ആവടുക്കയില്‍ വിദ്യാര്‍ഥിനി മരിച്ച സംഭവം; ആരോഗ്യ വിഭാഗം പ്രദേശത്തെ വീടുകളില്‍ പരിശോധന നടത്തി

By | Thursday September 12th, 2019

SHARE NEWS

പേരാമ്പ്ര: കൂത്താളി ഗ്രാമപഞ്ചായത്തിലെ ആവടുക്കയില്‍ കഴിഞ്ഞ ദിവസം ഒരു വിദ്യാര്‍ഥിനി മരിച്ചതിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ വിഭാഗം പ്രദേശത്തെ വീടുകളില്‍ പരിശോധന നടത്തി.

ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളുടേയും കൂത്താളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടേയും ആശ പ്രവര്‍ത്തകരുടേയും രാഷ്ട്രീയ സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ പ്രദേശത്ത് പനി സര്‍വ്വേയും ക്ലോറിനേഷന്‍ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും നടത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ഹസ്സന്‍കുട്ടി, വാര്‍ഡുമെംബര്‍ ഇ.വി. മധു, ഹെല്‍ത്ത് ഇന്‍സ്‌പെകര്‍ സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 65 വീടുകള്‍ സന്ദര്‍ശിക്കുകയും 30 വീടുകളിലെ കിണറുകളും മറ്റു വീടുകളിലേക്ക് വെള്ളം നല്‍കുന്ന ജലനിധിയുടെ കിണറും ക്ലോറിനേറ്റു ചെയ്തു.

ഞായറാഴ്ചയാണ് ആവടുക്ക കൂളികെട്ടുംപാറ സനുഷ (14) മരിക്കുന്നത്. വയറിളക്കവും ശ്വാസംമുട്ടുമായാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ സനുഷ ചികിത്സ തേടിയത്. ഇവിടെ നിന്ന് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് കൊണ്ടു പോയിരുന്നെങ്കിലും രക്ഷിക്കാനായില്ല.

ഇതിനിടെ പെണ്‍കുട്ടിയുടെ സഹോദരിയെയും മുത്തച്ഛനെയും വയറിളക്കത്തെ തുടര്‍ന്ന് ബുധനാഴ്ച മെഡിക്കല്‍ കോളെജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യ വിഭാഗം അധികൃതര്‍ പ്രദേശത്ത് പരിശോധന നടത്തിയത്.

മരണപ്പെട്ട കുട്ടിയുടെ വീട്ടിലെ കിണര്‍ വെള്ളം പരിശോധനയ്ക്കായി കോഴിക്കോട് റീജിനല്‍ അനലെറ്റിക്കല്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഷിഗല്ല ബാക്ടീരിയ ബാധിച്ചിട്ടുണ്ടോ എന്ന സംശയമുള്ളതിനാല്‍ സാമ്പിള്‍ ഇതിനുള്ള പരിശോധനക്കും വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read