പേരാമ്പ്ര: പേരാമ്പ്രയില്‍ യുവാവിനെ ആക്രമിച്ച് വാഹനവും പണവും മൊബൈലും കവര്‍ന്ന കേസിലെ പ്രതികള്‍ അറസ്റ്റില്‍. തണ്ടോറപ്പാറ പാറാടികുന്നുമ്മല്‍ മൊയ്തീന്റെ മകന്‍ ആഷിഖിനെ മര്‍ദ്ദിച്ച കേസിലെ പ്രതികളാണ് അറസ്റ്റിലായത്. ഈ മാസം 11-ാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം.
രാത്രി 9 .15 ഓടെ പേരാമ്പ്ര ബാദുഷ ഹൈപ്പര്‍ മാര്‍ക്കറ്റിന് സമീപം നിര്‍ത്തിയിട്ട കാറില്‍ നിന്നും ആഷിക്കിനെ ഹൈദരാബാദ് രജിസ്‌ട്രേഷനിലുള്ള ഇന്നോവ കാറിലെത്തിയ സംഘം ആളുകള്‍ മര്‍ദ്ദിച്ച് പിടിച്ച് പുറത്തിറക്കുകയും ഇയാളുടെ കാറും കയ്യിലുണ്ടായിരുന്ന പതിനൊന്നായിരം രൂപയും മൊബൈല്‍ ഫോണും കവര്‍ന്ന് കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ ആഷിഖ് പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നും പ്രതികള്‍ ആഷിഖിനെ നിരന്തരം വാട്‌സ് ആപ്പില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പറയുന്നു.
പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ചെമ്പ്ര സ്വദേശി എടത്തില്‍ സുഫൈല്‍, മൂരികുത്തി ഷമീര്‍, കോടേരിച്ചാല്‍ ഞാണിയമ്പത്ത് സിറാജ്, പാണ്ടിക്കോട് അജ്‌നാസ്, ചെമ്പ്ര ഫഹദ് എന്നിവര്‍ക്കെതിരെ പൊലീസ് നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
സുഫൈലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആഷിഖിനെ മര്‍ദ്ദിച്ചതെന്നാണ് പരാതി. സംഭവത്തിന് ശേഷം ഇവര്‍ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. അഞ്ച് പ്രതികളില്‍ മൂന്നു പേരെ പേരാമ്പ്ര പോലീസ് ഇന്‍സ്പെക്ടര്‍ പി.ജംഷിദിന്റെ നിര്‍ദ്ദേശ പ്രകാരം സബ്ബ് ഇന്‍സ്പക്ടര്‍ പി. ഷമീറിന്റെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ തുടര്‍ച്ചയായി നടത്തിയ അതിസാഹസികമായ തെരച്ചിലിനൊടുവിലാണ് വിവിധ ഇടങ്ങളില്‍ നിന്ന് പിടികൂടിയത്.
സിറാജ്, അജ്‌നാസ്, ഫഹദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റ് രണ്ട് പ്രതികളില്‍ ഷമീര്‍ വിദേശത്തേക്ക് കടന്നുകളഞ്ഞതായി പൊലീസ് പറഞ്ഞു. സുഫൈലിന് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കി.
സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സി.എം.സുനില്‍കുമാര്‍ പേരാമ്പ്ര ഡിവൈഎസ്പിയുടെ സ്‌ക്വഡ് അംഗങ്ങളായ സിപിഒമാരായ ഷാഫി, ജയേഷ് എന്നിവര്‍ നടത്തിയ അതി സാഹസികമായ ഓപ്പറേഷനിലാണ് പ്രതികള്‍ വലയിലായത്. ആഷിഖിന്റെ മുന്‍ വ്യാപാര പങ്കാളിയാണ് സുഫൈല്‍.
Suspects arrested in Perambra attack and vehicle theft case