Categories
headlines

കൊയിലാണ്ടി ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളും ഹൈടെക്കായി

കൊയിലാണ്ടി: ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച സൗകര്യപ്രദമായ ഹൈടെക് കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.


പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ് ബിയില്‍ നിന്ന് അനുവദിച്ച മൂന്നു കോടി രൂപ ഫണ്ട് ഉപയോഗിച്ചാണ് മനോഹരമായ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള 11 ഡിജിറ്റല്‍ ക്ലാസ് മുറികള്‍, വിശാലമായ സ്റ്റാഫ് റൂം, ഓഡിറ്റോറിയം, മെസ് ഹാള്‍, അടുക്കള, ശൗച്യാലയങ്ങള്‍ എന്നിവ പുതിയ കെട്ടിടത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.


യുഎല്‍സിസി യുടെ നേതൃത്വത്തില്‍ വാപ്‌കോസ് മേല്‍നോട്ടം വഹിച്ചാണ് പ്രവൃത്തി നടത്തിയത്. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഒരു കോടി രൂപ ചെലവില്‍ ഒരു കെട്ടിടം പ്രവൃത്തി കൂടി പൂര്‍ത്തിയായി വരുന്നു.

ഒന്നു മുതല്‍ അഞ്ചു വരെ ക്ലാസ്സുകളോടെ പന്തലായനി എലിമെന്ററി സ്‌കൂളായാണ് ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്.


മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് സ്‌കൂള്‍ എന്നും പന്തലായനി എല്‍പി സ്‌കൂള്‍ എന്നും അറിയപ്പെട്ട ഈ വിദ്യാലയം 1961വരെ ഒറ്റകെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചുവന്നത്.

1961 ല്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂള്‍ നിലവില്‍ വരികയായിരുന്നു. 1997 പ്ലസ് വണ്‍ ബാച്ച് കൂടി അനുവദിക്കപ്പെട്ടതോടെ കൊയിലാണ്ടി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളായി മാറി.

ഹൈടെക് ക്ലാസ് മുറികള്‍, വിശിഷ്ട ഗ്രന്ഥശേഖരമുള്ള ഹൈടെക് ലൈബ്രറി, ആധുനികരീതിയില്‍ സജ്ജീകരിക്കപ്പെട്ട ഐടി ലാബുകള്‍, വിശാലമായ ശാസ്ത്ര ലാബുകള്‍, കൗണ്‍സിലിംഗ് സെന്റര്‍ ഉള്‍പ്പെടെ ഭൗതികസൗകര്യങ്ങള്‍ കൊണ്ട് ഏറെ സമ്പന്നമാണ് ഈ വിദ്യാലയം.

ഒളിമ്പിക്‌സ് ഗെയിംസില്‍ പങ്കെടുത്ത ടിന്റു ലൂക്ക ദേശീയ കായികതാരങ്ങളായി മാറിയ നീന വരകില്‍, രാജശ്രീ തുടങ്ങിയവര്‍ ഗേള്‍സ് സ്‌കൂളിന്റെ കായിക മികവുകളാണ്.

ഏതാനും വര്‍ഷങ്ങളിലായി എസ്എസ്എല്‍സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം നേടിയ പൊതു വിദ്യാലയമാണ് ഇത്. ഈ വര്‍ഷം സമ്പൂര്‍ണ്ണ എപ്ലസ് നിലവാരത്തില്‍ സംസ്ഥാനതലത്തില്‍ ഗവണ്‍മെന്റ് വിദ്യാലയങ്ങളില്‍ ഏഴാം സ്ഥാനത്താണ് ഈ സ്‌കൂള്‍.

ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും കഴിഞ്ഞ കുറേവര്‍ഷങ്ങളായി ജില്ലയിലെ മികച്ച വിജയം നേടുന്ന വിദ്യാലയങ്ങളുടെ പട്ടികയിലാണ് ഈ വിദ്യാലയം.

എന്‍ എസ് എസ്, ജെ ആര്‍ സി, ഗൈഡ്‌സ് വിഭാഗങ്ങള്‍ വര്‍ഷങ്ങളായി ഈ വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്നു. കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയുടെ പ്രത്യേക ശ്രമഫലമായി ഇപ്പോള്‍ മികവിന്റെ അംഗീകാരമായി സ്റ്റുഡന്റ് പോലീസ് വിഭാഗം കൂടി കേരള സര്‍ക്കാര്‍ അനുവദിച്ചിരിക്കുകയാണ്.

ഉദ്ഘാടന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനായി. ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ മുഖ്യാതിഥിയായി. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ കാനത്തില്‍ ജമീല എംഎല്‍എ ശിലാഫലകം അനാഛാദനം ചെയ്തു.

മുന്‍ എംഎല്‍എ കെ ദാസന്‍, നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.പി സുധ, വൈസ് ചെയര്‍മാന്‍ കെ സത്യന്‍, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ നിജിലപറവക്കൊടി, ഇ.കെ അജിത്ത്, പി പ്രജിഷ, പി രത്‌നവല്ലി, ഡിഇഒ സി.കെ വാസു, രാഷ്ടീയ പാര്‍ട്ടി നേതാക്കളായ കെ ഷിജു, കെ.പി വിനോദ് കുമാര്‍, എസ്.ആര്‍ ജയ് കിഷ്, പി.കെ വിശ്വനാഥന്‍, വി.പി ഇബ്രാഹിം കുട്ടി, കെ.കെ നാരായണന്‍, കെ റഹീം, പി.കെ രാധാകൃഷ്ണന്‍, സുരേഷ് മേലേപ്പുറത്ത്, സി സത്യചന്ദ്രന്‍, എം റഷീദ്, പിടിഎ പ്രസിഡന്റ് പി.പി രാധാകൃഷ്ണന്‍, പ്രിന്‍സിപ്പാള്‍ എ.പി പ്രബീത്, പ്രധാനാധ്യാപിക എം.കെ ഗീത, എം.എം ചന്ദ്രന്‍, പി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

 

 

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP