May 10, 2024 04:58 PM

പേരാമ്പ്ര : കുടയെന്ന് കേട്ടാല്‍ മനസിലേക്ക് ഓടിയെത്തുക മഴയും ബഹുവര്‍ണ്ണങ്ങളിലുള്ള കുടകളുടെ പരസ്യങ്ങളുമാണ്. പല വലുപ്പത്തിലും രൂപത്തിലുമുള്ള കുടകള്‍ വിപണിയില്‍ ഇന്ന് ലഭ്യമാണ്. തുണികുടകളുടെ വരവിന് മുമ്പ് മഴയെ പ്രതിരോധിക്കാന്‍ ഉപയോഗിച്ചിരുന്നത് ഓലക്കുടകളാണ്.

ഈറ്റയും കുടപ്പനയുടെ ഓലയും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കുടകളാണ് ഓലകുടകള്‍. ഓലക്കുടകളില്‍ തന്നെ കാല്‍കുടയും തലകുടയും ഉണ്ടായിരുന്നു. ഓലക്കുടകള്‍ വരേണ്യ വര്‍ഗ്ഗത്തിന്റെതാണെങ്കില്‍ തലക്കുട സാധാരണക്കാരന്റെ കുടയായിരുന്നു. മടക്കി വെക്കാന്‍ കഴിയാത്ത ഇത്തരം തലകുടകളുമായാണ് അര നൂറ്റാണ്ട് മുന്‍പ് വരെ കുട്ടികള്‍ വിദ്യാലയത്തിലടക്കം പോയിരുന്നത്.

മടക്കിവെക്കാനാവാത്ത കുടകള്‍ വിദ്യാലയത്തിന്റെ വരാന്തകളില്‍ നിരനിരയായി വെക്കുകയായിരുന്നു അന്ന്. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ഓലകുടകളും അന്യം നിന്ന് പോയി. എന്നാലും ക്ഷേത്ര ചടങ്ങുകള്‍ക്കും മറ്റും ഇന്നും ഓലകുടള്‍ ആവശ്യമാണ്.

ഓലക്കുടയെ ജീവിതത്തോട് ചേര്‍ത്തുവെയ്ക്കുന്നവര്‍ ഇന്ന് വിരളമാണ്. എന്നാല്‍ കോഴിക്കോട് ജില്ലയിലെ പേരാമ്പ്രക്കടുത്ത് വാളൂര്‍ കേളോത്ത് ബാലകൃഷ്ണ പണിക്കര്‍ക്കും കുടുംബത്തിനും ഓലക്കുട നിര്‍മ്മാണം ജീവിതോപാധി കൂടിയാണ്. കുറച്ചു കാലങ്ങള്‍ക്ക് മുന്‍പ് വരെ പാടത്തും പറമ്പിലും ജോലിയെടുക്കുന്നവര്‍ ഉപയോഗിച്ചിരുന്നതും ഓലക്കുടകളായിരുന്നു. എന്നാല്‍ തുണിക്കുടകളുടെ കടന്നുവരവോടെ അവരുടെയൊക്കെ ജീവിതത്തില്‍ നിന്നും ഓലക്കുടകള്‍ പതുക്കെ പതുക്കെ ഇല്ലാതാവുകയായിരുന്നു.

എന്നാല്‍ ക്ഷേത്ര ആവശ്യങ്ങള്‍ക്കും ഓണക്കാലങ്ങളിലെ മാവേലിക്കും ഓണപ്പൊട്ടനും വാമനനുമെല്ലാം ചൂടാന്‍ ഓലക്കുടകള്‍ നിര്‍ബന്ധമാണ്. കാലം ശീലക്കുടയിലേക്ക് മാറിയപ്പോഴും ബാലകൃഷ്ണ പണിക്കരും കുടുംബവും ജീവിതം കരുപ്പിടിപ്പിച്ചത് അച്ഛന്‍ നൂഞ്ഞില്‍ കുഞ്ഞിക്കണാര പണിക്കരില്‍ നിന്നും പകര്‍ന്നു കിട്ടിയ ഓലക്കുട നിര്‍മ്മാണമെന്ന കുലതൊഴിലിലൂടെ തന്നെയാണ്. ജീവിതമാര്‍ഗ്ഗമായ മറ്റു പണികള്‍ക്കൊപ്പമാണ് കേളോത്ത് ബാലകൃഷ്ണ പണിക്കരും സഹോദരി കാര്‍ത്ത്യായനിയും ഓലക്കുട നിര്‍മ്മാണവുമായി മുന്നോട്ടു പോകുന്നത്.

കുടപ്പനയോലയും ഓടയുമാണ് ഓലക്കുട നിര്‍മ്മിക്കാന്‍ ഇവര്‍ ഉപയോഗിക്കുന്നത്. തൊപ്പിക്കുട, കാക്കൊട എന്നിവയാണ് ഏറെയും നിര്‍മ്മിച്ചിട്ടുള്ളത്. ലോകനാര്‍കാവ്, അഴകൊടി ക്ഷേത്രം, കല്ലൂര്‍ക്കാവ്, കായണ്ണ ഭഗവതി ക്ഷേത്രം കൂടാതെ സ്‌കൂളുകള്‍ക്കും അംഗനവടികള്‍ക്കും പ്രദര്‍ശനശാലകള്‍ക്കും കുടകള്‍ നിര്‍മിച്ചു നല്‍കിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.

