പേരാമ്പ്ര: പേരാമ്പ്ര നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരം. രാവിലെ 7മണി മുതൽ ആരംഭിച്ച വോട്ടെടുപ്പിന് കാലത്ത് മുതൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്.
വളരെ മന്ദഗതിയാലാണ് പോളിങ് നടന്നത്. വോട്ടിംഗിന് ആളുകളെ എത്തിക്കുന്നതിനും ഓരോ വോട്ടും തങ്ങളുടെ സ്ഥാനാർത്ഥിക്ക് ആക്കി മാറ്റുന്നതിനും മുന്നണി പ്രവർത്തകർ തമ്മിൽ വീറും വാശിയുമേറിയ മത്സരം നടന്നെങ്കിലും തെരഞ്ഞെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു.
മിക്കയിടത്തും വോട്ടർമാരെ എത്തിക്കാൻ മുന്നണി പ്രവർത്തകർ തമ്മിൽ മത്സരമായിരുന്നു. കാലത്ത് മുതൽ രോഗികളും മറ്റുമുളളവരെ എത്തിച്ച് ഓപ്പൺ വോട്ടുകൾ ചെയ്ത് തീർക്കുകയായിരുന്നു ഓരോ മുന്നണി പ്രവർത്തകരും. പോളിംഗ് സ്റ്റേഷന് സമീപം വരെ വാഹനങ്ങളിൽ എത്തിച്ച് അവിടുന്ന് വോട്ടർമാരെ എടുത്ത് കൊണ്ടുപോലും പോയി തങ്ങളുടെ വോട്ടുകൾ ഉറപ്പിക്കുന്ന തിരക്കിലായിരുന്നു പ്രവർത്തകർ.
കഴിഞ്ഞ ഒന്നരമാസക്കാലത്തെ ഊണും ഉറക്കവും ഒഴിഞ്ഞുള്ള പ്രവർത്തനത്തിൻ്റെ ഫലം വോട്ടിംഗിലൂടെ നേടിയെടുക്കാനുള്ള അവസാന ശ്രമം. പല ബൂത്തുകളിലും കാലത്ത് മുതൽ നീണ്ട നിര രൂപപ്പെട്ടിരുന്നു. മെഷീനിൽ വോട്ട് രേഖപ്പെടുത്താൻ എടുക്കുന്ന സമയം വളരെ കൂടുതലായതാണ് പ്രധാന പ്രശ്‌നം. വോട്ട് ചെയ്‌ത് ഒരുപാട് സമയം കഴിഞ്ഞ് ബീപ്പ് ശബ്ദം കേൾക്കുന്നതാണ് പ്രയാസമാകുന്നത്.
യന്ത്രത്തകരാറും മെഷീൻ്റെ മെല്ലപ്പോക്കും ആളുകൾ വോട്ട് ചെയ്യാൻ ഏറെ കാത്തിരിക്കേണ്ടി വന്നു. പേരാമ്പ്ര വാല്യക്കോട് എയുപി സ്‌കൂളിലെ 159-ാം ബൂത്തിൽ യന്ത്ര തകരാറ് കാരണം വോട്ടിങ് മുടങ്ങി. 10 മണി ആയപ്പോഴേക്കും 19 പേർക്ക് മാത്രമാണ് ആദ്യം ഉപയോഗിച്ച മെഷീനിൽ വോട്ട് ചെയ്യാൻ കഴിഞ്ഞത്.
10 മണിയോടെ പുതിയ മെഷീൻ എത്തിച്ചെങ്കിലും ആദ്യം ഉപയോഗിച്ചത് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ സീൽ ചെയ്‌ത് പുതിയത് ഉപയോഗിക്കാൻ സമയമെടുത്തത് കാരണം 11 മണിയോടെയാണ് വീണ്ടും പോളിങ് ആരംഭിച്ചത്. ചങ്ങരോത്ത് 24-ാം ബൂത്തിൽ യന്ത്രം തകരാർ കാരണം പോളിങ് ഏറെ നേരം വൈകി. തകരാർ പരിഹരിച്ച് പോളിങ് തുടങ്ങിയത് ഒരു മണിക്കൂർ കഴിഞ്ഞ്.
കൂത്താളി 44-ാം ബൂത്തിൽ പോസ്റ്റൽ വോട്ട് ലിസ്‌റ്റിൽ മാർക്ക് ചെയ്‌ത് കാരണം കൂലിപ്പണിക്കാരനെ വോട്ട് ചെയ്യാൻ അനുവദിക്കാത്ത അവസ്‌ഥ കൂത്താളി ഏരംതോട്ടത്തിൽ കെ.സി.ചന്ദ്രൻ (59) ആണ് എആർഒയ്ക്ക് പരാതി നൽകിയത്. ഇയാൾ വോട്ട് ചെയ്‌തിട്ടില്ലെന്ന് ബിഎൽഎ പറയുന്നുണ്ടെങ്കിലും ലിസ്‌റ്റിൽ മാർക്ക് ചെയ്‌തത് അനുവദിക്കാൻ കഴിയില്ലെന്നാണ് പ്രിസൈഡിങ് ഓഫിസറുടെ നിലപാട്.
ചന്ദ്രൻ പരാതി പരിഗണിച്ച് എആർഒ വോട്ട് ചെയ്‌തില്ലെന്ന് സർട്ടിഫിക്കറ്റ് നൽകിയെങ്കിലും 6 മണി കഴിഞ്ഞതിനാൽ പോളിങ് ബൂത്തിൽ എത്തി വോട്ട് ചെയ്യാൻ കഴിഞ്ഞില്ല. എആർഒയുടെ സീൽ കാണാതായതാണ് സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകിയതെന്നും ജില്ലാ കലക്ടർക്ക് പരാതി നൽകുമെന്നും ചന്ദ്രൻ അറിയിച്ചു. കാലത്ത് മുതൽ മുഴുവൻ പോളിങ് സ്‌റ്റേഷനുകളിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്.
ഉച്ചയോടെ തിരക്ക് കുറച്ച് കുറഞ്ഞെങ്കിലും 3 മണിയോടെ വീണ്ടും തിരക്കായി. 6 മണിയായിട്ടും പലയിടത്തും നീണ്ട നിര തന്നെയാണ്. കല്ലൂർ കൂത്താളി എഎംഎൽപി സ്‌കൂളിലെ 49-ാം ബൂത്തിൽ 6 മണിയോടെ പോളിങ് യന്ത്രം പണി മുടക്കി. അധിക്യതർ എത്തി പരിശോധന നടത്തിയെങ്കിലും പരിഹരിക്കാൻ കഴിയാത്ത സാഹചര്യമാണ്.
പുതിയ വോട്ടിംഗ് യന്ത്രം സ്ഥാപിച്ച് വോട്ടിംഗ് പുനസ്ഥാപിക്കാനുള്ള നീക്കത്തിലാണ് അധികൃതർ. പല ബൂത്തുകളിലും തെരഞ്ഞെടുപ്പ പക്രിയ അവസാനിക്കാൻ ഇനിയും മണിക്കൂറുകൾ എടുക്കും. അതിന് ശേഷമേ യഥാർത്ഥ ശതമാന കണക്ക് അറിയാൻ കഴിയൂ
Elections in Perambra constituency were generally peaceful