പേരാമ്പ്ര : കാട്ടുപന്നി ശല്യത്തില്‍ പൊറുതി മുട്ടിയിരിക്കുകയാണ് കല്ലൂര്‍ നിവാസികള്‍.കല്ലൂരിലെ കെക്കെ മുക്ക്, കല്ലൂര്‍ കാവ്, ദാരയില്‍ താഴ ഭാഗങ്ങളിലാണ് കാട്ടുപന്നികളും മുള്ളന്‍ പന്നികളും കൃഷിനാശം ഉണ്ടായിരിക്കുന്നത്. ഇവിടങ്ങളിലെ നൂറോളം നാമ മാത്ര കര്‍ഷകര്‍ തങ്ങളുടെ വീടുകളിലേക്കാവശ്യമായി കൃഷി ചെയ്തു വരുന്ന കൃഷികളാണ് കാട്ടു പന്നി കൂട്ടം നശിപ്പിച്ചത്. പ്രധാനമായും കപ്പ, വാഴ, ചേന, ചേമ്പ്, കവുങ്ങിന്‍ തൈകള്‍, തെങ്ങിന്‍ തൈകള്‍, ചെറുകിഴങ്ങ് തുടങ്ങിയവയാണ് നശിപ്പിക്കപ്പെട്ടിട്ടുള്ളത്. തെങ്ങിന്‍ ചുവടുകളെല്ലാം ഉഴുത് മറിച്ച നിലയിലാണ്.
കൂടക്കല്‍ അമ്മദ്, വടക്കയില്‍ ബാലന്‍ നായര്‍, ചെറുപീടീകയില്‍ ജാനുഅമ്മ, കെക്കെമുക്കിലെ പുല്ലരിക്കണ്ടി പി.കെ. കൃഷ്ണദാസ്, കറുത്ത കുളങ്ങര കുഞ്ഞിക്കണ്ണന്‍, ചാലില്‍ മീത്തല്‍ ദാമോദരന്‍ നായര്‍, കൂടക്കല്‍ രാജന്‍, കല്ലൂര്‍ കാവിന് സമീപം നടുക്കണ്ടി ബാലക്കുറുപ്പ്, നടുക്കണ്ടി ശ്രീധരക്കുറുപ്പ്, കല്ലൂര്‍ മഠത്തില്‍ മോഹനന്‍ സാമി, പുത്തൂര്‍ സരോജിനി തുടങ്ങി നൂറോളം കര്‍ഷകരുടെ കൃഷികളാണ് കാട്ടുപന്നി നശിപ്പിച്ചിരിക്കുന്നത്.
സമീപത്തൊന്നും ഫോറസ്റ്റൊന്നും ഇല്ലെന്നിരിക്കെ കാട്ടു പന്നികള്‍ എങ്ങനെ ഇവിടെ എത്തി എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. കിലോ മീറ്ററുകള്‍ അകലെയുള്ള മതുതോങ്കര പഞ്ചായത്തിലെ ജാനകികാടാണ് ഈ പ്രദേശത്തിന് അടുത്തുള്ള ഫോറസ്റ്റ്.
കാട്ടു പന്നികളുടെയും മുള്ളന്‍ പന്നികളുടെയും ശല്യത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാക്കാന്‍ ആവശ്യമായ നടപടികളും കൃഷി നാശത്തിന് തക്കതായ നഷ്ട പരിഹാരവും ലഭ്യമാക്കാന്‍ വനം, കൃഷി വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളും നടപടികള്‍ സ്വീകരിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. പ്രദേശത്ത് കൃഷി നാശവുമായി ബന്ധപ്പെട്ട് കര്‍ഷകരുടെ യോഗങ്ങള്‍ ചേര്‍ന്ന് തുടര്‍ നടപടികളിലേക്ക് നീങ്ങാനുള്ള ഒരുക്കത്തിലാണ് കര്‍ഷകര്‍.
The wild boar is disturbed by the wild boar at perambra