നവരാത്രി ദിന ചിന്തകള്‍

By ടി.വി. മുരളി കുത്താളി | Tuesday October 8th, 2019

SHARE NEWS

സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിന്‍ ഭവതുമേ സദാ
വിദ്യാദേവീ സരസ്വതി.

വിദ്യയ്ക്ക് ശ്രീസരസ്വതിയും ശക്തിക്ക് ശ്രീദുര്‍ഗ്ഗയും സമ്പത്തിനു ശ്രീലക്ഷ്മി ദേവിയും എന്ന വിശ്വാസം ആചാരങ്ങളില്‍ ഒരു ഈശ്വര വിശ്വാസി പൂജിക്കുന്ന ദേവി ഭാവങ്ങള്‍. ദേവന്മാരും,അവതാര ജന്മങ്ങളും പൂജിച്ച ദേവീ ചൈതന്യ രൂപങ്ങള്‍. പുരാണങ്ങളില്‍ പ്രതിപാദിക്കുന്നതും ഈ പ്രപഞ്ച ശക്തികളെ തന്നെ. ശിവഭഗവാനും ശ്രീരാമ-ശ്രീകൃഷ്ണ സങ്കല്പങ്ങളും ശ്രേഷ്ഠകരമായ കാര്യങ്ങള്‍ക്ക് ദേവി പൂജകള്‍ നടത്തുകയും ഫലം കണ്ടെത്തുകയും ചെയ്തതായി കാണാം.

പ്രപഞ്ച സഞ്ചാരത്തില്‍ പലപ്പോഴും ഐശ്വര്യ ദായകവും ധര്‍മ്മ സംസ്ഥാപനവുമായി വരുന്ന ഘട്ടങ്ങളില്‍ ദേവി മാഹാത്മ്യമായ ചരിതങ്ങള്‍ പ്രത്യേകിച്ചും സനാതന സംസ്‌കൃതിയില്‍ ആഴത്തില്‍ കാണാവുന്നതും ഇന്നും അത് പിന്തുടരുന്നതും ഒരു ഭാരതീയ മഹനീയപാരമ്പര്യം തന്നെ.
നാടിന്റെ നാനാത്വം പോലെ പലയിടങ്ങളിലും പല രൂപത്തില്‍ പല ഭാവത്തില്‍ വ്യത്യസ്ത സങ്കല്പത്തില്‍ ആഘോഷിക്കപ്പെടുന്ന നവരാത്രി ആഘോഷങ്ങള്‍ ആത്യന്തികമായി നന്മയുടെ മഹോത്സവം തന്നെയാണ്.

സത്യം ജയിക്കാന്‍, ധര്‍മ്മം ജയിക്കാന്‍, വിജയം ആഘോഷിക്കാനുള്ള മനസുകളുടെ തയ്യാറെടുപ്പ്…
അത് വിജയദശമിയായും വിദ്യാരംഗമായും ദസറയായും വാസ്തുപൂജയായും ദുര്‍ഗാപൂജയായും
രാമ-രാവണയുദ്ധ വിജയദിനമായും കൊണ്ടാടുമ്പോള്‍ എല്ലായിടത്തും പുതിയ തുടക്കത്തിന്റെ, വിജയത്തിന്റെ മന്ത്രണം മാത്രം. ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കുള്ള വഴി കാട്ടാനുള്ള ഉള്‍പ്രേരണ.

ശക്തി സ്വരൂപിണി ആയി ഐശ്വര്യ ദായികയായി വിദ്യാദേവതയായി വാണരുളുന്ന ലക്ഷ്മി ചൈതന്യത്തെ ഒന്‍പത് ദിവസങ്ങളില്‍ വ്യത്യസ്ത പ്രഭാവത്തില്‍ കാണുകയും വൃതനിഷ്ഠയില്‍ പൂജിക്കുകയും ചെയ്തു വരുന്ന ചടങ്ങില്‍ ‘മാതൃത്വ’ പ്രീതി കൂടി കുടികൊള്ളുന്നു. അമ്മയെന്ന പൂജനീയ കര്‍മ്മം. കാളിദാസ പദമൊഴിയില്‍ ‘ജഗത :പിതരൗ വന്ദേ, പാര്‍വതി പരമേശ്വരൗ’എന്നത് ആ മാതൃത്വ ബഹുമാനത്തിന്റെ ഉത്കൃഷ്ട്ടത തന്നെയാണ്.

