Categories
headlines

സഹജീവി സ്‌നേഹത്തിന് ഉത്തമ മാതൃകയായി മിണ്ടാപ്രാണികളെ ഹൃദയത്തോട് ചേര്‍ത്ത് രജിത

പേരാമ്പ്ര: ഇന്ന് തിരക്കിട്ട ജീവിതത്തിനിടയില്‍ ഉറ്റവരെ പോലും മറക്കുന്ന ആളുകളാണ് നമുക്കിടയിലുള്ളത്. എന്നാല്‍ ഇവിടെ കായണ്ണയില്‍ മനുഷ്യത്വം മരവിക്കാത്ത ഒരു ഓട്ടോ ഡ്രൈവറുണ്ട്.


കായണ്ണയിലെ തെരുവ് പട്ടികള്‍ക്ക് സംരക്ഷകയാവുകയാണ് ഓട്ടോ ഡ്രൈവറായ രജിത. കായണ്ണയിലെ തുമ്പമല പടിഞ്ഞാറെ ചാലില്‍ രജിതയാണ് 20 ഓളം തെരുവ് പട്ടികളെ സംരക്ഷിക്കുന്നത്.

കോവിഡ് വ്യാപനം രൂക്ഷമായതോടെ കഴിഞ്ഞ വര്‍ഷം നാട് അടച്ചു പൂട്ടിയപ്പോള്‍ കായണ്ണയിലെ തെരുവ് പട്ടികള്‍ പട്ടിണിയിലായി. അപ്പോഴാണ് അവര്‍ക്ക് മുന്നില്‍ ഭക്ഷണവുമായി രജിത അവതരിച്ചത്.


തുടര്‍ന്നിങ്ങോട്ട് നിത്യവും ഇരുപതോളം പട്ടികളെ ഊട്ടുന്ന ഉത്തരവാദിത്വം രജിത ഏറ്റെടുത്തു. ദിവസവും രണ്ട് നേരം ഇവര്‍ക്ക് ഭക്ഷണമെത്തിച്ച് കൊടുക്കും.

കോഴിക്കടകളില്‍ നിന്ന് ലഭിക്കുന്ന മാംസാവശിഷ്ടവും വീട്ടില്‍ നിന്ന് ചോറുമെല്ലാം ഈ യുവതി നായ്ക്കള്‍ക്കു വേണ്ടി മറക്കാതെ എത്തിക്കും. ടൗണില്‍ നിന്ന് മാറി ആള്‍ ഒഴിഞ്ഞ സ്ഥലത്താണ് ഭക്ഷണമെത്തിച്ച് നല്‍കുക.


സുന്ദരി, റാണി, ചെമ്പന്‍, ടോണി ഇവയെല്ലാം തങ്ങള്‍ക്ക് അന്നവുമായെത്തുന്ന അന്നദാതാവായ രജിതയെ കാത്തിരിപ്പാണ്. അവര്‍ക്ക് അസുഖം വന്നാല്‍ ആശുപത്രിയില്‍ എത്തിക്കാനും അവള്‍ ഓടിയെത്തും.

കായണ്ണയിലെ ആദ്യ വനിതാ ഓട്ടോ ഡ്രൈവറാണ് രജിത. ദൂരെ സ്ഥലങ്ങളില്‍ ഓട്ടം ലഭിക്കുമ്പോള്‍ ചിലപ്പോള്‍ രാത്രി വൈകിയാണ് കായണ്ണയില്‍ തിരിച്ചെത്തുക എന്നാല്‍ രജിതയുടെ ഓട്ടോയും കാത്ത് ശുനകക്കൂട്ടം ടൗണിലുണ്ടാവും.

എത്ര വൈകിയാലും എവിടെ നിന്നെങ്കിലും ഭക്ഷണം ഇവര്‍ക്ക് എത്തിച്ചു കൊടുത്തിട്ടേ രജിത വീട്ടില്‍ പോകാറുള്ളൂ. ഓട്ടോറിക്ഷക്ക് ഓട്ടമില്ലാത്ത സമയത്ത് മില്‍മ ബൂത്തിലും നില്‍ക്കാറുണ്ട്.

ബൂത്ത് ഉടമ കൊരവന്‍ തലക്കല്‍ സുമയും രജിതയുടെ ഈ സദ് പ്രവൃത്തിക്ക് സഹായവുമായി കൂടെയുണ്ട്. രജിതക്ക് കിട്ടുന്ന വരുമാനത്തിന്റെ ചെറിയൊരു ഭാഗം അവള്‍ ഈ സഹജീവികള്‍ക്ക് വേണ്ടി മാറ്റിവെക്കുകയാണ്.

കൃത്യമായി ഭക്ഷണം ലഭിക്കുന്നത് കൊണ്ട് തെരുവ് പട്ടികളെക്കൊണ്ട് നാട്ടുകാര്‍ക്കും വലിയ ശല്യമില്ലെനന്ന് നാട്ടുകാരും പറയുന്നു. സഹജീവി സ്‌നേഹത്തിന് ഉത്തമ മാതൃകയായി രജിത ഓടിക്കൊണ്ടിരിക്കുകയാണ്.

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP