പേരാമ്പ്ര: സ്വകാര്യ ബസ് തട്ടി പേരാമ്പ്രയില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം വടകര ആര്‍ടിഒ വിളിച്ചു ചേര്‍ത്ത സര്‍വ കക്ഷി യോഗത്തില്‍ സമരം ഒഴിവാക്കാന്‍ തീരുമാനിച്ചെങ്കിലും കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ ഇന്നും സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയില്ല. സ്വകാര്യ ബസ് ഉടമസ്ഥരുടെയും ജീവനക്കാരുടെയും പ്രതിനിധികളെ യോഗത്തില്‍ വിളിച്ച് അവരുടെ പ്രശ്നങ്ങളും യോഗത്തില്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കാത്ത അധികാരികളുടെ നയത്തില്‍ പ്രതിഷേധിച്ചാണ് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്താന്‍ തയാറാകാതിരുന്നത്.
കോഴിക്കോട് കുറ്റ്യാടി റൂട്ടില്‍ സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താന്‍ സാധിക്കാത്ത അവസ്ഥയാണെന്നും ഭീമമായ തുക റോഡ് ടാക്‌സസും ഇന്‍ഷുറന്‍സും അടച്ച് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ഉടമകള്‍ക്ക് ഇത് താങ്ങാന്‍ പറ്റുന്നില്ല എന്നും ഭൂരിഭാഗം വിദ്യാര്‍ഥികളും സാധാരണ ജനങ്ങളും ആശ്രയിക്കുന്നത് സ്വകാര്യ ബസുകളെയാണെന്നും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ പ്രതിനിധികള്‍ പറഞ്ഞു.

അപകടങ്ങള്‍ മനഃപൂര്‍വം ഉണ്ടാക്കുന്നതല്ലെന്നും ഗതാഗതക്കുരുക്ക് കൊണ്ടും കെഎസ്ആര്‍ടിസി യഥേഷ്ടം സമയനിഷ്ഠ പാലിക്കാതെ സര്‍വീസ് നടത്തുന്നതു കൊണ്ടും സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്താന്‍ ബുദ്ധിമുട്ടുകയാണെന്നും അവര്‍ പറഞ്ഞു. പ്രശ്നപരിഹാരത്തിന് 22ന് ചര്‍ച്ച നടത്താന്‍ വിളിച്ചെങ്കിലും നടന്നില്ല. 23ന് നടന്ന യോഗത്തില്‍ തങ്ങളെ വിളിച്ചില്ല. ഈ സാഹചര്യത്തില്‍ സ്വകാര്യ ബസുകള്‍ ഓടിക്കാന്‍ ആവശ്യമായ നടപടികള്‍ ജില്ലാ ഭരണ കൂടത്തില്‍ നിന്ന് ഉണ്ടാകണമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
പ്രസിഡന്റ് കെ.ടി. വാസുദേവന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.കെ. ബീരാന്‍ കോയ, എം.എസ്. സജു, ഇ. റിനീഷ്, ടി.വി. ബാബു, കെ.കെ. മനോജ്, അബ്ദുല്‍ സത്താര്‍, പി. രഞ്ജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
Although the bus strike is over, the buses are not running at perambra