അശരണരെയും ആലംബ ഹീനരെയും വിരുന്നൂട്ടി പന്തിരിക്കരയിലെ മൂസക്ക

By | Thursday October 17th, 2019

SHARE NEWS

പേരാമ്പ്ര : കഴിഞ്ഞ 47 വര്‍ഷമായി പന്തിരിക്കര അങ്ങാടിയില്‍ ഹോട്ടല്‍ നടത്തിവരുന്ന മുക്കുട്ടന്‍കണ്ടി മൂസ എന്ന മുബാറക് മൂസയുടെ ഹോട്ടല്‍ കേവലമൊരു വ്യാപാരസ്ഥാപനമല്ല. അഗതികളും അശരണരുമായവരുടെ ദേവാലയം കൂടിയാണ്. ആതുര സേവനത്തിന്റെ പുതിയ മാതൃകയാണ് പന്തിരിക്കര അങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന മുബാറക്ക് ഹോട്ടല്‍. വര്‍ഷങ്ങളായി സമൂഹത്തില്‍ ദൈന്യത അനുഭവിക്കുന്നവര്‍ക്ക് ഇവിടെ നിന്നും സൗജന്യമായി ഭക്ഷണം നല്‍കി വരുന്നു.

2013ല്‍ പന്തിരിക്കരയില്‍ വെച്ച് നടന്ന കാഴ്ചവൈകല്യമുള്ളവരുടെ സമ്മേളനത്തിനെത്തിയവര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കിയും താമസ സൗകര്യമൊരുക്കിക്കൊടുത്തതും മൂസയാണ്. വര്‍ഷങ്ങളായി 15ഓളം നിത്യരോഗികളായവര്‍ക്ക് പതിവായി ഇവിടെ നിന്നും ഭക്ഷണം നല്‍കി വരുന്നു. അശരണരെയും ആലംബ ഹീനരെയും വിരുന്നൂട്ടുന്ന പദ്ധതി കഴിഞ്ഞ ദിവസം മുതല്‍ വിപുലീകരിച്ചിരിക്കുകയാണ് പന്തിരിക്കരക്കാരുടെ മൂസ്സ.

പ്രദേശത്തെ 80 വയസ് കഴിഞ്ഞവര്‍ക്ക് നിത്യവും സൗജന്യ ഭക്ഷണം നല്‍കാന്‍ തയ്യാറെടുത്ത് കഴിഞ്ഞു. കഴിഞ്ഞ ദിവസം മുതല്‍ ജീവിതത്തിന്റെ സായന്തനത്തില്‍ കഷ്ടത അനുഭവിക്കുന്ന 20 പേര്‍കൂടി മൂസ്സയുടെ വിരുന്നുകാരായെത്തി. ദിവസവും ഏത് സമയത്താണോ ഇവര്‍ വരുന്നത് അവര്‍ക്കുള്ള ഒരു നേരത്തെ ഭക്ഷണം മുബാറക്കിന്റെ അടുക്കളയില്‍ കരുതി വെച്ചിട്ടുണ്ടാവും. സല്‍ക്കാര പ്രിയനായ മൂസക്ക് ആളുകളെ ഊട്ടാന്‍ വലിയ ഇഷ്ടമാണ്.

വര്‍ഷം തോറും സമൂഹ നോമ്പുതുറ തന്റെ ഹോട്ടലില്‍ നടത്തുന്ന ഇദ്ദേഹം പ്രദേശത്ത് മത മൈത്രി ഊട്ടി ഉറപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. ലോക ഭക്ഷ്യദിനമായ ഇന്നലെ എസ്ഡിപിഐ പന്തിരിക്കത യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മൂസയെ ആദരിച്ചിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read