പേരാമ്പ്ര :പേരാമ്പ്ര ബൈപ്പാസ് റോഡില്‍ നിന്ന് ചക്കിട്ടപാറയ്ക്കു പോകുന്ന രണ്ട് റോഡുകളിലും സ്ഥാപിച്ച ദിശാ അറിയിപ്പ് നല്‍കുന്ന ബോര്‍ഡുകളില്‍ 'ചക്കിട്ടപാറ' സ്ഥല നാമം ചേര്‍ക്കാത്തതിനെതിരെ കൊയിലാണ്ടി താലൂക്ക് വികസന സമിതിയില്‍ സമിതി അംഗം രാജന്‍ വര്‍ക്കി രേഖാമൂലം നല്‍കിയ പരാതിയില്‍ തീരുമാനമായി.

പേരാമ്പ്ര പട്ടണത്തില്‍ നിന്ന് ചെമ്പ്ര റോഡും , പൈതോത്ത് റോഡും എത്തിച്ചേരുന്നത് മലയോര മേഖലയിലെ പ്രധാന സ്ഥലമായ ചക്കിട്ടപ്പാറയിലാണ്. എന്നാല്‍ ബൈപ്പാസ് ഈ രണ്ട് റോഡുകളും മുറിച്ച് കടന്ന് പോവുന്ന കവലകളിലൊന്നും ദിശാ ബോര്‍ഡില്‍ ചക്കിട്ടപ്പാറ എന്ന് സൂചിപ്പിച്ചിട്ടില്ല.
ഇതിനെതിരെ പൊതുപ്രവര്‍ത്തകനായ രാജന്‍ വര്‍ക്കി കൊയിലാണ്ടി താലൂക്ക് ഓഫീസ് മുറ്റത്ത് ശയന പ്രദക്ഷിണം നടത്തുമെന്ന് താലൂക്ക് വികസന സമിതി യോഗത്തില്‍ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് തഹസില്‍ദാര്‍ ഇടപെട്ട് ബോര്‍ഡുകളില്‍ ചക്കിട്ടപ്പാറ കൂടി ചേര്‍ത്തത്.
ഇതോടെ കൊയിലാണ്ടി താലൂക്ക് ഓഫീസ് മുറ്റത്ത് രാജന്‍ വര്‍ക്കി നടത്താനിരുന്ന ശയന പ്രദക്ഷിണ സമരം മാറ്റി വെച്ചു. 2 മാസം മുമ്പാണു പരാതി നല്‍കിയത്. റോഡ് നിര്‍മ്മിച്ച അതോറിറ്റി ഫണ്ടില്ലെന്ന കാരണത്താല്‍ നടപടി സ്വീകരിക്കുന്നതില്‍ നിന്നു ഒഴിവായിരുന്നു. അതേസമയം തഹസില്‍ദാര്‍ സി.പി മണിയുടെ നേതൃത്വത്തില്‍ തുടര്‍ നടപടി സ്വീകരിച്ചു.
ഫ്‌ലെക്‌സില്‍ ചക്കിട്ടപാറ സ്ഥല നാമം തയാറാക്കി പേരാമ്പ്ര ബൈപ്പാസിലെ ഇരു സ്ഥല നാമ ദിശ ബോര്‍ഡിലും സ്ഥാപിച്ചു. ഇത് ഇന്നലെ നടന്ന താലൂക്ക് വികസന സമിതി യോഗത്തില്‍ തഹസില്‍ദാര്‍ അറിയിച്ചു.
ഇതിന് ചെലവായ 550 രൂപ രാജന്‍ വര്‍ക്കി യോഗാധ്യക്ഷന്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബുവിനെ ഏല്‍പ്പിച്ചെങ്കിലും പണം തിരികെ പരാതിക്കാരനെ ഏല്‍പ്പിച്ചു. താല്‍ക്കാലികമായി സ്ഥാപിച്ച ഫ്‌ലക്‌സ് ബോര്‍ഡ് നശിച്ചാല്‍ അടുത്ത താലൂക്ക് വികസന സമിതി യോഗ ദിവസം ശയന പ്രദക്ഷിണ സമരം നടത്തുമെന്നു യോഗത്തില്‍ അദ്ദേഹം അറിയിച്ചു.
Chakkittapara Name Board installed at Perampra Bypass; Sayana Pradakshina strike postponed