വിജയ ചരിത്രം രചിച്ച കുടുംബശ്രീ ഹോംഷോപ്പിനെക്കുറിച്ച് പഠിക്കാന്‍ ന്യൂയോര്‍ക്ക് സംഘം കോഴിക്കോട്ടെത്തി

By | Thursday July 11th, 2019

SHARE NEWS

പേരാമ്പ്ര : വിജയ ചരിത്രം രചിച്ച കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിയെ അടുത്തറിയുന്നതിനും നേരിട്ട് മനസ്സിലാക്കുന്നതിനുമായി ന്യൂയോര്‍ക്കില്‍ നിന്നും പഠനസംഘം കോഴിക്കോട്ടെത്തി. കോഴിക്കോട് ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന 42 കുടുംബശ്രീ ഉല്‍പാദന യൂണിറ്റുകളില്‍ നിന്നും നിര്‍മ്മിക്കുന്ന എണ്‍പതോളം വ്യത്യസ്തമായ ഉല്‍പ്പന്നങ്ങള്‍ കോഴിക്കോട് ജില്ലയില്‍ തന്നെയുള്ള ആയിരത്തില്‍പരം ഹോംഷോപ്പ് ഉടമകള്‍ നിത്യേനയെന്നോണം വീടുകളില്‍ എത്തിക്കുന്നതും വമ്പന്‍ ബ്രാന്‍ഡഡ് കമ്പനി ഉല്‍പ്പന്നങ്ങളെ ഉപേക്ഷിച്ചുകൊണ്ട് ജനങ്ങള്‍ പുതിയ ഉപഭോഗശീലത്തിലേക്ക് മാറിയതുമായ അത്ഭുതകരമായ കഥയെ അടുത്തറിയുകയായിരുന്നു പഠനസംഘത്തിന്റെ ലക്ഷ്യം.

കൈതക്കലിലെ സമത പ്രൊഡക്ഷന്‍ യൂണിറ്റ്, കൊയിലാണ്ടിയിലെ ഹോംഷോപ്പ് പദ്ധതിയുടെ ഹെഡ് ഓഫീസ്, ഹോംഷോപ്പ് ഓണര്‍മാരുടെ വീടുകള്‍, സ്റ്റോക്ക് പോയിന്റുകള്‍, ഉള്ളിയേരി പാലോറയിലെ ഓഫീസ് സംവിധാനം, കൊടുവള്ളിയിലെ ഹോംഷോപ്പ് ഓണര്‍മാര്‍ക്കുള്ള പരിശീലന വേദി, കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസ്, തുടങ്ങിയവ സംഘാംഗങ്ങള്‍ സന്ദര്‍ശിച്ചു. സാമൂഹ്യ പ്രവര്‍ത്തകരും സിറ്റി യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്കിലെ ഗവേഷക വിദ്യാര്‍ഥികളുമായ മാത്യു നെയില്‍ ഫ്യൂസ്റ്റ് ബ്ലോക്ക്, സപ്തഗിരി എന്നിവരും കുടുംബശ്രീ ഉദ്യോഗസ്ഥരായ ധീരജ്, പ്രഷിത എന്നിവരുമാണ് സംഘത്തിലുണ്ടായിരുന്നത്.

കോഴിക്കോട് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി സംഘം ഇന്ന് തിരുവനന്തപുരത്തേക്ക് തിരിക്കും. 9 ഉല്‍പ്പന്നങ്ങളും 25 ഹോംഷോപ്പ് ഉടമകളുമായി 2010 ജൂലൈ മാസത്തില്‍ കൊയിലാണ്ടിയില്‍ ആരംഭിച്ച പദ്ധതിയില്‍ ഇന്ന് 42 കുടുംബശ്രീ ഉല്‍പ്പാദന യൂണിറ്റുകളും എണ്‍പതില്‍പരം ഉല്‍പ്പന്നങ്ങളും 1200 ഓളം ഹോംഷോപ്പ് ഉടമകളുമുണ്ട്. ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയും മുഴുവന്‍ വാര്‍ഡുകളിലേക്കും വ്യാപിപ്പിച്ച്, സെപ്റ്റംബര്‍ മാസത്തോടെ സമ്പൂര്‍ണ്ണ ഹോംഷോപ്പ് പ്രഖ്യാപനം നടത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഹോംഷോപ്പ് പദ്ധതിയുടെ ജില്ലാകോഡിനേറ്റര്‍ പ്രസാദ് കൈതക്കല്‍ പറഞ്ഞു.

ഉള്ളിയേരി പാലോറയിലെ ഹോം ഷോപ്പ് പദ്ധതി ഓഫീസില്‍ വച്ചു നടന്ന സ്വീകരണ പരിപാടിയില്‍ ഫിനാന്‍ഷ്യല്‍ മാനേജര്‍ സതീശന്‍ കൈതക്കല്‍, ടി.കെ. മഞ്ജുള തുടങ്ങിയവര്‍ സംസാരിച്ചു. അരുണിമ കുളപ്പുറത്ത് സ്വാഗതവും ഷബിനാ മനോജ് നന്ദിയും രേഖപ്പെടുത്തി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read