പന്തിരിക്കരയില്‍ ഒഴിഞ്ഞ പറമ്പില്‍ അറവ് മാലിന്യ നിക്ഷേപം

By | Monday September 16th, 2019

SHARE NEWS

പേരാമ്പ്ര : ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ പന്തിരിക്കരക്ക് സമീപം ചവറംമൂഴി റോഡിന് സമീപം ഒഴിഞ്ഞ പറമ്പില്‍ മാലിന്യ നിക്ഷേപം. കുറ്റ്യാടി ജലസേചന പദ്ധതിയുടെ വലതുകര മെയിന്‍ കനാലിനും പന്തിരിക്കര ചവറംമൂഴി റോഡിനും സമീപത്തായി മുണ്ടപ്പള്ളി എന്ന സ്ഥലത്താണ് ടണ്‍ കണക്കിന് അറവ് മാലിന്യങ്ങള്‍ നിക്ഷേപിച്ചത്. രാത്രി കാലങ്ങളില്‍ വലിയ വാഹനങ്ങളില്‍ ഇവിടെ മാലിന്യം കൊണ്ട്‌വന്ന് തള്ളുകയാണ് പതിവ്.

8 ഏക്കറോളം വരുന്ന വിശാലമായ പറമ്പില്‍ വലിയ കുഴികളെടുത്ത് അതിലാണ് മാലിന്യ നിക്ഷേപം നടത്തുന്നത്. പ്രദേശത്തെ ഒരു മത സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥലം. ഇവിടെ മാലിന്യ നിക്ഷേപം നടന്നതായ് ഇതിന്റെ അധികൃതര്‍ ഇന്ന് പെരുവണ്ണാമൂഴി പൊലീസില്‍ പരാതി നല്‍കിയിരുന്നു. അറവ് മാലിന്യ നിക്ഷേപം നടന്നതായ് അറിഞ്ഞ പരിസര വാസികള്‍ ഗ്രാമപഞ്ചായത്തിലും പൊലീസിലും വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തിന്റെ ഉടമസ്ഥരായ സ്ഥാപനത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇവിടെ മാലിന്യ നിക്ഷേപം നടത്തുന്നതെന്ന് അധികൃതര്‍ പൊലീസിനോട് പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ആരോഗ്യ വകുപ്പ് അധികൃതരും പൊലീസും സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു. ഇവര്‍ സ്ഥലത്തിന്റെ ഉടമസ്ഥതയിലുള്ള സൊസൈറ്റിയുടെ അധികൃതരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഉടമസ്ഥര്‍ തന്നെ മാലിന്യം കുഴിച്ചു മൂടാനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് അറിയിച്ചു.

മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് മാലിന്യങ്ങള്‍ കുഴിച്ചു മൂടുകയും നീറ്റ് കക്ക ഉപയോഗിച്ച് അണു വിഗരണം തടയാനും തീരുമാനിച്ചു. ഈ സ്ഥലം മുമ്പ് ഒരു അറവുശാലയുടെ മാലിന്യ സംസ്‌ക്കരണത്തിന് അനുവദിച്ചിരുന്നെങ്കിലും പിന്നീട് നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തുകയായിരുന്നു. പിന്നീട് വിവിധ ഭാഗങ്ങളില്‍ നിന്നും മാലിന്യം ശേഖരിക്കുന്ന ഏജന്റ്മാര്‍ രാത്രി കാലങ്ങളില്‍ ഇവിടെ മാലിന്യം നിക്ഷേപിക്കുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവിടെ മാലിന്യമെത്തുന്നതായി നാട്ടുകാര്‍ പറഞ്ഞു.

സ്ഥലം നോക്കി നടത്തുന്ന വ്യക്തിയുടെ ഒത്താശയോടെയാണിതെന്നും അവര്‍ കരുതുന്നു. വിവാഹ വീടുകളിലെയും മറ്റ് പരിപാടികളിലെയും ഭക്ഷണാവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്ന സ്ഥലമായി ഈ പറമ്പും സമീപ പ്രദേശങ്ങളും മാറിയിരിക്കുകയാണ്. മാലിന്യ നിക്ഷേപത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പെരുവണ്ണാമൂഴി സബ്ബ് ഇന്‍സ്‌പെക്ടര്‍ എ.കെ. അസ്സന്‍ അറിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ലീല, ഹെഡ് ക്ലര്‍ക്ക് ബാബുരാജ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലം സന്ദര്‍ശിച്ചത്. ആരോഗ്യ വകുപ്പ് മാലിന്യ നിക്ഷേപത്തിനെതിരെ ഇന്ന് നോട്ടീസ് നല്‍കുമെന്ന് അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read