പേരാമ്പ്ര: കല്ലോട് തച്ചറത്ത്കണ്ടി അംഗന്‍വാടി റോഡ് യാഥാര്‍ഥ്യമാക്കണമെന്ന് ഭാവന തിയേറ്റേഴ്സ് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. റോഡ് മാര്‍ഗം അംഗനവാടിയില്‍ എത്തിച്ചേരുവാന്‍ പറ്റാത്ത സ്ഥിതിയാണ്. എന്നാല്‍ ചേനായി റോഡ്-കരിമ്പനകണ്ടിതാഴെ-അംഗനവാടി റോഡ് എന്ന പേരില്‍ രണ്ട് തവണയായി പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച റോഡ് അംഗനവാടിയുടെ പേരില്‍ ബോര്‍ഡ് വെച്ച് അറിയപ്പെടുന്നുണ്ടെങ്കിലും ഈ റോഡ് അങ്കണവാടിയില്‍ എത്തുവാന്‍ ഏതാണ്ട് 50 മീറ്റര്‍ ദൂരം ഇനിയും ബാക്കിയുണ്ട്.
പിഞ്ചു കുട്ടികളുമായി അംഗന്‍വാടിയില്‍ എത്തുന്ന അമ്മമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആശ്രയിക്കുന്ന വഴി അംഗന്‍വാടി വരെ എത്തിച്ചാല്‍ വളരെ ഉപകാരപ്രദമാണ്. കാരണം എല്‍പിജി സിലിണ്ടര്‍, കുട്ടികള്‍ക്കും അമ്മമാര്‍ക്കുമുള്ള ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുന്ന ഭാരമുള്ള ചാക്കുകള്‍ ദൂരെ ഇറക്കി സ്ത്രീകളായ അംഗന്‍വാടി ജീവനക്കാര്‍ തലയിലേറ്റി എത്തിക്കുന്ന അവസ്ഥയാണുള്ളത്. മാത്രമല്ല നിലവിലെ റോഡില്‍ നിന്നും ഏതാണ്ട് 50 മീറ്റര്‍ ദൂരം വരെയുള്ള ഭാഗം വളരെ ഇടുങ്ങിയതും രണ്ട് ഭാഗത്ത് നിന്നും കാല്‍നട യാത്രികര്‍ക്ക് മാറി നില്‍ക്കുവാന്‍ ഇടമില്ലാത്തതുമാണ്.
റോഡ് അംഗന്‍വാടിയില്‍ എത്തിക്കുവാന്‍ അംഗന്‍വാടി മോണിറ്ററിങ്ങ് കമ്മിറ്റിക്ക് കല്ലോട് ഭാവന തിയറ്റേഴ്സ് കത്ത് നല്‍കിയിട്ട് കാലങ്ങളായെങ്കിലും ഇതുവരെയും ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ നടന്നിട്ടില്ല. പ്രസ്തുത റോഡ് അംഗന്‍വാടിയില്‍ എത്തിക്കുവാന്‍ വേണ്ട നടപാടികള്‍ അടിയന്തിരമായി പരിഗണിക്കുവാന്‍ അധികൃതര്‍ ശ്രദ്ധിക്കണമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന ഭാവന തിയേറ്റേഴ്സ് ജനറല്‍ ബോഡി യോഗത്തില്‍ പ്രമേയം പാസാക്കി.
ജനറല്‍ ബോഡിയില്‍ പുതിയ ഭാരവാഹികളായി പ്രസിഡണ്ട് ജോബി സുജില്‍, വൈസ് പ്രസിഡണ്ട് സി.കെ സുധീന്ദ്രന്‍, സെക്രട്ടറി ബബിലേഷ് കുമാര്‍, ജോ: സെക്രട്ടറി ടി. പ്രകാശന്‍, ഖജാന്‍ജി സി.കെ. മിഥുന്‍ എന്നിവരെ തെരെഞ്ഞെടുത്തു. ഭാവനയുടെ മുപ്പത്തിയെട്ടാം വാര്‍ഷിക പരിപാടികള്‍ 2025 ജനുവരി 10, 11 തിയ്യതികളില്‍ നടത്തുവാന്‍ യോഗം തീരുമാനിച്ചു.
The road must be realized; The general body meet