‘മഹിഷാസുരവധം’ അതിന്റെ പൂര്‍ണ്ണതയില്‍ എത്തുകയും ത്രിലോക സുഖത്തിനു വേണ്ടി ത്രിമൂര്‍ത്തികള്‍ അറിഞ്ഞു സൃഷ്ടിച്ച ആ ‘പരാശക്തി’ സ്ത്രീസൃഷ്ടിയിലൂടെ വിജയം വരിക്കുകയും ചെയ്യുമ്പോള്‍ അവിടെ ആത്യന്തിക വിജയം  സത്യത്തിനായിരുന്നു. ധര്‍മ്മത്തിന് ആയിരുന്നു. അചഞ്ചലമായ നിശ്ചയ ദാര്‍ഢ്യത്തിന് ആയിരുന്നു. ഒന്‍പതു നാള്‍ നീണ്ടുനിന്ന യുദ്ധത്തിനൊടുവില്‍ വിജയം വരിക്കുമ്പോള്‍ തിന്മകളെ ഇല്ലാതാക്കുന്ന മാതൃ-ദേവി വര പ്രസാദം തെളിയുന്നു.

ആ ഒരു വിശ്വാമാണ്, ആ ചിന്തയാണ് നമ്മെ നയിക്കേണ്ടത്. ആ പ്രസാദമാണ് ആദ്യാക്ഷരമായി അറിവായി മധുരമായി പകരേണ്ടത്. ക്ഷേത്രങ്ങള്‍ ആയാലും ഭവനങ്ങള്‍ ആയാലും വിദ്യ കേന്ദ്രങ്ങള്‍ ആയാലും തൊഴില്‍ ഇടങ്ങളില്‍ ആയാലും വിശ്വാസികളില്‍ എല്ലായിടത്തും ഉയരുന്ന ദേവി സ്തുതിയും കീര്‍ത്തനവും വെറുമൊരു ജപമല്ല. മനസ്സില്‍ ആഴത്തില്‍ സന്നിവേശിപ്പിക്കേണ്ടുന്ന മൂല്യങ്ങളാണ്. ആദ്യം കാളിയും പിന്നെ മഹാലക്ഷ്മിയും മഹാസരസ്വതിയുമായി രൗദ്രതയില്‍ നിന്ന് സ്‌നേഹ ഭാവത്തിലേക്കുള്ള ഒരു ചൈതന്യയാനം ആ മഹനീയ സങ്കല്‍പം ദേവീ മാഹാത്മ്യം തന്നെ.

മരിച്ചാലും ആ രക്തത്തില്‍ നിന്നും പുനര്‍ജനിക്കാനുള്ള ഒരു ശക്തിയെ നേരിട്ട് നേടിയ വിജയമെന്ന് വരികള്‍ വര്‍ണ്ണിക്കുമ്പോള്‍ ആ ധര്‍മ്മ വിജയം ഒരു പ്രപഞ്ച ശക്തിയുടെ, ചൈതന്യത്തിന്റെ പൗരാണിക നിയോഗമായി ഇന്നും കാലം തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ ആ വിജയ ദിനത്തില്‍ ഹരിശ്രീ കുറിക്കുന്ന ഇളം മനസ്സുകളും ആയുധകര്‍മ്മ വിദഗ്ധരും ഹൃദയം കൊണ്ട് സുഖിനോ ഭവന്ദു
പ്രാര്‍ത്ഥിക്കുന്ന ലോകരും ആഗ്രഹിക്കുന്നത് ഐശ്വര്യത്തെ മാത്രം. അത് തനിക്കും നാടിനും ആകുമ്പോള്‍ നന്മയുള്ള ഒരു സമൂഹക്രമത്തിന്റെ ഭാഗം തന്നെ ആകുന്നു..

ടി.വി. മുരളി കുത്താളി

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read