---
title: "ഡയറ്റ് കോഴിക്കോട് ജില്ലാതല മികവ് പുരസ്കാരങ്ങൾ വിതരണം ചെയ്തു"
english_title: "Diet Kozhikode District level excellence awards were distributed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/194587/diet-kozhikode-district-level-excellence-awards-were-distributed"
published_at: "2024-03-26T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6602ae48dc1c4_1_jilla.JPG"
keywords: []
---

# ഡയറ്റ് കോഴിക്കോട് ജില്ലാതല മികവ് പുരസ്കാരങ്ങൾ വിതരണം ചെയ്തു

> **Lead Summary:** **പേരാമ്പ്ര:** ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ് ) കോഴിക്കോടിന്റെ ആഭിമുഖ്യത്തില്‍ 2023, 24 അധ്യയന വര്‍ഷത്തില്‍ ഉപജില്ലാതലത്തില്‍ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മികച്ച പ്രകടനം കാഴ്ച്ചവെച്ച ഉപജില്ലകള്‍ക്കും ഉപജില്ല കണ്‍വീനര്‍മാര്‍ക്കും പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.

## Article Content

**പേരാമ്പ്ര:** ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ് ) കോഴിക്കോടിന്റെ ആഭിമുഖ്യത്തില്‍ 2023, 24 അധ്യയന വര്‍ഷത്തില്‍ ഉപജില്ലാതലത്തില്‍ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മികച്ച പ്രകടനം കാഴ്ച്ചവെച്ച ഉപജില്ലകള്‍ക്കും ഉപജില്ല കണ്‍വീനര്‍മാര്‍ക്കും പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.

ജില്ലയിലെ പതിനേഴ് ഉപജില്ലകളില്‍ നടത്തിയ പ്രവര്‍ത്തന റിപ്പോര്‍ട്ട് സ്വീകരിച്ച് ഡയറ്റ് പ്രിന്‍സിപ്പാള്‍ അധ്യക്ഷനായ സമിതിയാണ് വിജയികളെ തെരഞ്ഞെടുത്തത്. കുട്ടികളില്‍ വായന ശീലം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടിയുള്ള വായനപോഷണ പരിപാടികള്‍, തനത് പ്രവര്‍ത്തനങ്ങള്‍, സാംസ്‌കാരിക, സാഹിത്യ പരിപാടികള്‍, രചന ശില്‍പശാലകള്‍ തുടങ്ങിയവ ഉപജില്ലകളില്‍ നടപ്പാക്കിയ സംഘാടനം, പങ്കാളിത്തം, ഗുണമേന്മ എന്നിവയാണ് പുരസ്‌കാര നിര്‍ണ്ണയത്തിനായി വിലയിരുത്തിയത്.

സൂചകത്തിന്റെ അടിസ്ഥാനത്തില്‍ പേരാമ്പ്ര, കുന്നുമ്മല്‍, കൊടുവള്ളി, കുന്ദമംഗലം തുടങ്ങിയ ഉപജില്ലകള്‍ക്കും കണ്‍വീനര്‍മാരായ വി.എം. അഷ്‌റഫ്, പി.പി. ദിനേശന്‍, വിനോദ് പാലങ്ങാട്, വി. അനുശ്രീ എന്നിവരും പുരസ്‌കാരത്തിനര്‍ഹരായി. ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജില്ലാ വിദ്യാരംഗം കോഡിനേറ്ററെ ചടങ്ങില്‍ ആദരിച്ചു.

മികച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കൈമാറും. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ മനോജ് മണിയൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ: യു.കെ. അബ്ദുള്‍ നാസര്‍ അധ്യക്ഷത വഹിച്ചു. വിദ്യാകിരണം ജില്ല കോഡിനേറ്റര്‍ വി.വി. വിനോദ് മുഖ്യാതിഥിയായി.

വിദ്യാരംഗം ജില്ല കോഡിനേറ്റര്‍ ബിജു കാവില്‍ പ്രവര്‍ത്തന അവലോകനം നടത്തി. വടകര വിദ്യാഭ്യാസ ജില്ല ഓഫീസര്‍ ഹെലന്‍ ഹൈസണ്‍ മെന്റോണ്‍സ്, ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ: കെ.എസ്. വാസുദേവന്‍, കുന്നുമ്മല്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ. അബ്ദുള്‍ ഖാദര്‍ , ഡയറ്റ് ലക്ചറര്‍മാരായ ഡോ: കെ.എം. സോഫിയ, മിത്തു തിമോത്തി, ഡോ: ടി.കെ. കൃഷ്ണകുമാര്‍, ടി.എന്‍.കെ. നിഷ, പൗളിന ജെയിംസ്, വി.എം. അഷ്‌റഫ്, പി.പി. ദിനേശന്‍, വിനോദ് പാലങ്ങാട്, വി. അനുശ്രീ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/194587/diet-kozhikode-district-level-excellence-awards-were-distributed)