Categories
headlines

ദ്രാവിഡ അഴകുകള്‍ വരച്ചുകാട്ടിയ ബ്രഷുകള്‍ ഇനി ചലിക്കില്ലല്ലോ

തമിഴകം കേട്ടതൊക്കെയും മനോഹരമായ ഇളയരാജ സംഗീതമാണെങ്കില്‍, കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി തമിഴകം കണ്ടാസ്വദിച്ചത് യുവചിത്രകാരനായ എസ്. ഇളയരാജയുടെ ചിത്രങ്ങളായിരുന്നു.


പലരും ആര് വരച്ചതാണെന്നറിയാതെ സോഷ്യല്‍ മീഡിയകളില്‍ ധാരാളം കണ്ടും ഷെയര്‍ ചെയ്തും പോയ ചിത്രങ്ങള്‍. ഇന്ത്യന്‍ ചിത്രകലയ്ക്ക് കേരളം സംഭാവന ചെയ്ത രാജാരവിവര്‍മ്മ ഹൈന്ദവ ദൈവങ്ങളേയും, രാജകുടുംബാഗങ്ങളെയും തന്റെ ചിത്രരചനയിലൂടെ ആവിഷ്‌കരിക്കുകയും അതുവഴി ചിത്രകലയെ ജനകീയവത്കരിക്കുകയും ചെയ്തതില്‍ വഹിച്ച പങ്ക് വളരെ വലുതാണ്.

എന്നാല്‍ ഇളയരാജയുടെ ചിത്രങ്ങള്‍ രവിവര്‍മ്മ ചിത്രങ്ങള്‍ പോലെ റിയലിസ്റ്റിക്ക് ആണെങ്കിലും ചിത്രങ്ങളില്‍ വിഷയമായി വന്നത് ഒരിക്കലും രാജകുടുംബങ്ങളോ, ഇന്നാണെങ്കില്‍ സിനിമാനടിമാരോ, നടന്‍മാരോ ആയിരുന്നില്ല.


ദ്രാവിഡ തമിഴ് പെണ്‍കുട്ടികളെയും സ്ത്രീകളേയും ഇത്രയും മനോഹരമായി ആവിഷ്‌കരിച്ച മറ്റൊരു കലാകാരനില്ല. ദ്രാവിഡസ്ത്രീ സംസ്‌കാരവും , സാമ്പ്രദായിക ജീവിതകാഴ്ചകളും അനിതര സാധാരണ നിരീക്ഷണ പാടവങ്ങളിലൂടെ ഇളയരാജ തന്റെ ക്യാന്‍വാസിലൂടെ ലോകം മുഴുവന്‍ കാണിച്ചു കൊടുക്കുകയാണുണ്ടായത്.

ആധുനികതയുടെ ഒഴുക്കില്‍ പെട്ട് നഷ്ടപ്പെടാന്‍ സാധ്യതയുള്ള ഗ്രാമീണ ദ്രാവിഡ കാഴ്ചകള്‍ ലോകത്തെവിടെയും ഇരുന്ന് കാണുന്ന തമിഴന്റെ മനസ്സിനെ ശാന്തമാക്കുന്നതാണെന്ന് തമിഴ് ചിത്രാസ്വാധകര്‍ അഭിപ്രായപ്പെടുന്ന പെയിന്റിങ്ങുകളാണ് ഇളയരാജയുടേത്.


ഒരേ സമയം രവിവര്‍മ്മ ചിത്രങ്ങളുടെ പ്രാദേശികതയും അതേസമയം നിഴല്‍ വിന്യാസത്തിന്റേയും പ്രകാശത്തിന്റേയും മാന്ത്രികത ഒളിപ്പിച്ച പാശ്ചാത്യ ചിത്രകാരന്‍ റംബ്രാഡിന്റെ ചിത്രങ്ങളുടേയും സംഗമമാണ് ഇളയരാജയുടെ പെയിന്റിംഗുകള്‍.

ദ്രാവിഡീയന്‍ സ്ത്രീകളുടെ സൗന്ദര്യവും വസ്ത്രധാരണത്തിന്റെ ദ്രവചലനവും(fluid movement) ഒരു പോലെ അലിഞ്ഞു ചേര്‍ന്നതാണ് ചിത്രങ്ങളുടെ ചലനാത്മക സ്വഭാവം.

ചിത്രത്തിലെ കഥാപാത്രങ്ങള്‍ എന്തിനെയോ പ്രതീക്ഷിക്കുന്നതു പോലുള്ള ആവിഷ്‌കാരവും.

ഓരോ കഥയാണ് തന്റെ ഓരോ ചിത്രത്തിലൂടെ പ്രേക്ഷകന്റെ മനസ്സിലേക്ക് ഇളയരാജ തരുന്നത്. വീട്ടുമ്മറപ്പടിയില്‍ കാത്തിരിക്കുന്ന സഹോദരിമാരുടെ ചിത്രം അതില്‍ ഏറ്റവും ഭംഗിയുള്ളതാണ്.

