ശബരിമലയില്‍ കുഴഞ്ഞ് വീണ് മരിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ബിജുവിന് ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി

By | Sunday November 17th, 2019

SHARE NEWS

പേരാമ്പ്ര : ഇന്നലെ കൃത്യനിര്‍വ്വഹണത്തിനിടെ ശബരിമല സന്നിധാനത്ത് ഹൃദയസ്തംഭനം മൂലം മരണമടഞ്ഞ പേരാമ്പ്ര എരവട്ടൂര്‍ ചെറിയാണ്ടി ബിജുവിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ഇന്നലെ പുലര്‍ച്ചെ 1.30ഓടെ വീട്ടിലെത്തിച്ച മൃതദേഹം കാണാന്‍ ആബാലവൃദ്ധം ജനങ്ങളും കാത്തുനില്‍പ്പുണ്ടായിരുന്നു.

ഇന്ന് കാലത്ത് മുതല്‍ നാടിന്റെ നാനാഭാഗത്ത് നിന്നും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ ഒരു നോക്ക് കാണാന്‍ എത്തിച്ചേര്‍ന്നു. 9 മണിയോടെ വീട്ടുവളപ്പില്‍ സംസ്‌ക്കാരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായപ്പോഴേക്കും വീടും സമീപത്തെ പറമ്പുകളിലുമായി നൂറുകണക്കിന് ആളുകള്‍ തിങ്ങി നിറഞ്ഞിരുന്നു. എരവട്ടൂരിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച് സ്വപ്രയത്‌നം കൊണ്ട് കേരള പൊലീസില്‍ ജോലി നേടിയ ബിജു കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു.

ജോലി നേടുന്നതിന് മുമ്പ് കാര്‍ഷിക വൃത്തിയില്‍ വ്യാപൃതനായിരുന്ന ബിജു നാട്ടിലെ ജനകീയ പ്രശ്‌നങ്ങളില്‍ സജീവ ഇടപെടലുകള്‍ നടത്തിയിരുന്നു. യുവജന സംഘടന പ്രവര്‍ത്തനത്തിലും സജീവ സാന്നിധ്യമായിരുന്നു. ജോലി ലഭിച്ച് 4 വര്‍ഷമാവുമ്പോഴേക്കാണ് മരണം മാടി വിളിച്ചത്.

7 മാസം പ്രായമായ പിഞ്ചുമകളെയും ലാളിച്ച് വെള്ളിയാഴ്ച ശബരിമലയിലേക്ക് ഡ്യൂട്ടിക്ക് പുറപ്പെട്ട ബിജുവിന്റെ മരണ വിവരം നാട്ടുകാരും ബന്ധുക്കളും നടുക്കത്തോടെയാണ് അറിഞ്ഞത്.

ഉത്തര മേഖലാ ഐജി അശോക് യാദവ്, എംഎസ്പിയുടെ ചുമതല വഹിക്കുന്ന മലപ്പുറം പൊലീസ് മേധാവി യു. അബ്ദുള്‍ കരീം, അഡീഷണല്‍ എസ്പി സുബ്രഹ്മണ്യം, നാദാപുരം സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ കെ.പി. സുനില്‍ കുമാര്‍, കുറ്റ്യാടി സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ എന്‍. സുനില്‍ കുമാര്‍, പേരാമ്പ്ര സബ്ബ് ഇന്‍സ്പക്ടര്‍ പി.എസ്. ഹരീഷ് മറ്റ് പൊലീസ് ഉദ്യോഗസ്ഥരും സേനാംഗങ്ങളും അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.

പൊലീസ് സേന ഗാര്‍ഡ് ഓഫ് ഓര്‍ണര്‍ നല്‍കി സഹപ്രവര്‍ത്തകന് യാത്രമൊഴി നല്‍കി. പൊലീസ് സേന ഗാര്‍ഡ് ഓഫ് ഓര്‍ണര്‍ നല്‍കി സഹപ്രവര്‍ത്തകന് അന്ത്യയാത്ര നല്‍കി. ബിജുവിന്റെ മരുമക്കളായ ബാബു, നാരായണന്‍, പ്രമോദ്, സഹോദരന്‍ ഗിരീഷ് എന്നിവര്‍ ചേര്‍ന്ന് ചിതക്ക് തീ കൊളുത്തി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read