പേരാമ്പ്ര: കൊള്ളക്കാരുടെ സംഘമാണ് കഴിഞ്ഞ അഞ്ചുവര്‍ഷം സംസ്ഥാനം ഭരിച്ചതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി അനില്‍കുമാര്‍.
നാടിനും ജനങ്ങള്‍ക്കും സംരക്ഷണം നല്‍കാനാണ് ഭരണാധികാരികളെ തെരഞ്ഞെടുക്കുന്നത്. എന്നാല്‍ ഇടതുസര്‍ക്കാര്‍ നാടിനെ വിറ്റ് കാശാക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
യുഡിഎഫ് സ്ഥാനാര്‍ത്ഥി സി.എച്ച് ഇബ്രാഹിംകുട്ടിയുടെ പ്രചാരണത്തിന്റെ ഭാഗമായി പൂഴിത്തോട് നടന്ന യുഡിഎഫ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരന്തങ്ങളെ കച്ചവടമാക്കിയ സര്‍ക്കാരാണിത്. പിണറായി സര്‍ക്കാര്‍ ഒരുതവണ കൂടി അധികാരത്തില്‍ വന്നാല്‍ നാട് നശിക്കും. നാടിനെ പുരോഗതിയിലേക്ക് കൊണ്ടുവരാന്‍ യുഡിഎഫ് അധികാരത്തില്‍ വരണം.
ബാറുകളുടെ എണ്ണം കൂടിയത് മാത്രമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന വികസനം. കാര്‍ഷികമേഖലയെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തകര്‍ത്തിരിക്കുകയാണ്. കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനത്തിന് യുഡിഎഫ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കും.
നൂറ് ദിവസത്തിനുള്ളില്‍ റബ്ബറിന്റെ താങ്ങുവില 250 രൂപയാക്കും. ഡോ. കെ.ജി അടിയോടിക്ക് ശേഷം പേരാമ്പ്രയില്‍ സുപ്രധാനമായ ഒരു വികസനവും കൊണ്ടുവരാന്‍ ഇടത് എംഎല്‍എമാര്‍ക്ക് കഴിഞ്ഞിട്ടില്ല. വികസനമുരടിപ്പ് അവസാനിക്കാന്‍ യുഡിഎഫ് ന്റെ വിജയം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
അമ്പാട്ട് അപ്പച്ചന് അധ്യക്ഷത വഹിച്ചു. സത്യന് കടിയങ്ങാട്, ആവള ഹമീദ്, കെ.എ ജോസുകുട്ടി, രാജീവ് തോമസ്, രാജന് മരുതേരി, കെ.കെ വിനോദന്‍, രാജന് വര്‍ക്കി, ടി.കെ ഇബ്രാഹിം, പി.ജെ തോമസ്, ജിതേഷ് മുതുകാട്, മനോജ് എടാണി, മാത്യു പേഴത്തിങ്കല്‍, കെ.ഡി തോമസ്, അമ്മദ് പെരിഞ്ചേരി, ഷൈല ജയിംസ്, ലൈസ ജോര്‍ജ്, ഇ.പി നുസ്രത്ത് എന്നിവര്‍ സംസാരിച്ചു.
News from our Regional Network
