---
title: "ഒരേ വീട്ടില്‍ നിന്ന് ഒരാഴ്ച്ചക്കിടെ പിടികൂടിയത് 2 രാജവെമ്പാലയെ "
english_title: "2 king cobras were caught from the same house within a week at chembanoda"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/197230/2-king-cobras-were-caught-from-the-same-house-within-a-week-at-chembanoda"
published_at: "2024-04-06T22:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661180a9d3f3d_1_pamb3.JPG"
keywords: []
---

# ഒരേ വീട്ടില്‍ നിന്ന് ഒരാഴ്ച്ചക്കിടെ പിടികൂടിയത് 2 രാജവെമ്പാലയെ 

> **Lead Summary:** **ചെമ്പനോട: **ചെമ്പനോടയിലെ അമ്മ്യാമണ്ണ് പുത്തന്‍പുരയില്‍ ബാബുവിന്റെ വീട്ടില്‍ നിന്ന് ഒരാഴ്ച്ചക്കിടെ പിടികൂടിയത് 2 രാജവെമ്പാലയെയാണ്. പാമ്പ് പിടുത്തക്കാരനായ സുരേന്ദ്രന്‍ കരിങ്ങാടാണ് 2 തവണയും രാജവെമ്പാലയെ പിടികൂടിയത്.

## Article Content

**ചെമ്പനോട: **ചെമ്പനോടയിലെ അമ്മ്യാമണ്ണ് പുത്തന്‍പുരയില്‍ ബാബുവിന്റെ വീട്ടില്‍ നിന്ന് ഒരാഴ്ച്ചക്കിടെ പിടികൂടിയത് 2 രാജവെമ്പാലയെയാണ്. പാമ്പ് പിടുത്തക്കാരനായ സുരേന്ദ്രന്‍ കരിങ്ങാടാണ് 2 തവണയും രാജവെമ്പാലയെ പിടികൂടിയത്.

ഫ്രിഡ്ജിനടിയില്‍ നിന്നുമാണ് ആദ്യം പാമ്പിനെ പിടികൂടിയത്. ഏകദേശം മൂന്ന് മീറ്ററില്‍ അധികം നീളമുണ്ടായിരുന്നു. പാമ്പിനെ കണ്ട വളര്‍ത്തു പൂച്ച വീട്ടിനകത്തേക്ക് കടക്കുകയായിരുന്ന ബാബുവിനെ തടഞ്ഞു വയ്ക്കുകയും തുടര്‍ന്ന് നോക്കിയപ്പോള്‍ പാമ്പിനെ കാണുകയുമായിരുന്നു.

5 നാളുകള്‍ക്ക് ശേഷം രാത്രി വീണ്ടും വീട്ടിനുള്ളില്‍ രാജവെമ്പാലയെ കണ്ടെത്തുകയായിരുന്നു. 2 തവണയും പൂച്ച തന്നെയെന്ന് രക്ഷകനായതെന്ന് വീട്ടുകാര്‍ പറയുന്നു. ഒന്നിലേറെ തവണ വീട്ടിനുള്ളില്‍ രാജവെമ്പാല കയറിക്കൂടിയതോടെ വീട്ടുകാരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

ഈ രാജവെമ്പാലയേയും സുരേന്ദ്രന്‍ കരിങ്ങാട് പിടികൂടി പെരുവണ്ണാമൂഴി വന്യജീവി പരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി സൂക്ഷിച്ചിരിക്കയാണ്.

മുതുകാട് പേരാമ്പ്ര എസ്റ്റേറ്റില്‍ തൊഴിലാളികള്‍ താമസിക്കുന്ന പഴയലയത്തിന്റെ തറയുടെ കല്ലുകള്‍ക്കിടയില്‍നിന്ന് ഏതാനും ദിവസം മുമ്പ് മറ്റൊരു രാജവെമ്പാലയെയും സുരേന്ദ്രന്‍ കരിങ്ങാട് പിടികൂടിയിരുന്നു.

ചക്കിട്ടപാറ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ രാജവെമ്പാലയെ സ്ഥിരമായി കണ്ടുവരുന്നുണ്ടെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. 105-ാമത്തെ രാജവെമ്പാലയെയാണ് കഴിഞ്ഞ ദിവസം പിടികൂടിയതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/197230/2-king-cobras-were-caught-from-the-same-house-within-a-week-at-chembanoda)