---
title: "ഉപഗ്രഹമാപ്പിങ്ങിനെതിരെ ശക്തമായ പ്രതിഷേധം "
english_title: "Strong protests against satellite mapping"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/85445/strong-protests-against-satellite-mapping"
published_at: "2022-12-15T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639b32c2bc7a1_OBIT_CARD_JPG.JPG"
keywords: []
---

# ഉപഗ്രഹമാപ്പിങ്ങിനെതിരെ ശക്തമായ പ്രതിഷേധം 

> **Lead Summary:** **ചക്കിട്ടപാറ: **മലബാര്‍ വന്യജീവി സങ്കേതത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണായി പ്രഖ്യാപിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന ഗവണ്‍മെന്റ് കഴിഞ്ഞ ദിവസം പുറത്തുവിട്ട ഉപഗ്രഹ മാപ്പിങ്ങിനെതിരെ ശക്തമായ പ്രതിഷേധം.

## Article Content

**ചക്കിട്ടപാറ: **മലബാര്‍ വന്യജീവി സങ്കേതത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണായി പ്രഖ്യാപിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന ഗവണ്‍മെന്റ് കഴിഞ്ഞ ദിവസം പുറത്തുവിട്ട ഉപഗ്രഹ മാപ്പിങ്ങിനെതിരെ ശക്തമായ പ്രതിഷേധം.

ഉപഗ്രഹ സര്‍വേയിലെ അപാകതകള്‍ക്കെതിരെയും, ബഫര്‍ സോണ്‍ വനമേഖലക്കുള്ളില്‍ തന്നെ പരിമിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ചെമ്പനോട മേഖലയിലെ കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, വ്യാപാരികള്‍ അടക്കമുള്ള നൂറുകണക്കിന് പ്രദേശവാസികള്‍ പ്രതിഷേധ സൂചകമായി ഒത്തുചേര്‍ന്നു.

ജനങ്ങള്‍ തിങ്ങി താമസിക്കുന്ന ചെമ്പനോട വില്ലേജിലെ ഭൂരിഭാഗം വീടുകളും വാണിജ്യ സ്ഥാപനങ്ങളും പൊതു സ്ഥാപനങ്ങളും ഒഴിവാക്കി കൊണ്ടുള്ള ഉപഗ്രഹമാപ്പിങ്ങിനെതിരെ ചെമ്പനോട പാരിഷ് ഹാളില്‍ യോഗത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നു.

പ്രതിഷേധ യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട പരാതികള്‍ സര്‍ക്കാരിന് സമര്‍പ്പിക്കാനും തുടര്‍ന്ന് സമരപരിപാടികളുമായി മുന്നോട്ടു പോകുവാനും യോഗം തീരുമാനിച്ചു. പ്രതിഷേധ യോഗത്തില്‍ ഫാദര്‍ ജോണ്‍സണ്‍ പാഴുക്കുന്നേല്‍ അധ്യക്ഷനായി.

ചക്കിട്ടപാറ പഞ്ചായത്ത് അംഗങ്ങളായ കെ.എ ജോസുകുട്ടി, ലൈസ ജോര്‍ജ്, വിവിധ സംഘടനാ നേതാക്കളായ രാജീവ് തോമസ്, മനോജ് കുംബ്ലാനിക്കല്‍, അനീഷ് പുത്തൂരിടത്തില്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/85445/strong-protests-against-satellite-mapping)