Oct 3, 2023 07:55 PM

 പേരാമ്പ്ര : ഗര്‍ഭിണിയായ മകള്‍ അടുത്ത ദിവസം വീട്ടിലേക്ക് എത്തുന്നതിനുള്ള ഒരുക്കങ്ങളിലായിരുന്നു വിജയ്‌യും കുഞ്ഞിക്കണ്ണനും. അതിനാവശ്യമായ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും വാങ്ങാനാണ് ഇരുവരും കാലത്ത് തന്നെ പേരാമ്പ്ര പട്ടണത്തിലേക്ക് പുറപ്പെട്ടത്.

സാധനങ്ങളും വാങ്ങി തിരിച്ച് സന്തോഷത്തോടെ വീട്ടിലേക്ക് വരുന്നതിനിടയിലാണ് നാട്ടുകാരുടെ പ്രിയങ്കരിയായ വിജയ്‌യുടെ കാലനായി സ്വകാര്യ ബസ് കുതിച്ചെത്തുന്നത്. ലാസ്റ്റ് കല്ലോട് ബസ് സ്‌റ്റോപ്പിന് സമീപം കല്ലൂര്‍ റോഡ് ജംഗ്ഷനിലെത്തിയപ്പോഴാണ് കുറ്റ്യാടിയില്‍ നിന്നും യാത്രക്കാരുമായി കോഴിക്കോടിന് കുതിക്കുകയായിരുന്ന നദാഷ ബസ് സകല ട്രാഫിക് നിയമങ്ങളും ലംഘിച്ച് ഇവര്‍ക്ക് നേരെ എത്തിയത്.

റോഡിന് വീതി കുറഞ്ഞ സ്ഥലമാണ് ലാസ്റ്റ് കല്ലോട് ബസ് സ്‌റ്റോപ്പിന് സമീപം കല്ലൂര്‍ റോഡ് ജംഗ്ഷന്‍. മറു വശത്ത് റോഡരികില്‍ മെറ്റല്‍ കൂട്ടിയിരിക്കുന്നുമുണ്ട്. ഓവര്‍ ടേക്കിംഗ് പാടില്ലാത്ത സ്ഥലത്ത് അമിത വേഗതയില്‍ എത്തിയ ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിലാണ് അപകടം. ഇവര്‍ സഞ്ചരിച്ച സ്‌ക്കൂട്ടരിന് വഴി മാറാന്‍ റോഡില്‍ ഒരിഞ്ച് സ്ഥലവുമില്ലായിരുന്നു. റോഡിന്റെ ടാറിംഗിനോട് ചേര്‍ന്ന് തന്നെയാണ് ഇവിടെ കട വരാന്തയും ഉള്ളത്.

ബസ് തട്ടിയാണോ അതോ പെട്ടന്ന് സ്‌ക്കൂട്ടര്‍ നിര്‍ത്തിയാണോ ഇവര്‍ വീണതെന്ന് വ്യക്തമായി ആരും കണ്ടില്ല. കടയിലുണ്ടായിരുന്നവര്‍ ഓടി എത്തിയപ്പോഴെക്കും കണ്ടത് ബസ് കയറി ചതഞ്ഞരഞ്ഞ വീട്ടമ്മയുടെ ശരീരമാണ്. അപകടം നടന്നതെങ്ങനെയെന്ന് അറിയാന്‍ സമീപത്തൊന്നും സിസിടിവി ക്യാമറകളുമില്ല.

സ്വകാര്യ ബസിന്റെ അമിത വേഗതയും ചെറിയ വാഹനങ്ങളെ ഗൗനിക്കാതെയുള്ളതും നിയമങ്ങള്‍ പാലിക്കാതെയുമുള്ള ഡ്രൈവിംഗുമാണ് ഒരു ജീവന്‍ കൂടി ഇവിടെ പൊലിയാന്‍ കാരണമായത്. ഈ റൂട്ടില്‍ സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടവും അമിത വേഗതയും നിരവധി അപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. സമയ പരിമിധിയാണ് ജീവനക്കാര്‍ ഇതിന് കാരണമായി പറയുന്നത്.

ഈ പ്രശ്‌നം പരിഹരിക്കുന്നതിന് ഗതാഗത വകുപ്പ്, പൊലീസ് അധികൃതരും ജില്ലാ കലക്ടറും ഇടപെട്ട് ബസുകളുടെ സമയ ക്രമത്തില്‍ സമൂലമായ മാറ്റം ഉണ്ടാക്കണം. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് ബസുകള്‍ക്ക് പെര്‍മിറ്റ് അനുവദിച്ചിരിക്കുന്നത്.

താറുമാറായ റോഡുകളിലൂടെ ഈ സമയത്തിന് ഓടി എത്താന്‍ ഇവര്‍ക്ക് കഴിയുന്നില്ലെന്ന് ഇവര്‍ പറയുന്നു. അതേ സമയം ലഹരി വസ്തുക്കള്‍ ഉപയോഗിച്ചാണ് ഡ്രൈവര്‍മാര്‍ ജനങ്ങളുടെ ജീവനുംകൊണ്ട് നിരത്തുകളിലൂടെ മരണപ്പാച്ചില്‍ നടത്തുന്നതെന്നും വാഹനങ്ങള്‍ കര്‍ശന പരിശോധനക്ക് വിധേയമാക്കണമെന്നും യാത്രക്കാരും നാട്ടുകാരും ആവശ്യപ്പെടുന്നു.

പശു വളര്‍ത്തലും മറ്റുമായി നാട്ടുകരോടൊക്കെ നല്ല സൗഹൃദം കാത്തു സൂക്ഷിച്ചു പോന്നിരുന്ന വീട്ടമ്മയായിരുന്നു വിജയ്. അടുത്ത ദിവസം വീടീടിലെത്തുന്ന മകളെ ശുശ്രൂഷിക്കുന്ന മോഹങ്ങള്‍ ബാക്കിയാക്കി അവരുടെ ജീവനെടുത്തു.

പേരാമ്പ്ര പൊലീസും അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ച മൃതദേഹം പേരാമ്പ്ര പൊലീസ് സബ്ബ് ഇന്‍സ്പക്ടര്‍ കെ. ജിതിന്‍ വ്യാസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയിലേക്ക് മാറ്റി. നാളെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഉച്ചക്ക് രണ്ട് മണിക്ക് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

മുചുകുന്നിലെ പരേതരായ ഗോപാലന്റെയും കല്യാണിയുടെയും മകളാണ്. മക്കള്‍. അന്‍ഷി, ഐശ്വര്യ. മരുമക്കള്‍ ശ്യാം (ചേനോളി), അംമ്പരീഷ് (പാലക്കാട്). സഹോദരങ്ങള്‍ സദാനന്ദന്‍, സുമ.

Private bus for Vijay's leg while preparing to take care of his daughter bus scooty accident kallode perambra

Next TV

News Roundup