കൂരാച്ചുണ്ട് : 2001 മാര്‍ച്ച് 11 കേരളത്തെ സംബന്ധിച്ചും കൂരാച്ചുണ്ട് ചെമ്പനോട ഗ്രാമങ്ങള്‍ക്കും മറക്കാന്‍ പറ്റാത്ത ഒരു കറുത്ത ദിനം ആണ്. മലപ്പുറം ജില്ലയിലെ പൂക്കിപ്പറമ്പ് ബസ് അപകടം നടന്ന ദിവസമാണ് 2001 മാര്‍ച്ച് 11.

ഗുരുവായൂരില്‍ നിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്നു പ്രണവം എന്ന സ്വകാര്യ ബസ് നിയന്ത്രണം വിടുകയും തീപിടിച്ച് മറിഞ്ഞ് 41 ല്‍ പരം ആളുകള്‍ വെന്ത് മരിക്കുകയും ചെയ്തു. മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാത്ത വിധം കരിഞ്ഞ നിരയിലായിരുന്നു. ഈ അപകടത്തില്‍ കൂരാച്ചുണ്ട് സ്വദേശി റോയ് ചുവപ്പുങ്കല്‍. ചെമ്പനോട സ്വദേശികളായ രജനി കാവില്‍ പുരയിടം, ഷിജി കറുത്ത പാറക്കല്‍, റീന പാലറ, ബിന്ദു വാഴക്കടവത്ത് എന്നിവരും മരണപ്പെട്ടിരുന്നു.
ജീസസ് യൂത്തിന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇടുക്കിയിലെ രാജപുരത്ത് നിന്ന് തിരികെ നാട്ടിലേക്കുള്ള യാത്രയിലാണ് അഗ്‌നി അവരുടെ ജീവനെടുത്തത്. കേരളം ഇന്നോളം കണ്ട ബസ് അപകടത്തില്‍ ഏറ്റവും ഭീകരമായ അപകടം ഇതുതന്നെയാണ് ഈ അപകടത്തെ തുടര്‍ന്നാണ് ബസ്സുകളില്‍ എമര്‍ജന്‍സി എക്‌സിറ്റ് നടപ്പിലാക്കിയത്.
ഈ അഞ്ചുപേരുടെ ഓര്‍മ്മകളും ജീവിതവും പൂക്കിപ്പറമ്പ് ബസ് അപകടവും അടിസ്ഥാനമാക്കി കൂരാച്ചുണ്ട് സ്വദേശിയും അധ്യാപകരുമായിരുന്ന ജേക്കബ് കോച്ചേരി അഗ്‌നിരതത്തിലേറിയവര്‍ എന്ന പുസ്തകം രചിച്ചു. ഈ പുസ്തകത്തെ അടിസ്ഥാനമാക്കി ഗോഡ്‌സ് ബാന്‍ഡ് എന്ന മ്യൂസിക്കല്‍ ബാന്‍ഡ് സോള്‍ഫിഷേഴ്‌സ് എന്ന ഡോക്യുമെന്ററി വെബ് സീരീസ് നിര്‍മ്മിച്ചു. നിരവധി പ്രേക്ഷക ശ്രദ്ധ നേടിയ ഈ വെബ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത് ചക്കിട്ടപ്പാറ സ്വദേശിയും സിനിമ പ്രവര്‍ത്തകനുമായ ജിന്റോ തോമസ് ആണ്.
ഗോഡ്‌സ് ബാന്‍ഡ് യൂട്യൂബ് ചാനലില്‍ ഈ വെബ് സീരീസ് കാണാന്‍ സാധിക്കും. ഈ അഞ്ചുപേരുടെ മരണത്തിന്റെ ഓര്‍മ്മയ്ക്കായി ജീസസ് യൂത്ത് നല്ല അയല്‍ക്കാരന്‍ പ്രൊജക്റ്റുമായി സഹകരിച്ച് 6 വീടുകള്‍ നിര്‍മ്മിച്ചു. ഈ വീടുകളുടെ വെഞ്ചിരിപ്പ് കര്‍മ്മം മാര്‍ച്ച് 10.11 തീയതികളില്‍ താമരശ്ശേരി രൂപത അധ്യക്ഷന്‍ മാര്‍ റെമി ജിയോസ് ഇഞ്ചനാനി നേതൃത്വത്തില്‍ നടക്കുന്നു.
March 11th is a black day for Chembanoda and Koorachundu