പേരാമ്പ്ര: വ്യാജ സ്വര്‍ണം വിറ്റ് പണം തട്ടിയ പ്രതി പേരാമ്പ്ര പൊലീസിന്റെ പിടിയില്‍ മുഖ്യ സൂത്രധാരനെ തിരയുന്നു. ബാലുശ്ശേരി എരമംഗലം ചെറുവക്കാട്ട് കൈലാസ് (22) നെയണ് പിടികൂടിയത്. മുഖ്യ സൂത്രധാരന്‍ പാലേരി വലിയ വീട്ടുമ്മല്‍ ആകാശ് (22) നെയാണ് പിടികിട്ടാനുള്ളത്.
പേരാമ്പ്രയിലെ സ്വര്‍ണ വ്യാപാര സ്ഥാപനത്തില്‍ 2 പവന്‍ തൂക്കം വരുന്ന വ്യാജ സ്വര്‍ണ വള നല്‍കിയാണ് പ്രതികള്‍ ഒരു ലക്ഷത്തില്‍ കൂടുതല്‍ രൂപ തട്ടിയത്. കഴിഞ്ഞ 27 നായിരുന്നു സംഭവം.
സ്വര്‍ണം കണ്ടപ്പോള്‍ തന്നെ സ്ഥാപനത്തില്‍ ഉള്ളവര്‍ക്ക് സംശയം തോന്നിയെങ്കിലും ഉരച്ചു നോക്കിയപ്പോഴും കാരറ്റ് അനലൈസറില്‍ പരിശോധിച്ചപ്പോഴും സ്വര്‍ണം തന്നെയെന്ന് കാണിച്ചതും 916 സീല്‍ ഉള്ളതും കാരണമാണ് പണം നല്‍കിയത്. പിന്നീട് ഉരുക്കി നോക്കിയപ്പോഴാണു സംഭവം വ്യാജമാണെന്ന് മനസിലായത്. തുടര്‍ന്ന് പേരാമ്പ്ര പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.
പേരാമ്പ്ര ഡിവൈഎസ്പി വി.വി. ലതീഷ് ഇന്‍സ്പെക്ടര്‍ പി. ജംഷിദ് എന്നിവരുടെ നിര്‍ദേശ പ്രകാരം എസ്ഐ കെ. സജി അഗസ്റ്റിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയപ്പോഴേക്കും പ്രതികള്‍ മുങ്ങിയിരുന്നു.
അന്വേഷണം ഊര്‍ജിതമാക്കിയ പൊലീസ് ബാലുശ്ശേരിയില്‍ എത്തിയ പ്രതിയെ വിദഗ്ധമായി പിടികൂടുകയായിരുന്നു. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. നാട്ടില്‍ ഇത്തരം വ്യാജ സ്വര്‍ണം കൂടുതലായി എത്തിയിട്ടുണ്ടെന്നും ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും പൊലീസ് അറിയിച്ചു.
Accused of stealing money by selling fake gold caught by police at perambra