6 വര്‍ഷത്തോളം കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന് സ്ഥാനികര്‍ക്കും അടിയന്തരക്കാര്‍ക്കും ചൂടാനുള്ള നാല്‍പ്പതോളം ഓലക്കുടയും അമ്മാറ കല്ലില്‍ ചൂടാനും മാലോം ദേവസ്ഥാനത്തേക്കുള്ളതുമായ രണ്ടു വലിയ കുടകളും നിര്‍മിച്ചു നല്‍കിയിരുന്നതും ഇവരായിരുന്നു. 5 വര്‍ഷങ്ങള്‍ക്കു മുമ്പ് ബാലകൃഷ്ണ പണിക്കരുടെ ഭാര്യയുടെ മരണത്തോടെ വന്ന പുല കാരണം ആ വര്‍ഷം വൈശാഖ മഹോത്സവത്തിന് കുട നിര്‍മ്മിച്ചു നല്‍കുന്നത് മുടങ്ങിയിരുന്നു. പിന്നീട് മറ്റൊരിടത്തില്‍ നിന്നു കുട നിര്‍മ്മിച്ചു നല്‍കുന്നത് കൊണ്ട് ഇതുവരെ വൈശാഖ ഉത്സവത്തിന് കുട നിര്‍മ്മിച്ചു നല്‍കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല.

നെയ്യാമൃത് മഠങ്ങളില്‍ നിന്ന് കൊട്ടിയൂരില്‍ അഭിഷേകത്തിനുള്ള നെയ്യുമായി പോകുന്ന ഭക്തര്‍ക്ക് ചൂടാനുള്ള കുടകളുടെ നിര്‍മ്മാണത്തിലാണ് ഇപ്പോള്‍ ബാലകൃഷ്ണ പണിക്കരും കുടുംബവും. ഓലക്കുട നിര്‍മ്മാണം നിസ്സാരമായി തോന്നുമെങ്കിലും കരവിരുതോടൊപ്പം ക്ലേശമേറെയുള്ള പണി തന്നെയാണെന്നാണ് ബാലകൃഷ്ണ പണിക്കരും കുടുംബവും പറയുന്നത്.

കുടയുടെ ഫ്രെയിം നിര്‍മിക്കാന്‍ ഓട, കാല്‍ നിര്‍മിക്കാന്‍ മുള, പൊതിയാന്‍ ഓല, കെട്ടാന്‍ നാര് എന്നിവയാണ് വേണ്ടത്. ഓടയും ഓലയും പഴയപോലെ കിട്ടാനില്ല. ദൂരസ്ഥലങ്ങളില്‍ പോയി സംഘടിപ്പിച്ചാണ് ഓലക്കുടകള്‍ നിര്‍മ്മിക്കുന്നത്. ഓടയുടെ ലഭ്യത കുറവും പനയില്‍ കയറി പനയോല വെട്ടി കിട്ടുവാനുള്ള ഭാരിച്ച ചെലവും. പിന്നെ അത് വേനലില്‍ ഉണക്കി പാകമാക്കലുമെല്ലാം വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.

ഒരു മരത്തില്‍ നിന്ന് രണ്ടോ മൂന്നോ ഓല വെട്ടി കിട്ടണമെങ്കില്‍ 1500 രൂപ ഇപ്പോള്‍ കൊടുക്കണം. പിന്നെ ഈറ്റയുടെ വിലയും ലഭ്യത കുറവും. ഈ അവസ്ഥ കുടയുടെ നിര്‍മ്മാണത്തിന് ബുദ്ധിമുണ്ട് സൃഷ്ട്ടിക്കുന്നുണ്ട്. ഒന്നോ രണ്ടോ ദിവസം കൊണ്ടേ ഒരു തലക്കുട പൂര്‍ത്തിയാക്കാന്‍ കഴിയൂ. അതിനാല്‍ ചെലവ് കഴിയുമ്പോള്‍ പറയത്തക്ക ലാഭം കിട്ടാറില്ലെന്നതാണ് അവസ്ഥ.

തൊപ്പിക്കുടക്ക് 800 രൂപയും കാക്കൊടയ്ക്ക് 1000 രൂപയുമാണ് വില. അധ്വാനത്തിനും ഇന്നത്തെ ജീവിതരീതിക്ക് അനുസരിച്ചുള്ള കൂലിയും ലഭിക്കുന്നില്ല. തൊഴിലുറപ്പ് ജോലിയാണ് വരുമാനത്തിനായുള്ള മാര്‍ഗ്ഗം, എങ്കിലും പാരമ്പ്യരമായി ലഭിച്ച ഈ തൊഴിലില്‍ ജീവിത പ്രാരാബ്ദത്തിന്റെ ഇഴചേര്‍ത്ത് നെഞ്ചോട് ചേര്‍ത്തുവെയ്ക്കുകയാണ് ബാലകൃഷ്ണ പണിക്കരും കുടുംബവും.

Balakrishna Panicker and his family with Olakuda close to life

Next TV

News Roundup