പേരാമ്പ്ര : പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറായ പ്രകാശന്‍ 2024 ജൂലൈ 21 ന് മരണപ്പെട്ട സാഹചര്യത്തില്‍ ഉയര്‍ന്ന ആക്ഷേപങ്ങള്‍ക്ക് മറുപടിയുമായി ഇഎംഎസ് സഹകരണ ആശുപത്രി അധികൃതര്‍.

സി.പി.എം നേതൃപരമായ പങ്ക് വഹിച്ചുകൊണ്ട് 2003ല്‍ മാര്‍ക്കറ്റിനടുത്ത് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചതാണ് ഇ എം എസ് സഹകരണ ആശുപത്രി. വിഭവ സമാഹരണം ഉള്‍പ്പെടെ ആശുപത്രിയുടെ പുരോഗതിക്കാവശ്യമായ എല്ലാ സഹകരണവും ജനങ്ങളില്‍ നിന്ന് രാഷ്ട്രീയ ഭേദമന്യേ ലഭിക്കുകയും ജില്ലയിലെ പ്രധാന ആതുര ശുശ്രൂഷ കേന്ദ്രമായി ഇ.എം.എസ് ആശുപത്രി വളരുകയും ചെയ്തു.
2018 ജൂലായില്‍ ആശുപത്രി സ്വന്തം കെട്ടിടത്തിലേയ്ക്ക് പ്രവര്‍ത്തനം മാറുകയും ഇപ്പോള്‍ 152 ജീവനക്കാരും, 43 ഡോക്ടര്‍മാരും, ആധുനിക ചികിത്സാ സൗകര്യങ്ങളുമായി ആശുപത്രി മികവിന്റെ കേന്ദ്രമായി മാറി.
ഈ സന്ദര്‍ഭത്തിലാണ് ജൂലൈ 21ന് ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറായ പ്രകാശന്റെ അകാല വേര്‍പാട് ഉണ്ടാകുന്നത്. വേദനാജനകമായ ഈ സംഭവത്തെ മുന്‍നിര്‍ത്തി ഉത്തരവാദപ്പെട്ട ചില രാഷ്ട്രീയ കക്ഷികളും, അതിനെ പിന്‍പറ്റി നവ മാധ്യമങ്ങളിലെ ചിലരും തെറ്റായ പ്രചരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
വസ്തുതകള്‍ മനസിലാക്കി തെറ്റിദ്ധാരണകള്‍ അകറ്റാന്‍ എല്ലാ അഭ്യുദയകാംഷികളോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. സ്ഥാപനം ആരംഭിച്ച മുതല്‍ മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം നല്കാന്‍ ആശുപത്രിക്കായിട്ടുണ്ട്.
ഒരു ജീവനക്കാരനും ശമ്പളക്കുടിശ്ശിക നിലവിലില്ല. കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയുടെ വിഷമ ഘട്ടത്തിലും ജില്ലാ ബാങ്കില്‍ നിന്ന് കടമെടുത്ത് പോലും ശമ്പളം കൃത്യമായി നല്‍കിയിട്ടുണ്ട്.
ഈ വസ്തുതകളുടെ അടിസ്ഥാനത്തില്‍ ഇ.എം.എസ് ആശുപത്രിയ്ക്ക് എതിരെ നടത്തുന്ന ദുഷ് പ്രചരണങ്ങളെ തള്ളിക്കളയണമെന്ന് ഭരണ സമിതി എല്ലാ ബഹുമാനപ്പെട്ടവരോടും അഭ്യര്‍ത്ഥിക്കുന്നതായി ഭരണ സമിതി പ്രസിഡന്റ് കെ. കുഞ്ഞമ്മദ്, സെക്രട്ടറി ഇ. റജി, പി.പി. രാധാകൃഷ്ണന്‍, വി.കെ. പ്രമോദ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
Death of Ambulance Driver; The hospital authorities responded to the allegations