ഇളയ സഹോദരി അകത്ത് നിന്ന് വരുമ്പോള്‍ കരുതിയ അരിമണികളാവാം ആ പ്രാവുകള്‍ കൊത്തിത്തിന്നുന്നത്. sisters(സഹോദരിമാര്‍) എന്നു പേരിട്ട ഇളയരാജയുടെ ഈ പെയിന്റിംഗ് അത്രമേല്‍ മനോഹരമാണെന്ന് പറയാതെ വയ്യ.

അമ്മയുടെ സ്‌നേഹത്തെ കാണിക്കുന്ന ഒരുപാട് ചിത്രങ്ങള്‍ വരയ്ക്കപ്പെട്ടിട്ടുണ്ടെിലും, തമിഴ് പാശ്ചാത്തലത്തില്‍ നിഴല്‍ വെളിച്ചങ്ങളുടെ അസാധ്യ പ്രയോഗത്താല്‍ ഒരമ്മയുടെ മുഴുവന്‍ സ്‌നേഹവും പ്രേക്ഷര്‍ക്ക് ആസ്വദിക്കാവുന്ന രീതിയില്‍ ഇളയരാജ വരച്ച ചിത്രമാണ് LOVE (സ്‌നേഹം).

അമ്മയുടെ മുഖത്ത് കുറച്ചു നേരം നോക്കി നിന്നാല്‍ ആര്‍ക്കും ആസ്വദിക്കാവുന്ന, അമ്മയോര്‍മ്മകള്‍ ജ്വലിപ്പിക്കുന്ന അതിമനോഹരമായ ചിത്രകാവ്യമാണ് ലൗ എന്ന ചിത്രത്തിലൂടെ ആവിഷ്‌കരിച്ചത്.

 

ഇളയരാജയുടെ ചിത്രങ്ങളില്‍ കൂടുതലായി വരുന്ന മറ്റൊരു പാശ്ചാത്തലം അടുക്കളയാണ്. കുക്കിങ്ങ് എന്നതിനെ അദ്ദേഹം പലപ്പോഴായി വിഷയമാക്കിയിട്ടുണ്ട്.

പ്രത്യേകിച്ച്‌ പാരമ്പര്യ രീതിയിലുള്ള അടുക്കളയും പാചകം ചെയ്യുന്ന സ്ത്രീകളുമാണ് അദ്ദേഹത്തിന് വിഷയമായി വന്നത്.

ഇളയരാജയുടെ പെയിന്റിംഗുകളുടെ മറ്റൊരു പ്രത്യേകത അതിന്റെ ജനകീയതയാണ്. ഏത് ജീവിതത്തിലും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ നേരിട്ടോ മറ്റല്ലാതെയോ ഒരു നോക്കു കാണാന്‍ ഗൃഹാതുരമായ ഓര്‍മ്മകളിലേക്ക് പെട്ടന്ന് സാധാരണക്കാരനായ തമിഴനെ കൊണ്ടുപോകാന്‍ കഴിവുള്ള ശക്തമായ ഫ്രെയിമുകളാണ് അദ്ദേഹത്തിന്റേത്.

സോഷ്യല്‍ മീഡിയകളുടെ കടന്നുവരവോടെ ഏതൊരു ചിത്രകാരനെയും പോലെ തന്റെ ചിത്രങ്ങളെയും ലോകം മുഴുവനും സോഫ്റ്റ് കോപ്പി കാണിക്കാനായി എന്നതും ഇളയരാജയുടെ ചിത്രങ്ങള്‍ക്ക് സ്വീകാര്യത വര്‍ദ്ധിപ്പിച്ചു.

ഇങ്ങനെ ഒട്ടനവധി ക്യാന്‍വാസുകളില്‍ നിറങ്ങളാല്‍ കാവ്യങ്ങള്‍ രചിച്ച ആ യുവകലാകാരനെ കോവിഡ് എന്ന മഹാമാരി നമ്മളില്‍ നിന്നും കൊണ്ടുപോയിരിക്കുകയാണ്.

ഇന്ത്യന്‍ റിയലിസ്റ്റിക് ചിത്രകലയ്ക്കും ദ്രാവീഡിയന്‍ സംസ്‌കാരത്തിന്റെ നേര്‍ കാഴ്ചയ്ക്കും തീരാനഷ്ടമാണ് ഇളയരാജയെന്ന വിഖ്യാത ചിത്രകാരന്റെ വിയോഗം.

തീര്‍ച്ചയായും പ്രിയ കലാകാരാ നിങ്ങള്‍ക്ക് മരണമില്ല. ചിത്രങ്ങളിലൂടെ നിങ്ങള്‍ അനന്തകാലം ജീവിക്കും. ആദരാഞ്ജലികള്‍.

 

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP