കോഴിക്കോട് : കലാനിധി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ ഹെറിറ്റേജ് ട്രസ്റ്റിന്റെ ചുനക്കര രാമന്‍കുട്ടി സ്മാരക പുരസ്‌കാരം സാഹിത്യകാരിയായ രശ്മ നിഷാദ് ഏറ്റുവാങ്ങി. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന കലാനിധി കവിത ആലാപന മത്സരവും പുസ്തക പ്രകാശനവും മീഡിയ പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരിയും നോവലിസ്റ്റുമായ സാറാ ജോസഫ് പുരസ്‌കാരം കൈമാറി.
രശ്മ നിഷാദിന്റെ ഒറ്റവരിപ്പാതയുടെ ഒഴിഞ്ഞ കോണില്‍ എന്ന കവിത സമാഹാരത്തിനാണ് അവാര്‍ഡ് ലഭിച്ചത്. കലാനിധി ചെയര്‍ പേഴ്സണ്‍ ഗീത രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി.ആര്‍ നാഥന്‍ , പി.കെ ഗോപി എന്നിവര്‍ പുസ്തക പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. ചുനക്കര രാമന്‍കുട്ടി സ്മൃതി പ്രഥമ പ്രവാസി സാഹിത്യ ശ്രേഷഠ പുരസ്‌ക്കാരം സൗമ്യ കൃഷ്ണന്‍ ലഭിച്ചു. ചുനക്കര രാമന്‍കുട്ടി സ്മൃതി പുരസ്‌കാരം ഹാഷിം കടുപ്പാടത്ത്, ഉമാദേവി തുരുത്തേരി, ആമിന സഹീര്‍, റുക്സാന കക്കോടി എന്നിവര്‍ക്ക് ലഭിച്ചു.

കോഴിക്കോട് ബാലുശ്ശേരി സ്വദേശിനിയായ രശ്മ നിഷാദ് തന്റെ പ്രഥമ കവിതാ സമാഹാരമായ ഇന്നിന്റെ നോവ് 2019 ല്‍ പ്രസിദ്ധീകരിച്ചു. 2022 ല്‍ ബാലസാഹിത്യ കൃതിയായ മത്സ്യകന്യകയും രാജകുമാരനും എന്ന നോവലും 2024 ല്‍ കവിതാ സമാഹാരമായ ഒറ്റവരിപ്പാതയുടെ ഒഴിഞ്ഞ കോണില്‍ എന്ന പുസ്തകവും പ്രസിദ്ധീകരിച്ചു. കൂടാതെ മിഠായിത്തെരുവ് സാഹിത്യ കൂട്ടായ്മ പ്രസിദ്ധീകരിച്ച മാന്ത്രികത്തെരുവ് കവിതാ സമാഹാരത്തിലും, ഭാഷാശ്രീ പബ്ലിക്കേഷന്‍ പുറത്തിറക്കിയ പെണ്ണെഴുത്തിലെ പ്രണയ നദികള്‍ പ്രണയാക്ഷരങ്ങള്‍ കവിതാ സമാഹാരത്തിലും കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആനുകാലികങ്ങളില്‍ കവിതകള്‍, ഗാനങ്ങള്‍, ലേഖനങ്ങള്‍ എന്നിവ എഴുതുന്നു. നിരവധി മലയാളം മ്യൂസിക്കല്‍ ആല്‍ബം ഗാനങ്ങളുടെയും, മലയാളം ഗസലിന്റെയും രചന നിര്‍വ്വഹിച്ചിട്ടുണ്ട്. 2019 ലെ വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാരം, ശ്രീനാരായണ ഗുരുധര്‍മ്മ സേവാസംഘത്തിന്റെ കലാ ശ്രേഷ്ഠ പുരസ്‌ക്കാരം, ശ്രീവേദവ്യാസ പുരസ്‌കാരം 2019, 'കനലെരിയുമ്പോള്‍ എന്ന മലയാളം വീഡിയോ ആല്‍ബത്തിലെ കവിത രചനയ്ക്കും ആലാപനത്തിനും ജെ.സി.ഡാനിയേല്‍ ബെസ്റ്റ് പെര്‍ഫോര്‍മര്‍ അവാര്‍ഡ്, ഡോ.അംബേദ്കര്‍ സാഹിത്യശ്രീ നാഷണല്‍ അവാര്‍ഡ് 2019, കലാ കൈരളി യൂത്ത് ഐക്കണ്‍ അവാര്‍ഡ് 2020, 2020ലെ ജെ.സി.ഡാനിയേല്‍ എക്സലന്‍സി അവാര്‍ഡ്, 2021ലെ കേരള കോമണ്‍ കാവ്യ ശ്രേഷ്ഠ പുരസ്‌കാരം, ജെ.സി.ഡാനിയേല്‍ കാവ്യ ശ്രേഷ്ഠ പുരസ്‌കാരം , ഫാര്‍മേഴ്സ് അസോസിയേഷന്റെ ആദരം, ഭാഷാശ്രീ സാഹിത്യ പുരസ്‌കാരം. കലാ, സാഹിത്യ ,ജീവകാരുണ്യസമഗ്ര സംഭാവനയ്ക്കുള്ള സ്നേഹവീട് കലാ സാഹിത്യ സാംസ്‌കാരിക സംഘടനയുടെ കോഴിക്കോട് ജില്ലാ പ്രതിഭാ പുരസ്‌കാരത്തിനും അര്‍ഹയായിട്ടുണ്ട്.
2021 ല്‍ ന്യൂസ് കേരള പത്രത്തിന്റെ സാഹിത്യ പുരസ്‌കാരം ലഭിച്ചു. നവഭാവന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഡോ .കെ.അയ്യപ്പപ്പണിക്കര്‍ സ്മാരക പുരസ്‌കാരം 2022 ന് അര്‍ഹയായി. കാമരാജ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ കല, സാഹിത്യ സംഗീത പുരസ്‌കാരം 2022, കേരളീയം 2022 ന്റെ വനിത സാഹിത്യ രത്ന പുരസ്‌കാരം 2022 (ബാലസാഹിത്യം), മികച്ച ബാലസാഹിത്യ കൃതിയ്ക്കുള്ള എഫ്എഒഐയുടെ അക്ഷരശ്രീ പുരസ്‌കാരം 2023 ലഭിച്ചു. ദേശീയ ബാലതരംഗം സംസ്ഥാന ജവഹര്‍ ബാലസാഹിത്യ പുരസ്‌കാരം ലഭിച്ചു. കൂടാതെ നിരവധി സംഘടനകളുടെ ആദരവുകള്‍ എന്നിവ രശ്മയെ തേടി എത്തിയിട്ടുണ്ട്.
Rashma Nishad receives the Aksharashree Award