വടകര : തടിയില്‍ ദേവ രൂപങ്ങള്‍ കൊത്തിയെടുക്കുന്ന ശില്പി എരവട്ടൂര്‍ ഉണ്ണി ആചാരിക്ക് വടകരയില്‍ ആദരവ്. ക്ഷേത്രങ്ങളില്‍ മുഖാര, കിമ്പുരുഷരൂപങ്ങളും ദാരു വിഗ്രഹങ്ങളും കൊത്തി ശ്രദ്ധേയനായ എരവട്ടൂര്‍ ഉണ്ണി ആശാരിയെയാണ് കലാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആദരിച്ചത്.

അരവിന്ദാക്ഷന്‍ പുത്തൂര്‍, രമേശ് രഞ്ജനം, ജഗദീഷ് പാലയാട്ട്, ഷിബു മലയില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കടത്താനാട്ടിലെ നിരവധി ക്ഷേത്രങ്ങളില്‍ ഉണ്ണി ആചാരി കൊത്തു പണിയും ക്ഷേത്ര നിര്‍മ്മാണ ജോലിയും ചെയ്തിട്ടുണ്ട്. ഒടുവില്‍ അദ്ദേഹം രചിച്ചിട്ടുള്ള മുഖാര വിഗ്രഹം വൈക്കിലശ്ശേരി പരദേവത ക്ഷേത്രത്തിലെ മുഖാര വിഗ്രഹമാണ്.
തേക്കിന്‍ തടിയിലാണ് ഈ വിഗ്രഹം തീര്‍ത്തത്. ഏതാണ്ട് മൂന്ന് മാസം ജോലി ചെയ്താണ് ശില്‍പ്പം പൂര്‍ത്തീകരിച്ചത്. പൂര്‍ത്തീകരിച്ച ശില്‍പ്പത്തിന് വര്‍ണ്ണങ്ങള്‍ നല്‍കുന്നത് പാരമ്പര്യ വര്‍ണ്ണ സമ്പ്രദായ വിദഗ്ധന്മാരായ ജഗദീഷ് പാലയാട്ട്, ഷിബു മലയില്‍, ബിജോയ് കരേതയ്യില്‍ എന്നിവര്‍ ചേര്‍ന്നാണ്.
ധ്യാന ശ്ലോകങ്ങളിലെ വര്‍ണ്ണനയുടെ അടിസ്ഥാനത്തിലാണ് ശില്‍പ്പങ്ങള്‍കൊത്തുന്നതും അതിന് വര്‍ണ്ണങ്ങള്‍ നല്‍കുന്നതും. ആഗസ്ത് ആദ്യ വാരത്തോടെ ശില്‍പ്പം വൈക്കിലശ്ശേരി പരദേവത ക്ഷേത്രത്തില്‍ സമര്‍പ്പിക്കും.
Tribute to the creator of the wooden sculptures