---
title: "ചമ്പേരിപാടം ഉണരുന്നു; നാട്ടുക്കാര്‍ പ്രതീക്ഷയില്‍ "
english_title: "Champeripadam wakes up; The locals are hopeful"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/180455/champeripadam-wakes-up-the-locals-are-hopeful"
published_at: "2024-01-29T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b7833cf2909_1_vayall.JPG"
keywords: []
---

# ചമ്പേരിപാടം ഉണരുന്നു; നാട്ടുക്കാര്‍ പ്രതീക്ഷയില്‍ 

> **Lead Summary:** **പാലേരി: **ഐഡിയല്‍ റിലീഫ് വിംഗ് കോഴിക്കോട് ജില്ലാ ഘടകം ചങ്ങരോത്ത് പഞ്ചായത്തിലെ ചമ്പേരി പാടശേഖരത്തിലെ നടുത്തോട് നവീകരിച്ചു.

## Article Content

**പാലേരി: **ഐഡിയല്‍ റിലീഫ് വിംഗ് കോഴിക്കോട് ജില്ലാ ഘടകം ചങ്ങരോത്ത് പഞ്ചായത്തിലെ ചമ്പേരി പാടശേഖരത്തിലെ നടുത്തോട് നവീകരിച്ചു.

നവീകരണ പ്രവര്‍ത്തനം പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീനി പാലേരി ഉദ്ഘാടനം ചെയ്തു. കൃഷിക്ക് പ്രാധാന്യം കൊടുക്കാത്ത ഒരു വികസന കാഴ്ചപ്പാടും ശാശ്വതമല്ലെന്നും കൃഷിയെ അവഗണിച്ച രാജ്യങ്ങള്‍ പട്ടിണിയില്‍ ചെന്ന് പതിച്ചതായും അദ്ദേഹം പറഞ്ഞു. ഷജില്‍ ബിന്‍ ഹസ്സന്‍ അധ്യക്ഷം വഹിച്ചു.

ചങ്ങരോത്ത് പഞ്ചായത്തില്‍ പതിനെട്ടാം വാര്‍ഡില്‍ അമ്പത് ഏക്കര്‍ വയല്‍ കൃഷിയോഗ്യമല്ലാതായിട്ട് പതിനഞ്ച് വര്‍ഷമായി. നെല്‍പ്പാടം കൃഷിയോഗ്യമാക്കണമെന്ന കര്‍ഷകരുടെ മുറവിളിക്ക് വിരാമമാവുകയാണ്.

ഐഡിയല്‍ റിലീഫ് വിംഗിന്റെ ജില്ലായിലെ അറുപ്പത് വളണ്ടിയര്‍മാരും നാട്ടുക്കാരും ചേര്‍ന്നാണ് ഒരു കിലോമീറ്റര്‍ തോട് നവീകരിച്ച് വെള്ളത്തിന്റെ ഒഴുക്ക് പുന:സ്ഥാപിച്ചത്.

അരുതോടുകള്‍ നികന്ന് പോവുകയും കൈതോടുകള്‍ ഉപയോഗശൂന്യമാവുകയും ചെയ്ത വയല്‍പ്രദേശത്തെ കരിമ്പാലക്കണ്ടി മുതല്‍ ആനാണ്ടി വരെ വ്യാപിച്ചു കിടക്കുന്ന നടുത്തോട് മണ്ണ് മൂടിയും കൈതച്ചെടി വളര്‍ന്ന് പന്തലിച്ചും ഒഴുക്ക് നിലച്ചുപോയിരുന്നു. അത് കൊണ്ട് തന്നെ വയല്‍ കൃഷിനടത്താന്‍ കഴിയാതെ വെള്ളത്താല്‍ മൂടപ്പെട്ട് കിടക്കുകയായിരുന്നു.

കാട പദ്ധതിയുടെ ഭാഗമായ അശാസ്ത്രീയ നിര്‍മ്മാണം വയലില്‍ വെള്ളക്കെട്ട് ഒഴിവാകാതിരിക്കാന്‍ കാരണമായി. വര്‍ഷത്തില്‍ രണ്ട് കൃഷി ചെയ്യാന്‍ കഴിയുന്ന നെല്‍വയല്‍ ആണ്ചമ്പേരി വയല്‍. ധാരാളം പച്ചക്കറികളും വയലില്‍ കൃഷിചെയ്തിരുന്നതായി പഴമക്കാര്‍ പറഞ്ഞു. കൃഷിവകുപ്പിന്റെ സഹകരണത്തോടെ കൃഷിയിറക്കാന്‍ സമീപവാസികള്‍ തയ്യാറായിട്ടുണ്ട്.

ജനപ്രതിനിധികളായ സെഡ്.എ. സല്‍മാന്‍, എം.കെ. ഫാത്തിമ, ഐഡിയല്‍ റിലീഫ് വിംഗ് സംസ്ഥാന സെക്രട്ടറി എം.ഇ. നൗഫല്‍ ശാന്തപുരം, അബ്ദുല്‍ ബാരി, എം.കെ. ഖാസിം, അബ്ദുല്‍ നാസര്‍ നരിക്കുനി എന്നിവര്‍ സംസാരിച്ചു.

ഡോ: ടി. നസീം. അശ്‌റഫ് ചാലില്‍, വി.പി. സജ്‌ന, സാലിഹ് സലീം, സുമയ്യ കുന്നമംഗലം, ഇസ്മായില്‍ നൊച്ചാട്, എ.പി. ജമാല്‍, വി.പി. അസീസ്, ഫൈസല്‍ കണ്ടോത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/180455/champeripadam-wakes-up-the-locals-are-hopeful)