വെങ്ങപ്പറ്റ: വെങ്ങപ്പറ്റ ഗവ. ഹൈസ്‌ക്കൂള്‍ അധികൃതരെ മുക്തകണ്ഠം പുകഴ്ത്തി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കഴിഞ്ഞ ദിവസം നടന്ന സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ടാണ് മന്ത്രിയുടെ പ്രശംസ. ഈ കലോത്സവം ഉദ്ഘാടനം ചെയ്യാന്‍ അധികൃതര്‍ ക്ഷണിച്ചത് ചക്കിട്ടപ്പാറ ബഡ്‌സ് സ്‌കൂളിലെ അനില്‍കുമാര്‍ എന്ന വിദ്യാര്‍ത്ഥിയെയാണ്.
ചടങ്ങില്‍ അനില്‍കുമാര്‍ മണച്ചിത്രത്താഴ് എന്ന ചലച്ചിത്രത്തിലെ പ്രശസ്തമായ ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന പാട്ടിനൊത്ത് നൃത്തം വെക്കുകയും പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തിരുന്നു.
അനില്‍കുമാറിനെ കൂടാതെ ബഡ്‌സ് സ്‌കൂളിലെ മറ്റ് വിദ്യാര്‍ത്ഥികളെയും അതിഥികളായി ക്ഷണിച്ചിരുന്നു. ഈ വിദ്യാലയത്തില്‍ നടന്ന ഈ ചടങ്ങിനെ പറ്റി അറിഞ്ഞ മന്ത്രി തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് സ്‌ക്കൂള്‍ അധികൃതരെ പ്രശംസിച്ചത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ
കോഴിക്കോട് ജില്ലയിലെ വെങ്ങപ്പറ്റ ഗവ.ഹൈസ്‌കൂളില്‍ കലോത്സവം നടക്കുന്നു. അവിടേയ്ക്ക് മുഖ്യാതിഥിയായി ക്ഷണിച്ചത് ചക്കിട്ടപ്പാറ ബഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥി അനില്‍കുമാറിനെയാണ്. അനില്‍കുമാറിനെ മാത്രമല്ല ആ ബഡ്‌സ് സ്‌കൂളിലെ എല്ലാ കുട്ടികളെയും കലോത്സവത്തിന് ക്ഷണിക്കുകയും അവരെ സ്വീകരിക്കുകയും ഭക്ഷണവും ഉപഹാരങ്ങളും നല്‍കുകയും കലോത്സവം കാണാന്‍ സംവിധാനമൊരുക്കുകയും ചെയ്തു.
കലോത്സവ വേദിയില്‍ അനില്‍കുമാര്‍ നൃത്തവും അവതരിപ്പിച്ചു. കരഘോഷത്തോടെയാണ് സദസ് ആ നൃത്തവിരുന്നിനെ സ്വീകരിച്ചത്. ബഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ ഒരു പൊതുവിദ്യാലയം നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തിയ മനോഹര നിമിഷങ്ങള്‍. എന്തൊരു മഹത്തായ മാതൃക...
School Art Festival; Praising the school authorities, Education Minister V. Shivankutty