പേരാമ്പ്ര: നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ചാലിക്കരയില്‍ നിര്‍മ്മിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജനങ്ങളുമായുള്ള ബന്ധമാണ് രാഷ്ട്രീയ പ്രവര്‍ത്തനമെന്നും ആ ബന്ധമുള്ളവര്‍ കോണ്‍ഗ്രസില്‍ ഉള്ളതിന്റെ തെളിവാണ് ചാലിക്കരയിലെ മനോഹരമായ കോണ്‍ഗ്രസ് ഓഫീസ് എന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് വര്‍ഗീയത വളര്‍ത്തി നാടിനെ തകര്‍ക്കാനുള്ള ശ്രമമാണ് കേന്ദ്ര, കേരള ഭരണാധികാരികളുടെ ഭാഗത്തു നിന്നും കാണുന്നത്. അതിനായി ഏത് പ്രവര്‍ത്തനവും നടത്തുകയാണ്. അതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനമാണ് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. അതിനായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് നടത്തുന്നത്. അധികാരത്തില്‍ എത്തുക എന്നതല്ല പ്രധാനം. നാട്ടില്‍ വളര്‍ന്നു വരുന്ന വര്‍ഗീയതയെ തുടച്ചു നീക്കുക എന്നതാണ് ലക്ഷ്യം. അതിനായി ഏത് അറ്റം വരെ പോകാനും കോണ്‍ഗ്രസ് തയാറാകും എന്നും അദ്ദേഹം പറഞ്ഞു.
4-ാം വാര്‍ഷികം ആഘോഷിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ 100 കോടിയാണ് അതിനു വേണ്ടി ചെലവഴിക്കുന്നത്. മുഖ്യമന്ത്രിയുടെ പടം വയ്ക്കാന്‍ വേണ്ടി ചെലവഴിക്കുന്നത് 15 കോടിയാണ്. കേരളം സാമ്പത്തികമായി കടക്കെണിയില്‍ ആയിട്ടുണ്ട്. ക്ഷേമ പദ്ധതികള്‍ പൂര്‍ണമായി നിര്‍ത്തലാക്കുകയാണ്. കേരളത്തിന്റെ ഖജനാവില്‍ പൂച്ച പെറ്റ അവസ്ഥയാണ്. പൂച്ച പ്രസവിക്കുന്നതിനു മുന്‍പ് 2 ദിവസം ഒടി നടക്കും. എന്നിട്ട് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് തിരഞ്ഞെടുക്കുന്നത്. അതേ അവസ്ഥയാണ് കേരളത്തില്‍ ഇപ്പോള്‍ ഉള്ളത്. ആശാ വര്‍ക്കര്‍മാരെ പൂര്‍ണമായി അവഗണിച്ചു. തൊഴിലാളികളുടെ പാര്‍ട്ടിയാണ് എന്ന് അവര്‍ മറന്ന അവസ്ഥയാണ്. കേരളത്തിലെ മന്ത്രിമാര്‍ മുതലാളിമാരായാണ് പ്രവര്‍ത്തിക്കുന്നത്. അദാനിയെ ഇപ്പോള്‍ അവര്‍ പാങ്കാളിയാക്കിയിട്ടുണ്ട്. 77ല്‍ ഇഎംഎസിന് പറ്റിയതിനേക്കാള്‍ അപ്പുറമായിരിക്കും 2026ലെ തിരഞ്ഞെടുപ്പില്‍ പിണറായിയുടെ അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് വി.വി. ദിനേശന്‍ അധ്യക്ഷത വഹിച്ചു. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി. സിദ്ദിഖ് എംഎല്‍എ പ്രഭാഷണം നടത്തി. ഷാഫി പറമ്പില്‍ എംപി മുഖ്യാതിഥിയായി പങ്കെടുത്തു.
ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ ഫോട്ടോ അനാഛാദനം ചെയ്തു. സത്യന്‍ കടിയങ്ങാട്, എരവത്ത് മുനീര്‍, ഇ.വി. രാമചന്ദ്രന്‍, രാജന്‍ മരുതേരി, പി.കെ. രാഗേഷ്, കെ.സി. ഗോപാലന്‍, കെ. മധു കൃഷ്ണന്‍, വി.ബി രാജേഷ്, പി..എം. പ്രകാശന്‍, മിന്‍ഹ ഫാത്തിമ, പി. അനില്‍ കുമാര്‍, റഷീദ് ചെക്കോലത്ത് എന്നിവര്‍ സംസാരിച്ചു.
Nochad constituency Congress office inaugurated