പേരാമ്പ്ര : കടിയങ്ങാട് പാലത്തിന് സമീപം കടിയങ്ങാട് പുഴയോരത്തെ ബാംബൂ പാര്‍ക്ക് അവഗണയില്‍. കുട്ടികളുടെ പാര്‍ക്കായി നിര്‍മ്മിച്ച പാര്‍ക്ക് കാടുമൂടി അനാഥമായ അവസ്ഥയിലാണ് ഇന്നുള്ളത്. ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് പുറകിലായി നിര്‍മ്മിച്ച പാര്‍ക്ക് കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും വൈകുന്നേരങ്ങള്‍ ചെലവഴിക്കുന്നതിന് ഉപകാരപ്രദമായിരുന്നു.
പുഴതീരത്ത് നിറഞ്ഞ് നില്‍ക്കുന്ന വശ്യമനോഹരമായ മുളംകാടുകള്‍ മനോഹരമായ കാഴ്ചയാണ്. കുറ്റ്യാടി കോഴിക്കോട് സംസ്ഥാന പാതയോരത്ത് സ്ഥിതി ചെയ്യുന്ന പാര്‍ക്ക് വിനോദ സഞ്ചാരികള്‍ക്കും പ്രദേശവാസികള്‍ക്കും ഏറെ പ്രയോജനപ്പെടുന്നതാണ്.
നാടും നഗരവും ചുട്ടു പൊള്ളുമ്പോള്‍ ശരീരത്തിനും മനസ്സിനും കുളിര്‍മയേകാന്‍ കഴിയുന്നതാണ് ഈ മുളപാര്‍ക്ക്. അധികൃതരുടെ അനാസ്ഥ ഇന്ന് ഈ പാര്‍ക്കിനെ അനാഥമാക്കിമാറ്റിയിരിക്കുകയാണ്. ഇന്നിവിടം സാമൂഹ്യ വിരുദ്ധരുടെയും ലഹരി മാഫിയകളുടെ സിരാ കേന്ദ്രീമായി മാറിയിരിക്കുകയാണ്.
ജില്ല പഞ്ചായത്തും ടൂറിസം വകുപ്പും പാര്‍ക്കിന്റെ നവീകരണത്തിനായി ലക്ഷങ്ങള്‍ വകയിരുത്തിയിരുന്നു. പാര്‍ക്ക് യാഥാര്‍ത്ഥ്യമായാല്‍ പ്രദേശത്തെ തൊഴില്‍ രഹിതരായ കുറച്ച് പേര്‍ക്കെങ്കിലും തൊഴില്‍ നല്‍കാനും സാധിക്കും.
ഗ്രാമപഞ്ചായത്തിന്റെ അധീനതയിലാണ് പാര്‍ക്കുള്ളത്. എത്രയും പെട്ടെന്ന് പാര്‍ക്കിന്റെ പണി പൂര്‍ത്തീകരിക്കണമെന്നും പാര്‍ക്കില്‍ നടന്നു വരുന്ന സാമൂഹ്യ വിരുദ്ധ ശല്യത്തിനും ലഹരിമാഹിയക്കുമെതിരെ അധികൃതര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചങ്ങരോത്ത് പഞ്ചായത്ത് മണ്ഡലം യോഗം ആവിശ്യപ്പെട്ടു.
യോഗത്തില്‍ മണ്ഡലം വൈസ് പ്രസിഡണ്ട് സദു തിരുവോത്ത് അധ്യക്ഷത വഹിച്ചു. മനോജ് പാലേരി, കെ.കെ സുരേഷ് മുതുവണ്ണാച്ച എന്നിവര്‍ സംസാരിച്ചു.
Changarothe Bamboo Park is in a desolate state