പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിനു സമീപമുള്ള ചെമ്പനോട റോഡില്‍ വന്‍മരങ്ങള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. പെരുവണ്ണാമൂഴി ഫോറസ്റ്റ് റേയ്ഞ്ച് ഓഫീസിനു മുന്നിലായിട്ടാണ് കൂറ്റന്‍ വന്‍ മരം ഏതു സമയവും കടപുഴകുന്ന നിലയില്‍ കാണപ്പെടുന്നത്.

ഇതിന് സമീപത്തെ മറ്റ് മരങ്ങളും റോഡരികിലെ മണ്ണിടിച്ചില്‍ കാരണം യാത്രക്കാര്‍ക്കും ഫോറസ്റ്റ് റൈഞ്ച് ഓഫീസിനും ഭീഷണിയായിരിക്കുകയാണ്.നിത്യേന നിരവധി വാഹനങ്ങളാണ് ഇതിലൂടെ കടന്ന് പോകുന്നത്. ചെറിയ മരങ്ങള്‍ മുതല്‍ പടുകൂറ്റന്‍ മരങ്ങള്‍ വരെയുണ്ട്. റോഡില്‍ നിന്നും വളരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മരങ്ങളുടെ വേരുകള്‍ മണ്ണിടിച്ചിലിലും മറ്റും പൂര്‍ണ്ണമായും പുറത്തു കാണുന്ന സ്ഥിതിയിലാണ് ഉള്ളത്.
വലിയ കാറ്റടിച്ചാല്‍ ഏത് സമയവും നിലപൊത്താവുന്ന സ്ഥിതിയിലുള്ള ഈ മരങ്ങള്‍ മുറിച്ച് മാറ്റണമെന്നാണ് യാത്രക്കാരുടെ ആവശ്യം. കാറ്റിലോ കനത്ത മഴയിലോ ഈ മരങ്ങള്‍ കടപുഴകിയാല്‍ സമീപത്തുള്ള ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിനടക്കം നാശനഷ്ടം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.വനം വകുപ്പില്‍ നിരവധി തവണ അറിയിച്ചിട്ടും കാര്യമായ നടപടി എടുത്തില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
Big trees as a threat