തേനീച്ചകളുടെ ശ്രുതിയില്‍ ഗോപാലകൃഷ്ണന്‍

By | Thursday November 28th, 2019

SHARE NEWS

പേരാമ്പ്ര : മൂരികുത്തി തോട്ടത്തില്‍ ശ്രുതിയില്‍ ഗോപാലകൃഷ്ണന്റെ വീട്ടിലേക്കുള്ള വഴിയുടെ ഇരു ഭാഗവും തേനീച്ച പെട്ടികളാണ്. അടുത്തടുത്തായി സ്ഥാപിച്ച പെട്ടികളില്‍ നിന്നും പറന്നകലുകയും തേന്‍ നിര്‍മ്മിക്കാനുള്ള പൂമ്പൊടിയുമായി തിരിച്ചെത്തി തങ്ങളുടെ കൂട്ടില്‍ മാത്രം കയറി പോവുകയും ചെയ്യുന്ന തേനീച്ചകള്‍ അടുത്തടുത്തായിട്ടും ഈച്ചകള്‍ക്ക് തങ്ങളുടെ കൂട് മാറിപ്പോവുന്നില്ല.

ആശ്ചര്യത്തോടെ തേനീച്ചകള്‍ക്ക് ഭക്ഷണം നല്‍കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന ഗോപാലകൃഷ്ണനോട് ഇതേപ്പറ്റി ചോദിച്ചപ്പോള്‍ മറുപടി ലഭിച്ചു. ഒരു കോളനിയിലെ ഇച്ചകള്‍ക്ക് ഒരു പ്രത്യേക ഫിറമോണിന്റെ സഹായത്താല്‍ തിരിച്ചറിയാനാവും അതുകൊണ്ടാണ് നൂറുകണക്കിന് തേനീച്ച പെട്ടികള്‍ ഒന്നിച്ച് വെച്ചാലും ഈച്ചകളോട് പെട്ടി മാറിപോവാത്തത്.

ഒരു പെട്ടിയി ലുള്ള ഈച്ചകളെ ഒരു േകാളനി എന്നാണ് പറയുക. ഇതില്‍ ഒരു റാണി ഈച്ചയും നൂറ് ആണ്‍ ഈച്ചകളും ആയിരക്കണക്കിന് വേലക്കാരി ഈച്ചകളെന്നറിയപ്പെടുന്ന പെണ്‍ ഈച്ചകളും ഉണ്ടായിരിക്കും. വേലക്കാരി ഈച്ചകളാണ് പൂമ്പൊടി ശേഖരിക്കാന്‍ പോവുന്നത്. തേനീച്ചയെക്കുറിച്ച് എന്ത് ചോദിച്ചാലും ഗോപാലകൃഷ്ണന് നൂറ് നാവാണ്.

തേനീച്ചകളെയും അവയെ വളര്‍ത്തുന്ന രീതിയേയും പറ്റി മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കാനും മറ്റുള്ളവരുടെ കൃഷിയിടങ്ങളില്‍ കോളനികള്‍ സ്ഥാപിക്കാനും അവക്ക് ആവശ്യമായ പരിചരണം യഥാസമയങ്ങളില്‍ നല്‍കാനും ഈ 66കാരന് പ്രത്യേക താല്പര്യമാണ്.

തന്റെ വീട്ടുവളപ്പില്‍ അന്‍പതോളം വലിയ തേനീച്ച കോളനികളും 40 ചെറുതേനീച്ച കോളനിയും സ്ഥാപിച്ച ഇദ്ദേഹം വരുമാനത്തേക്കാളേറെ മാനസിക ഉല്ലാസത്തിനായാണ് ഈച്ച വളര്‍ത്തല്‍ നടത്തുന്നത്. 1980 മുതല്‍ തേനീച്ച വളര്‍ത്തല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം തേനീച്ചയോടുള്ള താല്പര്യം മൂലം സ്വന്തമായാണ് തേനീച്ച വളര്‍ത്തല്‍ ആരംഭിച്ചത്്. യാതൊരു പരിശീലനവുമില്ലാതെ ആരംഭിച്ച തേനീച്ച കൃഷിയില്‍ പൂനെ ദേശീയ തേനീച്ച ഗവേഷണ കേന്ദ്രത്തില്‍ വരെ പോയി പരിശീലനം നടത്തിയിട്ടുണ്ട്്.

തേനീച്ചകളെ പിടികൂടാനും മറ്റും സ്വന്തമായി ഉപകരണങ്ങള്‍ ഇദ്ദേഹം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഏത് കോളനികള്‍ തുറന്ന് ശുശ്രുഷകള്‍ നടത്തിയാലും ഇദ്ദേഹത്തെ ഈച്ചകള്‍ കുത്താറില്ല.

എല്ലാ കൃഷികളും ഭൂമിയില്‍ ചെയ്യുമ്പോള്‍ ആകാശത്ത് കൃഷി നടത്തുകയാണ് ഗോപാലകൃഷ്ണന്‍. മറ്റ് കൃഷികള്‍ മുകളിലേക്ക് വളരുമ്പോള്‍ തേനീച്ച വളരുന്നത് താഴോട്ടാണ്. വളരെ ശ്രദ്ധയോടും സൂക്ഷ്മതയോടും ക്ഷമയോടും ചെയ്യേണ്ട കൃഷിയാണ് തേനീച്ച കൃഷിയെന്നും അദ്ദേഹം അനുഭവം പങ്കുവെച്ചു.

ഒരു കോളനിയില്‍ നിന്ന് 5 മുതല്‍ 10 ലിറ്റര്‍ തേന്‍ ലഭിക്കുമ്പോള്‍ ഔഷധ ഗുണമുള്ള ചെറുതേന്‍ ഒരു കോളനിയില്‍ നിന്ന് 300 മില്ലിഗ്രാം തേനേ ലഭിക്കുകയുള്ളൂ. എന്നാല്‍ ചെറുതേനിന് നല്ല വിലയുമാണ്. ഔഷധ ചെടികളില്‍ നിന്ന് മാത്രമാണ് ചെറുതേനീച്ച തേന്‍ ശേഖരിക്കുക.

ഓരോ കോളനിയും കാലാവസ്ഥക്കനുസരിച്ച് സംരക്ഷിച്ചില്ലെങ്കില്‍ കൂടൊഴിഞ്ഞു പോവുന്ന പ്രവണത കുടുതലുള്ള ജീവിയാണ് തേനീച്ച. കൂടുകളില്‍ 35 ഡിഗ്രി ചുടു നിലനിര്‍ത്തി പോരുന്ന ഇവയെ മഴക്കാലത്ത് പെട്ടികളുടെ വിടവുകളെല്ലാം അടച്ച് സംരക്ഷിച്ചില്ലെങ്കില്‍ കൂട് വിട്ട് മറ്റ് കേന്ദ്രങ്ങളിലേക്ക് ഇവ പറന്നകലും.

ഊണിലും ഉറക്കത്തിലും തേനീച്ച മാത്രമുള്ള ഗോപാലകൃഷ്ണന്റെ ജിവിതത്തിലെ ചിട്ടകള്‍ പാകപ്പെടുത്തുന്നതില്‍ തേനീച്ചകള്‍ വലിയ പങ്ക് വഹിച്ചതായി അദ്ദേഹം പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read