെ മതേതരത്വത്തിന്റെ കാവലായി നിലക്കേണ്ടുന്ന ഭരണവ്യവസ്ഥ ചോദ്യം അവിടെ ചെയ്യപ്പെട്ടു.

കേന്ദ്രം ഭരിച്ച നരസിംഹറാവു സര്‍ക്കാര്‍ ഫെഡറലിസത്തിന്റെ അന്ത:സത്ത പാലിക്കുന്നതിന്റെ ഭാഗമായി സുപ്രീം കോടതിയെ സമീപിക്കുകയും കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ടു കൊണ്ട് സംസ്ഥാന ഗവര്‍മ്മെന്റിന്റെ നീക്കങ്ങള്‍ സംശയകരമെന്നു ബോധ്യപ്പെടുത്തുകയും ചെയ്തെങ്കിലും സംസ്ഥാനം നല്‍കിയ ഉറപ്പ് മുഖവിലയ്ക്ക് എടുത്തത് അബദ്ധമാക്കി. ഇന്നും തുടരുന്ന നിയമയുദ്ധം അതിന്റെ ബാക്കി പത്രം. ഫെഡറല്‍ നിയമത്തെ അട്ടിമറിച്ചുകൊണ്ടു കേന്ദ്രം നേരിട്ട് അവിടെ നിയന്ത്രണങ്ങള്‍ക്ക് വേണ്ടിയുള്ള പട്ടാളത്തെ വിന്യാസിക്കാതിരുന്നതിന് പിന്നീട് അനവധി പഴികള്‍ക്കു പ്രധാനമന്ത്രി നരസിംഹ റാവു പാത്രമായി എന്നതും ചരിത്രം.

അതിനു ശേഷമുള്ള രാഷ്ട്രീയ ലാഭ നഷ്ടങ്ങള്‍ ഇന്നും കോണ്‍ഗ്രസിനെ വേട്ടയാടുന്നു എന്നതും രാഷ്ട്രീയ ഇന്ത്യയിലെ സംവാദങ്ങള്‍ക്ക് ചൂട് പകരുന്ന വിഷയം തന്നെ. സംസ്ഥാന സര്‍ക്കാരില്‍ വിശ്വസിച്ച ബഹു നീതി പീഠവും കേന്ദ്ര സര്‍ക്കാരക്കാരും ജനാധിപത്യ സംവിധാനത്തില്‍ ചതിക്കപെടുകയായിരുന്നു. ലക്ഷ്യത്തിലേക്കുള്ള അന്നത്തെ കര്‍സേവകരുടെ വഴി കല്യാണ്‍ സിംഗ് വെട്ടി കൊടുത്തു. പക്ഷെ, ഇന്നും ഇന്ത്യയുടെ അകം നേടുവീര്‍പ്പിടുന്നു.ആ സംഭവം വരുത്തിയവിള്ളലുകള്‍,അകല്‍ ച്ചകള്‍,വിഭാഗീയത എല്ലാം ഇന്നും അവശേഷിപ്പുകള്‍ തന്നെ.

ഫാസിസത്തിന്റെ കലി അടങ്ങാത്ത വിളയാട്ടങ്ങളും, മത ചിഹ്നങ്ങളുടെ പേരില്‍ പോലും മനുഷ്യ മനസ്സുകള്‍ മുറിവേല്‍ക്കുന്ന സംഭവങ്ങളും എന്നു വേണ്ട ആള്‍ കൂട്ടത്തിലെ കൊലപാതകങ്ങള്‍ വരെ ഞെട്ടലുണ്ടാക്കിയ ഒരുപാട് അനുഭവങ്ങള്‍. ഒരു പള്ളി തകര്‍ത്തുകൊണ്ടോ ഒരു മന്ദിരം തകര്‍ത്തു കൊണ്ടോ അല്ല ഈ മതേതര മണ്ണില്‍ ആശയ പോരാട്ടങ്ങള്‍ നടത്തേണ്ടത് എന്ന ബോധം മതേതര മനസ്സുകള്‍ക്ക് ബോധ്യം വരുമ്പോഴും, എവിടെയും വിശ്വാസത്തിന്റെയും മതത്തിന്റെയും ജാതിയുടെയും വര്‍ണ്ണത്തിന്റെയും പേരില്‍ തമ്മിലടിക്കുന്ന അവസ്ഥകള്‍ അസ്വസ്ഥത പടര്‍ത്തുന്നു.

മതേതരത്വത്തിന്റെ സന്ദേശ വാഹകര്‍ ആയിരുന്ന മഹാത്മജിയും ജവഹര്‍ലാലും മൗലനാ അബ്ദുല്‍ കലാം ആസാദും ഉള്‍പ്പെടെ നെഞ്ചേറ്റിയ ചിന്തകള്‍ തച്ചുടയ്ക്കപ്പെടുമ്പോള്‍ കോടിക്കണക്കിനു ജനാധിപത്യ വിശ്വാസികള്‍ ചങ്കിടിപോടെ നോക്കി നില്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ടവരോ. ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യനും പാര്‍സിയും ജൈനനും ഏകോതര സഹോദര്‍ ആയി ജീവിക്കുന്ന ഒരു ക്ഷേമ രാഷ്ട്രം തന്നെയാണ് കാംക്ഷിക്കുന്നത്. വൈരാഗ്യത്തിന്റെ, മത വൈരത്തിന്റെ വേരുകള്‍ അറുത്തെടുത്തു എറിഞ്ഞു പകരം സാഹോദര്യത്തിന്റെ വിത്തുകള്‍ അവിടങ്ങളില്‍ ഇനിയെങ്കിലും വിതയ്ക്കപ്പെടണം.

അതിര്‍ വരമ്പിടുന്ന മതാന്തതയുടെ വേലിക്കെട്ടുകള്‍ ഇല്ലാത്ത ഒരു സ്‌നേഹ ഭൂമിയായി ഭാരതത്തെ മാറ്റാന്‍ ആ ഡിസംമ്പര്‍ ആറിലെ മുറിപ്പാടുകള്‍ മാറ്റിക്കൊണ്ട് ഭാവി ഇന്ത്യയ്ക്ക് കഴിയണം. അല്ലാതെ ഇനിയും വലുതായി അഭിമാനിക്കാന്‍ നമുക്കൊന്നും കൈമുതല്‍ ആയി ഉണ്ടാവില്ല. കാരണം ഇന്ത്യ എന്നാല്‍ ‘മതേതരത്വത്തിന്റെ സ്‌നേഹ ഗാഥയുടെ വിളനിലം’ തന്നെയാണ് ഇന്നും ലോകത്തിനു മുന്നില്‍. അതില്‍ നമുക്ക് തോറ്റുകൂട.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read