Categories
headlines

ക്ഷേമൈശ്വര്യങ്ങള്‍ അന്വേഷിച്ച് ഇത്തവണയും പണ്ടാട്ടി എത്തില്ല


കൊയിലാണ്ടി: ആര്‍പ്പാരവങ്ങളും പടക്ക ധ്വനികളുമുയര്‍ത്തി വന്നെത്തുന്ന വിഷുപ്പുലരികള്‍ക്ക് ആചാരപ്പൊലിമയേകാന്‍ ഇത്തവണയും കൊരയങ്ങാട് ക്ഷേത്രത്തില്‍ പ്രത്യേക ഒരുക്കങ്ങളുണ്ടാവില്ല. പ്രജകളുടെ ക്ഷേമൈശ്വര്യങ്ങള്‍ കാണാന്‍ ഇക്കുറി പണ്ടാട്ടി എത്തില്ല.


കോവിഡ് മഹാമാരിയുടെ രണ്ടാം വരവോടെ ഉയര്‍ന്ന ആശങ്കയെ തുടര്‍ന്നാണ് കൊയിലാണ്ടി കൊരയങ്ങാട് തെരുനിവാസികള്‍ പതിറ്റാണ്ടുകളായി പാലിച്ചു വരുന്ന വിഷുദിനത്തിലെ പണ്ടാട്ടി ആഘോഷം നിര്‍ത്തിവെച്ചതെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ ബാലന്‍ കുന്നക്കണ്ടിയും, ബിജു പുത്തന്‍പുരയും വ്യക്തമാക്കി പറഞ്ഞു.

ഉത്തര മലബാറിലെ പത്മശാലിയ സമുദായത്തില്‍ കാലാകാലങ്ങളായി ആചരിച്ചു വരുന്ന വിശേഷമായ വിഷുദിനക്കാഴ്ചയാണ് പണ്ടാട്ടി വരവ്. ദേശഭേദമനുസരിച്ച് ഇതിന് ചോയി കെട്ട്, ചപ്പ കെട്ട് എന്നും പേരുണ്ട്.


വിഷുദിനത്തില്‍ ശിവ-പാര്‍വ്വതിമാര്‍ വേഷപ്രഛന്നരായി വീടുകളിലെ ക്ഷേമന്വേഷണത്തിന് എത്തുന്നു എന്നാണ് സങ്കല്പം. വിഷുദിനത്തിലെ പ്രദോഷത്തില്‍ ഗണപതി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് പ്രദേശത്തെ വീടുകള്‍ സന്ദര്‍ശിച്ച് തിരിച്ചെത്തുകയാണ് പതിവ്. കൂടെ ആരവങ്ങളോടെ നിരവധി പേര്‍ അനുഗമിക്കും.

ഉണങ്ങിയ വാഴ ഇല വസ്ത്രമാക്കി വെള്ളരി വട്ടത്തില്‍ ചെത്തിയെടുത്ത് കാതില്‍ ആഭരണമണിഞ്ഞ് ശിരസ്സില്‍ കിരീടം ചൂടിയാണ് ശിവ-പാര്‍വ്വതിമാരുടെ സഞ്ചാരം. വീടുകളില്‍ എത്തിയാല്‍ ചക്ക കായ് കൊണ്ടുവാ, മാങ്ങ കായ്‌കൊണ്ടുവാ എന്ന് ഉച്ചത്തില്‍ ആരവമിടും.


കൂടെയുള്ളവര്‍ ഏറ്റു വിളിക്കും. കുട്ടികള്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കും. വീടുകളില്‍ വെള്ളരി, നാളീകേരം, അപ്പം തുടങ്ങിയവ കൂടെയുള്ള പണ്ടാരം ചാക്കില്‍ ആക്കും.

ക്ഷേത്രത്തില്‍ തിരിച്ചെത്തുന്നതോടെയാണ് ആഘോഷം അവസാനിക്കുക. കഴിഞ്ഞ തവണയും ക്ഷേത്ര കമ്മിറ്റിയുടെ തീരുമാനപ്രകാരം പണ്ടാട്ടി വരവ് ഉപേക്ഷിക്കുകയായിരുന്നു.

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP