---
title: "യാത്രാദുരിതം; മുതുകാട്, ചെമ്പനോട പ്രദേശങ്ങളില്‍ നിന്നും കെഎസ്ആര്‍ടിസി സര്‍വീസ് വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കം "
english_title: "travel woes; The demand for KSRTC service from Mutukad and Chembanoda areas is years old"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/72073/travel-woes-the-demand-for-ksrtc-service-from-mutukad-and-chembanoda-areas-is-years-old"
published_at: "2022-10-02T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63391f038ff1b_OBIT_CARD_JPG.JPG"
keywords: []
---

# യാത്രാദുരിതം; മുതുകാട്, ചെമ്പനോട പ്രദേശങ്ങളില്‍ നിന്നും കെഎസ്ആര്‍ടിസി സര്‍വീസ് വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കം 

> **Lead Summary:** **പെരുവണ്ണാമൂഴി:** മലയോര മേഖലയായ മുതുകാട്, ചെമ്പനോട പ്രദേശങ്ങളില്‍ നിന്നും കോഴിക്കോടേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് വേണമെന്ന ആവശ്യം ശക്തമാകുന്നു. സാധാരണക്കാരായ നിരവധി ആളുകളാണ് ഈ പ്രദേശങ്ങളില്‍ താമസിക്കുന്നത്.

## Article Content

**പെരുവണ്ണാമൂഴി:** മലയോര മേഖലയായ മുതുകാട്, ചെമ്പനോട പ്രദേശങ്ങളില്‍ നിന്നും കോഴിക്കോടേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് വേണമെന്ന ആവശ്യം ശക്തമാകുന്നു. സാധാരണക്കാരായ നിരവധി ആളുകളാണ് ഈ പ്രദേശങ്ങളില്‍ താമസിക്കുന്നത്.

പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശവുമാണ് മുതുകാട്. പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികളും സ്ഥിതിചെയ്യുന്ന പ്രദേശമാണ് ഇവിടെ. ഇവിടെ നിന്നും കോഴിക്കോട് ഭാഗത്തേക്കും മെഡിക്കല്‍ കോളേജ് ഭാഗത്തേക്കും മറ്റും പോവാന്‍ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുകയാണ്.

നിരവധി വിദ്യാര്‍ത്ഥികളും ജോലി ആവശ്യം ദൂരെ പോകുന്നവരും കടുത്ത ദുരിതമാണ് അനുഭവിച്ചു കൊണ്ടിരിക്കുന്നത്. കിലോമീറ്ററുകളോളം നടന്ന് യാത്ര ചെയ്യുന്നവരുണ്ട്. പ്രായമായവരും അവശതയുള്ളവരുമാണ് കടുത്ത ദുരിതത്തിലാകുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാവിലെ കോഴിക്കോടേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് ഉണ്ടായിരുന്നു.

എന്നാല്‍ പിന്നീട് അത് നിലച്ചു. യാത്രക്കാര്‍ക്ക് ഏറെ ഉപകാരമായിരുന്ന ഈ സര്‍വ്വീസ് നിലച്ചതോടെ ജനങ്ങള്‍ വീണ്ടും ദുരിതത്തിലായി. പിന്നീട് ബസ്സ് സര്‍വ്വീസ് വേണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഫലം കണ്ടില്ല.

ഈ ഒരു അവസരത്തിലാണ് രാവിലെ മുതുകാട് നിന്നും കോഴിക്കോട്ടേക്കും തിരികെ വൈകിട്ടും പുതിയ ഒരു കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നടത്തുന്നതിന് നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് വാര്‍ഡ് മെംബര്‍ രാജേഷ് തറവട്ടത്തിന്റെ നേതൃത്വത്തില്‍ പരാതി കൊടുത്തിരിക്കുന്നത്. കെഎസ്ആര്‍ടിസി എംഡിക്കും തൊാട്ടില്‍പ്പാലം ഡിപ്പോയിലുമാണ് പരാതി നല്‍കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/72073/travel-woes-the-demand-for-ksrtc-service-from-mutukad-and-chembanoda-areas-is-years-old)