സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മരിച്ച ബിജീഷിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

By | Friday December 6th, 2019

SHARE NEWS

പേരാമ്പ്ര : കഴിഞ്ഞ ബുധനാഴ്ച ചത്തീസ്ഗഡിലെ റായ്പൂരിന് സമീപം നാരായണ്‍പൂരില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മരിച്ച പേരാമ്പ്ര കല്ലോട് അയ്യപ്പന്‍ചാലില്‍ ബിജേഷിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. കാലത്ത് 7.30 ഓടെ കൈതക്കലില്‍ എത്തിയ ഭൗതിക ശരീരം സുഹൃത്തുക്കളും നാട്ടുകാരും ജനപ്രതിനിധികളുമുള്‍പ്പെടെ വന്‍ ജനാവലി ഏറ്റുവാങ്ങി വിലാപ യാത്രയായി കല്ലോട് കൊണ്ടുവന്നു.

വിലാപയാത്രക്ക് ആചാരമര്‍പ്പിക്കാന്‍ റോഡിന്റെ ഇരു വശങ്ങളിലും ജനങ്ങള്‍ തിങ്ങി നിറഞ്ഞിരുന്നു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ രാജ്യസേവനത്തിന് ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന സൈനികന് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നു. കാലത്ത് മുതല്‍ തങ്ങളുടെ പ്രിയ ബിജീഷിന്റെ മുഖം ഒരു നോക്ക് കാണാന്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. നൂറുകണക്കിന് വാഹനങ്ങളുടെയും സൈനിക, പൊലീസ് മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ വാഹനങ്ങളുടെ അകമ്പടിയോടെ 8.15 ഓടെ കല്ലോട് ബിജീഷിന്റെ വീടിന് സമീപം തയ്യാറാക്കിയ പ്രത്യേക പന്തലില്‍ പൊതു ദര്‍ശനത്തിന് വെച്ചു.

സര്‍ക്കാരിന് വേണ്ടി ആര്‍ഡിഒ വി.പി. അബ്ദുറഹ്മാന്‍, കൊയിലാണ്ടി താഹസില്‍ദാര്‍ കെ. ഗോകുല്‍ദാസ്, നാദാപുരം എഎസ്പി അംഗിത് അശോക് എന്നിവര്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു. മന്ത്രി ടി.പി. രാമകൃഷ്ണനുവേണ്ടി അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സി. മുഹമ്മദും കെ. മുരളീധരന്‍ എംപിക്ക് വേണ്ടി സത്യന്‍ കടിയങ്ങാടും മൃതദേഹത്തിന് പുഷ്പചക്രമര്‍പ്പിച്ചു.

9.30 ഓടെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ ഭാര്യ അമൃത മകള്‍ ദക്ഷ പിതാവ് ബാലന്‍, മാതാവ് സുമ സഹോദരന്‍ സിജീഷ് എന്നിവര്‍ അന്തിമോപചാരമര്‍പ്പിച്ചു. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമായവര്‍ പൊട്ടിക്കരയുകയായിരുന്നു. കേരള പൊലീസിന്റെ ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം 10 മണിയോടെ മരുമകന്‍ ബിജിത്ത് ചിതക്ക് തീ കൊളുത്തി.

ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്റെ മധുര ശിവഗംഗയൂണിറ്റിലെ കമാന്റ് ജസ്റ്റിന്‍ റോബര്‍ട്ട്, ആലപ്പുഴ യൂണിറ്റിലെ ഇന്‍സ്‌പെക്ടര്‍ എന്‍.സി. ചാക്കോ, റായ്പൂര്‍ 45 യൂണിറ്റിലെ എഎസ്‌ഐ എസ്.കെ. സന്തോഷ് എന്നിവര്‍ ഭൗതിക ശരീരത്തെ അനുഗമിക്കുകയും അന്ത്യ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി. സതി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എം. റീന, കെ.പി. അസ്സന്‍ കുട്ടി, മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.പി. കുഞ്ഞമ്മദ് കുട്ടി, ബിജെപി നേതാവ് വി.കെ. സജീവന്‍, ജനപ്രതിനിധികള്‍, സാമൂഹ്യ രംഗത്തെ പ്രമുഖര്‍ എന്നിവര്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read