പേരാമ്പ്ര: ആര്‍ടി ഓഫീസിന് വാഴവെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഇന്ന് രാവിലെ കുറ്റ്യാടിയില്‍ നിന്നും കോഴിക്കോടേക്ക് പുറപ്പെട്ട സ്വകാര്യ ബസ് പേരാമ്പ്രയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയുകയും ബസ് യാത്രക്കാരെ ബസ്സില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തു. ബസ് സര്‍വീസ് നടത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് ബസ് തടഞ്ഞത്. സ്ഥലത്ത് പൊലീസ് എത്തി സംഘര്‍ഷത്തിലേക്ക് മാറാതെ പ്രതിഷേധക്കാരെ തടഞ്ഞു.
എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഴയുമായി ആര്‍ടി ഓഫീസിലേക്ക് പ്രകടനമായെത്തി. ഇത്രയൊക്കെ പ്രശ്‌നങ്ങള്‍ നടന്നിട്ടും മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും യാതൊരു നടപടിയും ഉണ്ടാവാത്തതില്‍ പ്രതിഷേധിച്ചാണ് വാഴയുമായി പ്രവര്‍ത്തകര്‍ എത്തിയത്. ഇനിയൊരു തീരുമാനം ഉണ്ടാകും വരെ കുറ്റ്യാടി കോഴിക്കോട് സ്വകാര്യബസ് സര്‍വീസ് നടത്താന്‍ അനുവദിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു.

ഈ റൂട്ടിലൂടെ സര്‍വീസ് നടത്തുന്ന ബസ്സിലെ ജീവനക്കാരില്‍ പലരും ലഹരിക്ക് അടിമകള്‍ ആണെന്നും ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നതിനാല്‍ അമിതവേഗതയിലാണ് ബസ് ഓടിക്കുന്നതെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡൻ്റ് എസ്. സുനന്ദ്, കെ എസ് യു ജില്ല പ്രസിഡൻ്റ് വി.ടി സൂരജ് എന്നിവരുടെ നേതൃത്വത്തിൻ വാഴയുമായി എത്തിയാണ് പ്രതിഷേധിച്ചത്.
Youth Congress protest in front of the RTO office