പേരാമ്പ്ര: ബഹ്റൈനിലെ ഹുദൈബിയയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കോടേരിച്ചാലിലെ വടക്കെ എളോല്‍ മീത്തല്‍ രാജന്റെ മകന് രജിന് രാജിന്റെ (33) മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ജനുവരി 16നാണ് രജിന് രാജിനെ താമസസ്ഥലത്തു നിന്നും ഏറെ അകലെയുള്ള ഫ്ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.
ദേഹത്ത് പരിക്കുകള്‍ കാണപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. ബഹ്റൈനില്‍ നിന്ന് നാട്ടിലേക്ക് സ്വര്‍ണ്ണം അനധികൃതമായി കടത്തുന്ന റാക്കറ്റിന്റെ കെണിയില്‍ വീഴുകയായിരുന്നു ഈ യുവാവ്.
സ്വര്‍ണ്ണം ഏല്‍പ്പിച്ചവര്‍ അത് നഷ്ടപ്പെട്ടതിന്റെ ഉത്തരവാദിത്വം ജിന്‍ രാജിന്റെ തലയില്‍ കെട്ടിവെക്കുകയായിരുന്നുവെന്നും, ഇതുമായ് ബന്ധപ്പെട്ട് രജിന് രാജിനെ മറ്റൊരു ഫ്ളാറ്റിലേക്ക് കടത്തിക്കൊണ്ടുപോയി ഇവര്‍ മര്‍ദ്ദിച്ചെന്നും ഭാരവാഹികള്‍ ആരോപിച്ചു.
ഫ്ളാറ്റിലെ സി.സി.ടി.വിയില്‍ വ്യക്തമായി തെളിഞ്ഞ 5 പേരില്‍ 3 പേര് നാട്ടിലെത്തിയിട്ടുണ്ടെന്നാണ് സൂചന. ഈ മരണം കൊലപാതകമാണെന്ന് ബന്ധുക്കളും നാട്ടുകാരും സംശയിക്കുന്നു. നാട്ടിലെത്തിയവരെ കണ്ടെത്തി ചോദ്യം ചെയ്താല്‍ നിജസ്ഥിതി പുറത്തുവരുമെന്നാണ് ആക്ഷന്‍ കമ്മറ്റിയുടെ നിഗമനം. രജിന് രാജ് വിദേശത്ത് ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് 4 വര്‍ഷമായി.

നാട്ടില്‍ വന്ന് തിരിച്ചു ബഹ്റിനിലേക്ക് പോയിട്ട് 3 വര്‍ഷമെ ആയിട്ടുള്ളൂ. മൃതദേഹം സല്‍മാനിയ ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലാണുള്ളത്.
കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ബിന്ദു, ആക്ഷന്‍ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ എം.സി ഉണ്ണികൃഷ്ണന്, ആക്ഷന്‍ കമ്മറ്റി ചെയര്‍പേഴ്സണ്‍ ഗ്രാമപഞ്ചായത്തംഗം കെ. രാജശ്രീ, ആക്ഷന്‍ കമ്മറ്റി അംഗങ്ങളായ മോഹന്‍ദാസ് ഓണിയില്‍ കെ. പ്രിയേഷ്, എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
News from our Regional Network
RELATED NEWS
