പേരാമ്പ്ര : ചങ്ങരോത്ത് പഞ്ചായത്തിലെ പട്ടാണിപ്പാറ നരിമഞ്ചക്കല്‍ കോളനിക്ക് സമീപം നീട്ടുപാറ ഭാഗത്തെ 25ഓളം വീടുകള്‍ക്ക് കരിങ്കല്‍ ക്വാറി ഖനനം ഭീഷണിയാവുന്നു. ഏത് സമയവും മറ്റൊരു കരിഞ്ചോലയും പൂത്തുമലയും ആവര്‍ത്തിക്കുമെന്ന ഭയത്തോടെയാണ് ഈ പ്രദേശത്തുകാര്‍ അന്തിയുറങ്ങുന്നത്.
ചെങ്കുത്തായ മലയിലാണ് ഇവിടെ ക്വാറി പ്രവര്‍ത്തിക്കുന്നത്. ഇതിന് താഴെയായി ഇരുപതോളം വീടുകളില്‍ ആള്‍താമസമുണ്ട്. അഞ്ചോളം വീട്ടുകാര്‍ ഭീതിമൂലം വീടൊഴിഞ്ഞ് പോവുകയും ചെയ്തു. അതിവര്ഷമുണ്ടാവുമ്പോള് ഭീതിയോടെയാണ് കഴിയുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
കഴിഞ്ഞ രണ്ട് മാസക്കാലമായി ഇവിടെ ക്വാറി പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കാനുള്ളശ്രമം ക്വാറി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായതോടെയാണ് നാട്ടുകാര്‍ എതിര്‍പ്പുമായി രംഗത്ത് വന്നത്. ക്വാറിയില്‍ ഖനനം നടക്കുേമ്പാള്‍ സമീപത്തെ വീടുകളുടെ ജനലുകളില്‍ പ്രകമ്പനം ഉണ്ടാവാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
ക്വാറിയില്‍ കെട്ടി നില്ക്കുന്ന വെള്ളം കുത്തിയൊലിച്ച് സമീപത്തെ പറമ്പുകളില്‍ മണല്‍ അടിഞ്ഞിരിക്കുകയാണ്. മലയുടെ മുകളില്‍ വളരെ ആഴത്തില്‍ മണ്ണ് നീക്കം ചെയ്താണ് ഇവിടെ ക്വാറി പ്രവര്‍ത്തിക്കുന്നത്. കൊത്തിയപാറ നീട്ടുപാറ റോഡ്, ക്വാറിയില്‍ നിന്ന് നിരന്തരം വാഹനം പോവുന്നതിനാല്‍ തകര്‍ന്ന നിലയിലാണ്.
നാട്ടുകാര്‍ക്ക് ഭീഷണിയായ ക്വാറിക്കെതിരെ ജില്ല കലക്ടര്‍, ആര്‍ഡിഒ, തഹസില്‍ദാര്‍, വില്ലേജ്ഓഫീസര്‍, പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ക്ക് പരാതി നല്കി കാത്തിരിക്കുകയാണ് നാട്ടുകാര്‍.