പെരുവണ്ണാമൂഴി : സിഎംഐ സഭയുടെ സാമുഹ്യ സേവന വിഭാഗമായ സെൻ്റ് തോമസ് അസോസിയേഷൻ ഫോർ റൂറൽ സർവ്വീസ് (സ്റ്റാർസ് ) ൻ്റെ ഹണി മ്യൂസിയം വിനോദ സഞ്ചാര കേന്ദ്രമായ പെരുവണ്ണാമൂഴിയിൽ പ്രവർത്തനമാരംഭിച്ചു. സ്റ്റാർസ് കോഴിക്കോട് നബാർഡിൻ്റെ സാമ്പത്തിക സഹായത്തോടെയും ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തിൻ്റെ പിന്തുണയോടെയും ആരംഭിച്ച സ്റ്റാർസ് ഹണി വാലി പ്രൊഡ്യൂസർ കമ്പനിയുടെ കീഴിലാണ് ഹണി മ്യൂസിയം ഒരുക്കിയിരിക്കുന്നത്.
ഹണി മ്യൂസിയത്തിൽ ശുദ്ധമായ തേനിൻ്റെയും തേൻഉല്പന്നങ്ങളുടെയും തേനീച്ച കൃഷിയുടെ ഉപകരണങ്ങളുടെയും പ്രദർശനവും വില്പനയും ഒരുക്കിയിരിക്കുന്നു. സ്റ്റാർസ് ഹണിവാലി പ്രൊഡ്യൂസർ കമ്പനിയുടെയും കമ്പനിയുടെ ആദ്യ സംരംഭമായ സ്റ്റാർസ് ഹണി മ്യൂസിയത്തിൻ്റെയും ഉദ്ഘാടനം ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ സുനിൽ അധ്യക്ഷത വഹിച്ചു.
സ്റ്റാർസ് പ്രസിഡൻ്റ് ഫാ. ഡോ. ബിജു ജോൺ മുഖ്യ പ്രഭാഷണം നടത്തി. ഹണി വാലി കൗണ്ടർ ഉദ്ഘാടനം ഷാഫി പറമ്പിൽ എം.പി. നിർവ്വഹിച്ചു. കമ്പനിയുടെ ഷയർ സർട്ടിഫിക്കറ്റ് വിതരണം റൂബി ജോസഫ് കൊമ്മറ്റത്തിന് നൽകി കുറ്റ്യാടി ജലസേചന പദ്ധതി അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനിയർ ബിജു നിർവ്വഹിച്ചു. ലോഗോ പ്രകാശനം നബാർഡ് ജില്ല ഡെവലപ്മെൻ്റ് മാനേജർ വി. രാഗേഷ് നിർവ്വഹിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു തുടങ്ങിയവർ സംബന്ധിച്ചു. സ്റ്റാർസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോസ് പ്രകാശ് സ്വാഗതം പറഞ്ഞ ചടങ്ങിന് ഹണിവാലി പ്രൊഡ്യൂസർ കമ്പനി ചെയർമാർ കെ.ഡി തോമസ് നന്ദിയും പറഞ്ഞു.
Honey Museum begins operations in Peruvannamuzhy